Site iconSite icon Janayugom Online

രജത് ചരിതം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 32 പന്തില്‍ 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടിദാറാണ് ടോപ് സ്കോറര്‍.
മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒരു വശത്ത് വിരാട് കോലി കരുതലോടെ ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് ഫില്‍ സാള്‍ട്ട് തകര്‍ത്തടിച്ചു. സ്കോര്‍ 45ല്‍ നില്‍ക്കെ സാള്‍ട്ടിനെ ധോണി സ്റ്റമ്പ് ചെയ്തുപുറത്താക്കി. 16 പന്തില്‍ 32 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ സാള്‍ട്ട് നിര്‍ത്തിയടുത്ത് നിന്ന് തുടങ്ങി. സ്കോര്‍ വീണ്ടും വേഗത്തില്‍ ചലിച്ചു. എന്നാല്‍ ദേവ്ദത്തിനെ ആര്‍ അശ്വിന്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ കൈകളിലെത്തിച്ചു. 14 പന്തില്‍ 27 റണ്‍സെടുത്താണ് ദേവ്ദത്ത് മടങ്ങിയത്. 

പിന്നീടെത്തിയ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ കോലിക്കൊപ്പം ചേര്‍ന്ന് സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 117ല്‍ നില്‍ക്കെ കോലി മടങ്ങി. വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കോലിക്ക് സാധിച്ചില്ല. 30 പന്തില്‍ 31 റണ്‍സെടുത്ത കോലിയെ നൂര്‍ അഹമ്മദ്, രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിക്കുകയായിരുന്നു. ലിയാം ലിവിങ്സ്റ്റണ്‍ ക്രിസീലെത്തിയെങ്കിലും റണ്‍സുയര്‍ത്താനായില്ല. ഒമ്പത് പന്തില്‍ 10 റണ്‍സെടുത്തു ലിവിങ്സ്റ്റണെ നൂര്‍ അഹമ്മദ് ബൗള്‍ഡാക്കി. ജിതേഷ് ശര്‍മ്മയെ കൂട്ടുപിടിച്ച് രജത് സ്കോര്‍ മുന്നോട്ടു ചലിപ്പിച്ചു. താരം 30 പന്തില്‍ അര്‍ധസെഞ്ചുറി നേടി. ജിതേഷ് ആറ് പന്തില്‍ 12 റണ്‍സെടുത്ത് മടങ്ങി. ഖലീലിന്റെ പന്തില്‍ രവീന്ദ്ര ജഡേജ ക്യാച്ചെടുക്കുകയായിരുന്നു. അധികം വൈകാതെ രജത് പാട്ടിദാറും മടങ്ങി. ഇതോടെ വമ്പന്‍ സ്കോറിലേക്ക് കുതിച്ച ബംഗളൂരുവിന്റെ സ്കോര്‍ വേഗത കുറഞ്ഞു. ക്രുണാല്‍ പാണ്ഡ്യ നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ പൂജ്യനായി മടങ്ങി. അവസാന ഓവറില്‍ ടിം ഡേവിഡിന്റെ പോരാട്ടമാണ് സ്കോര്‍ 196ലെത്തിച്ചത്. ഡേവിഡ് എട്ട് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മതീഷ് പതിരണ രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

Exit mobile version