Site icon Janayugom Online

അയോഗ്യതാ നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍

‌രാഹുൽ ഗാന്ധിയെ ലോക്‍സഭയിൽ നിന്ന് അയോഗ്യനാക്കി പ്രതികാര നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം അപമാനകരവും രാജ്യത്ത് നിലനിൽക്കുന്ന നിയമ സംവിധാനങ്ങളുടെ ലംഘനവുമാണ്. രാജ്യത്തെ ഒരു കീഴ്ക്കോടതിയുടെയും വിധികൾ അന്തിമമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ, വിധിക്കെതിരെ അപ്പീൽ പോകാനുള്ള സമയം അനുവദിച്ചിട്ടും അദ്ദേഹത്തിനെതിരെ എടുത്ത നടപടി ധാർമ്മിക ബോധത്തിന് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെതിരെ നടപടി സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളെ വിരട്ടാം എന്ന ബിജെപിയുടെ മോഹം ജനാധിപത്യത്തിൽ അപകടകരമായ പ്രവണതകൾ സൃഷ്ടിച്ചിരിക്കുന്നു. എല്ലാ കള്ളന്മാരുടെ പേരിലും മോഡി ഉണ്ട് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് മാനം നഷ്ടപ്പെട്ടതിന് കാരണമായത് എന്ന് ഗുജറാത്ത് കോടതി കണ്ടെത്തിയിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 500 അനുസരിച്ച് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയായ രണ്ട് വർഷം തടവുശിക്ഷയും കോടതി രാഹുൽ ഗാന്ധിക്ക് വിധിച്ചു. ഈ ശിക്ഷാതീരുമാനത്തിൽ ഉൾപ്പെടെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

സാധാരണ രാഷ്ട്രീയ പ്രസംഗങ്ങളിൽ വരുന്ന ഒരു പ്രയോഗമായി മാത്രം കാണേണ്ട പ്രസ്താവനയെ വലിയ അപരാധമായി ചിത്രീകരിച്ച് ശിക്ഷണനടപടി എടുത്ത കോടതി തീരുമാനം സുപ്രീംകോടതിയുടെ പല വിധിന്യായങ്ങൾക്കും എതിരാണ്. അദ്ദേഹത്തിന് മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുകയും ശിക്ഷാനടപടി മരവിപ്പിക്കുകയും ചെയ്തിരിയ്ക്കുന്നു എന്നതും പ്രസക്തമാണ്. ഈ വിഷയത്തിലെ ഭരണഘടനാപരമായ ചോദ്യം, അനുച്ഛേദം 102ഉം 103ഉം ആയി ബന്ധപ്പെട്ടതാണ്. അനുച്ഛേദം 102 അനുസരിച്ച് പാർലമെന്റ് കൊണ്ടുവരുന്ന ഒരു നിയമത്തിലൂടെ ഒരു പാർലമെന്റ് അംഗത്തെ അയോഗ്യനാക്കാൻ കഴിയും. റപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 1952 സെക്ഷൻ എട്ട് അനുസരിച്ച് രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ വിധിച്ചിട്ടുള്ള സാഹചര്യങ്ങളിൽ അയോഗ്യതയായി കാണാമെങ്കിലും, അയോഗ്യത നിലവിൽ വരുന്നത് വിധി വന്ന് മൂന്ന് മാസത്തിന് ശേഷവും മേൽക്കോടതിയിൽ അപ്പീലോ റിവിഷൻ പെറ്റീഷനോ കൊടുക്കാനുള്ള സമയപരിധി ഉണ്ടെങ്കിൽ അതിനുശേഷവും മാത്രമാണ് എന്ന് സെക്ഷൻ 8(4)ൽ പറഞ്ഞിട്ടുണ്ടായിരുന്നു. ലില്ലി തോമസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (2014) കേസിൽ സുപ്രീംകോടതി, പാർലമെന്റിന് സെക്ഷൻ 8(4) കൊണ്ടുവരാൻ അധികാരം ഇല്ല എന്ന് വിധിക്കുകയും സെക്ഷൻ 8(4) ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: പ്രതിരോധിക്കുന്നത് ഫാസിസത്തെ


