കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ എത്തിചേർന്ന റെയിൽവേ പാസഞ്ചർ സർവ്വീസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്രരത്തന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിവേദനം നൽകി
പാസഞ്ചർ സർവ്വീസുകളും മെമു സർവ്വീസുകളും ഉടൻ പുനഃരാരംഭിക്കുക, മുതിർന്ന യാത്രക്കാരുടെയും അംഗ പരിമിതരുടെയും യാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പാർക്കിംഗ് സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുക, എല്ലാ കൗണ്ടറുകളിലും സ്വയിപ്പിംഗ് മെഷീൻ സംവിധാനം സ്ഥാപിക്കുക, ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുക, സ്ത്രീ യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുക, തുടങ്ങിയവയാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാ പ്രസിഡന്റ് ടി പി ദീപു ലാൽ, ജെ ഗോപകുമാർ, കുരുവിള ജോസഫ്, സന്തോഷ് രാജേന്ദ്രൻ, കിരൺ മുരളി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.