Site iconSite icon Janayugom Online

മഴ വിളയാട്ടം; ഗാബയില്‍ ആദ്യദിനം നഷ്ടം

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി മഴയുടെ കളി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലെ ഗാബയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യദിവസത്തെ കളി മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 13.2 ഓവര്‍ എറിയുമ്പോഴേക്കും കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തി വയ്ക്കുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമാകാതെ 28 റണ്‍സെടുത്തു. 47 ബോളില്‍ 19 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും 33 ബോളില്‍ നാല് റണ്‍സെടുത്ത നതാന്‍ മക്സ്വീനിയുമാണ് ക്രീസിലുള്ളത്. പിന്നീടും കനത്ത മഴ തുടര്‍ന്നതോടെ ആദ്യദിനം കളി അവസാനിപ്പിക്കുകായിരുന്നു. നിലവിൽ രണ്ട് സെഷനുകൾ പൂര്‍ണമായി നഷ്ടമായി. മത്സരം ഫലമില്ലാതെ അവസാനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

കഴിഞ്ഞ കളികളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപും ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. ഓസീസ് നിരയില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തി. ഹെയ്‌സല്‍വുഡിന്റെ പകരക്കാരനായി രണ്ടാം ടെസ്റ്റ് കളിച്ച സ്‌കോട്ട് ബോളണ്ടിനെ അന്തിമ ഇലവനില്‍ നിന്നു ഒഴിവാക്കി. ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന മോഹത്തിന് കനത്ത തിരിച്ചടിയായി മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് സൂചന. ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് സമനിലയിലാണ്. ഇന്ത്യ പെര്‍ത്തില്‍ ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ ഓസീസ് ശക്തമായി തിരിച്ചുവന്നു. മൂന്നാം മത്സരം സമനിലയിലായാല്‍ അത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന് കടമ്പ കടക്കാനുള്ള ഇന്ത്യന്‍ സാധ്യതകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് വരുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കേണ്ടത് അനിവാര്യമായിരുന്നു. 

നിലവിൽ 57.29 പോയിന്റ് ശതമാനവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഗാബയില്‍ സമനിലയായാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 55.88 ആയി കുറയ്ക്കും. ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം 58.89 ആയി ഉയരും. ദക്ഷിണാഫ്രിക്ക 63.33 പോയിന്റ് ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യും. എന്നാല്‍ ഇന്ത്യന്‍ സാധ്യത പൂര്‍ണമായും അടയില്ല. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ഫൈനലിലെത്താന്‍ സാധിക്കും. ദക്ഷിണാഫ്രിക്ക ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യക്ക് ഫൈനലിലെത്താനാവും. ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ സമനില നേടുകയും ഒരു ജയം നേടുകയും ചെയ്താല്‍ 2–1ന് പരമ്പര നേടാന്‍ സാധിക്കും. എന്നാല്‍ നേരിട്ട് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാകില്ല. ഇതിനായി ശ്രീലങ്ക ഓസ്ട്രേലിയയെ ഒരു മത്സരത്തിലെങ്കിലും തോല്‍പ്പിക്കേണ്ടി വരും. മൂന്നാം മത്സരം സമനിലയാവുകയും ഓസ്ട്രേലിയ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ ഏതെങ്കിലും ഒരു മത്സരം ജയിക്കുകയും ചെയ്താല്‍ പരമ്പര 2–2 എന്ന നിലയിലാവും. ഇങ്ങനെ വന്നാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം കൂടുതല്‍ പ്രയാസത്തിലാകും. അത്തരമൊരു സാഹചര്യത്തില്‍ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാതെ വന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന സ്വപ്‌നം അവസാനിക്കും.

Exit mobile version