അനുച്ഛേദം 102 അനുസരിച്ച് ഒരു പാർലമെന്റ് അംഗം അയോഗ്യനായാൽ അനുച്ഛേദം 101(3)(എ) അനുസരിച്ച് ആ സ്ഥാനം ഒഴിഞ്ഞുകിടക്കും എന്ന വ്യാഖ്യാനമാണ് കോടതി ഈ കേസിൽ നടത്തിയിട്ടുള്ളത്. ഈ വിധിയുടെ ദൂഷ്യവശം, കീഴ്ക്കോടതി തെറ്റായി എടുക്കുന്ന ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന ശിക്ഷാനടപടിയിലൂടെ ഒരു പാർലമെന്റ് അംഗത്തിന് അദ്ദേഹത്തിന്റെ സ്ഥാനം മറ്റ് പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുമുമ്പേ നഷ്ടപ്പെടുന്നുവെന്നതാണ്. അങ്ങനെ നഷ്ടപ്പെട്ടാൽ ഹൈക്കോടതിയിൽ അപ്പീൽ പോയി ശിക്ഷ മരവിപ്പിക്കുന്നതുവരെ എംപി സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമാണ് ലില്ലി തോമസിന്റെ വിധിയിലൂടെ ഉണ്ടായത്. മേൽക്കോടതി ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചാൽ അയോഗ്യത പ്രാബല്യത്തിൽ ഉണ്ടാകില്ല എന്നത് ലോക് പ്രാഹരി വേഴ്സസ് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (2018) എന്ന വിധിയിലൂടെ സുപ്രീം കോടതി പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ കേസിൽ ശിക്ഷാനടപടി മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനം രാഷ്ട്രീയപ്രേരിതവും അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയുടെ അനുച്ഛേദം 103 അനുസരിച്ച് ഒരു പാർലമെന്റ് അംഗം അയോഗ്യനാണോ എന്ന് അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണ്. അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം ആരായാനുള്ള ഭരണഘടനപരമായ ഉത്തരവാദിത്തം രാഷ്ട്രപതിക്കുണ്ട്.

അതിനുശേഷം മാത്രമേ ഒരു ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുവാൻ കഴിയുകയുള്ളു. ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടി നേതാവ് അസംഖാന് സമാനമായ സാഹചര്യം നേരിടേണ്ടി വന്നപ്പോൾ സുപ്രീം കോടതിയാണ് രക്ഷക്കെത്തിയത്. ഈ വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വിഷയവും ഈ അവസരത്തിൽ പ്രസക്തമാണ്. ജനുവരി 11ന് 10 വർഷത്തെ തടവിന് ശിക്ഷാർഹനായ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ജനുവരി 13 ലോക്‌സഭ സ്പീക്കർ അയോഗ്യനാക്കിയിരുന്നു. മുഹമ്മദ് ഫൈസലിന്റെ ശിക്ഷാനടപടി നിർത്തിവയ്ക്കാൻ വിചാരണകോടതി തയ്യാറായില്ല എന്നതുകൊണ്ട് അദ്ദേഹത്തിന് കേരള ഹൈക്കോടതിയിൽ അപ്പീൽ നല്കേണ്ടി വന്നു. ജനുവരി 25ന് കേരള ഹൈക്കോടതി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാനടപടി മരവിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ അയോഗ്യത തുടര്‍ന്നു.


ഇതുകൂടി വായിക്കൂ:  ഇത് രാഹുലില്‍ അവസാനിക്കണം


തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയെ സമിപിച്ചപ്പോള്‍ മാത്രമാണ് തിടുക്കപ്പെട്ട് എംപി സ്ഥാനം തിരികെ അനുവദിച്ചത്. സ്പീക്കറുടെ ഇത്തരം തീരുമാനങ്ങളെ പ്രത്യേകമായി ചോദ്യം ചെയ്യേണ്ടതുണ്ട്. മേൽക്കോടതി ശിക്ഷാനടപടി മരവിപ്പിക്കുന്നതോടു കൂടി സ്പീക്കറുടെ നടപടി പിൻവലിക്കേണ്ടതുണ്ടോ അതോ സ്വയമേവ ഇല്ലാതായിതീരുമോ എന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത സുപ്രീം കോടതി വരുത്തേണ്ടിയിരിക്കുന്നു. കൂടാതെ നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ സ്പീക്കർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയും വേണം. കേരള ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിട്ടും മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം തിരിച്ചുകൊടുക്കാതിരുന്ന സ്പീക്കറുടെ നടപടിയും കീഴ്ക്കോടതി ശിക്ഷാനടപടി മരവിപ്പിച്ചിട്ടും തിടുക്കത്തിൽ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം എടുത്തുമാറ്റിയ നടപടിയും രാഷ്ട്രീയപ്രേരിതവും സ്വാഭാവിക നീതിക്ക് നിരക്കാത്തതും ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാഷ്ട്രീയ നീതിയുടെ നഗ്നമായ ലംഘനവുമാണ്.

Exit mobile version