Site icon Janayugom Online

രാഹുലിനെ നാലാം ദിവസവും ഇഡി ചോദ്യം ചെയ്തു: ഇന്നും ഹാജരാകണം

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ നാലാം ദിവസവും ഇഡി ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിയോട് ഇഡി ആവശ്യപ്പെട്ടു.
ഇഡിക്കെതിരെ പ്രതിഷേധിച്ച എംപിമാരെ കൈകാര്യം ചെയ്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ പാരാതിയുമായി കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു.
ചോദ്യം ചെയ്യലിനെതിരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. ഇന്നലെ ജന്തര്‍ മന്ദിറിലായിരുന്നു പ്രതിഷേധം. ശക്തമായ പൊലീസ് ബന്തവസ്സിലായിരുന്നു പ്രതിഷേധം മുന്നേറിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം നടത്തിയ എംപിമാര്‍ അടക്കമുള്ളവരെ ഡല്‍ഹി പൊലീസ് കൈകാര്യം ചെയ്തതിനെതിരെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രതിനിധി സംഘം പരാതിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചത്. അഗ്നിപഥ് പിന്‍വലിക്കണമെന്ന വിഷയവും കൂടിക്കാഴ്ചയില്‍ സംഘം മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി, മുഖ്യമന്ത്രിമാരായ അശോക് ഗലോട്ട്, ഭൂപേഷ് ബഗേല്‍, പി ചിതംബരം, ജയ്‌റാം രമേഷ്, കെ സി വേണുഗോപാല്‍ തുടങ്ങിയവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ ആശുപത്രി വിട്ടു. ചോദ്യം ചെയ്യലിന് ഇ‍ഡി നോട്ടീസ് നല്‍കിയിരിക്കെയാണ് സോണിയ ഗാന്ധിക്ക് കോവിഡ് പിടിപെട്ടത്. സോണിയക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
Eng­lish sum­ma­ry; rahul gand­hi ques­tioned ed
You may also like this video;

Exit mobile version