ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് നിര്‍ണായക തീരുമാനവുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ താനുണ്ടാവില്ലെന്നും ബാറ്ററായി മാത്രമാവും കളിക്കാനിറങ്ങുകയെന്നും രാജസ്ഥാന്‍ ടീം മീറ്റിംഗില്‍ സഞ്ജു പറഞ്ഞു. ബാറ്ററായി മാത്രമായിട്ടായിരിക്കും താന്‍ കളിക്കുകയെന്നും വിക്കറ്റ് കീപ്പറാവില്ലെന്നും പറഞ്ഞ സഞ്ജു തനിക്ക് പകരം റിയാന്‍ പരാഗ് ആദ്യ മൂന്ന് കളികളില്‍ രാജസ്ഥാനെ നയിക്കുമെന്നും വ്യക്തമാക്കി.
ടീമില്‍ നായകന്‍മാരാവാന്‍ യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുകയെന്നും പരാഗിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സഞ്ജു ടീം മീറ്റിംഗില്‍ വ്യക്തമാക്കി. സഞ്ജുവിന്‍റെ പ്രഖ്യാപനത്തെ കൈയടികളോടെയാണ് ടീം അംഗങ്ങള്‍ വരവേറ്റത്. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം.26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും 30ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുമാണ് രാജസ്ഥാന്‍റെ ആദ്യ മൂന്ന് മത്സരങ്ങള്‍.