Site iconSite icon Janayugom Online

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് രാഹുലില്ല

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും കെ എല്‍ രാഹുല്‍ പുറത്ത്. പരിക്ക് ഭേദമാകാത്തതാണ് തിരിച്ചടിയായത്. പകരം കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ടീമിലുൾപ്പെടുത്തി. പരിക്കിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ നിന്നു വിട്ടുനിന്ന രാഹുലിനെയും രവീന്ദ്ര ജഡേജയെയും അടുത്ത മൂന്ന് മത്സരങ്ങൾക്കുള്ള ടീമിൽ ബിസിസിഐ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കാൽമുട്ടിലെ പരിക്ക് രാഹുലിന് വിനയായി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് വിരാട് കോലിയും ഫോമിലല്ലാത്ത ശ്രേയസ് അയ്യരും മൂന്നാം ടെസ്റ്റ് കളിക്കാനില്ല. 

രാഹുല്‍ പിന്മാറിയതോടെ ജഡേജ മൂന്നാം ടെസ്റ്റിനിറങ്ങുമോയെന്ന് വ്യക്തമല്ല. ഹൈദരാബാദിലെ ആദ്യ ടെസ്റ്റിലാണ് രവീന്ദ്ര ജഡേജയ്ക്ക് ഹാംസ്ട്രിങ് പരിക്കേറ്റത്. ഇതിന് പിന്നാലെ ചികിത്സക്കായി താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദ‍മിയിലേക്ക് പോയി. കെ എല്‍ രാഹുല്‍ രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ കളിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പക്ഷേ രവീന്ദ്ര ജഡേജയുടെ കാര്യം പറയുന്നില്ല. ജഡേജ രാജ്കോട്ടില്‍ കളിക്കാന്‍ സജ്ജമാണ് എന്നാണ് ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്. 

ആദ്യമായാണ് ദേവ്ദത്ത് പടിക്കലിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. ഇത്തവണത്തെ രഞ്ജി സീസണിൽ മൂന്ന് സെഞ്ചുറികളുമായി ദേവ്‌ദത്ത് ഫോം തെളിയിച്ചിരുന്നു. 15ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനു പകരം അരങ്ങേറ്റക്കാരൻ ധ്രുവ് ജുറെലിനും അവസരം നൽകിയേക്കും. ഇംഗ്ലണ്ട് ടീമും ഇന്നലെ രാജ്‌കോട്ടിലെത്തി.

Eng­lish Summary:Rahul is out for the third Test against England
You may also like this video

Exit mobile version