സംസ്ഥാനത്തെ റയില്‍വേ വികസനം വേഗത്തിലാക്കണമെന്നും കേരളത്തിന് അര്‍ഹതപ്പെട്ട വികസനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ കേന്ദ്ര റയില്‍വേ സഹമന്ത്രിയ്ക്ക് നിവേദനം നല്‍കി.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരാണ് നേരിട്ട് ഡല്‍ഹിയിലെത്തി കേന്ദ്ര റെയില്‍വേ സഹമന്ത്രി ദർശന ജർദോഷിനെ കണ്ട് നിവേദനം നല്‍കിയത്.
നേമം റെയില്‍വേ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കുക, കൊച്ചുവേളി ടെര്‍മിനല്‍ വികസം വേഗത്തിലാക്കുക, തിരുവനന്തപുരം — ചെങ്കോട്ട റയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്ന പശ്ചാത്തലത്തില്‍ നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, തെന്‍മല എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന തിരുവനന്തപുരം — ചെങ്കോട്ട റെയില്‍വേ ലൈനിന് വലിയ പ്രസക്തി ഉണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചു.
സംസ്ഥാനത്തെ റയിൽ ഗതാഗത വികസനത്തിന് അനിവാര്യമായ ഒരു പദ്ധതിയാണ് നേമം കോച്ചിങ് ടെർമിനലെന്നും പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തലസ്ഥാന നഗരിക്കും കേരള സംസ്ഥാനത്തിനും മൊത്തത്തിൽ തിരിച്ചടിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
മന്ത്രി ജി ആര്‍ അനില്‍ ഇന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തിന്റെ പൊതുവിതരണ രംഗം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തിന്റെ ഭക്ഷ്യ ധാന്യ വിഹിതത്തില്‍ അടുത്തകാലത്തായി ഉണ്ടാകുന്ന വെട്ടിക്കുറവ് സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കേന്ദ്ര മന്ത്രിയെ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിക്കും.
English summary;Railway development should be faster
You may also like this video;