Site iconSite icon Janayugom Online

രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് മൂന്ന് അംഗങ്ങള്‍ നഷ്ടം

57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ബിജെപിക്ക് മൂന്ന് അംഗങ്ങള്‍ നഷ്ടം. അതേസമയം കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ഉയര്‍ത്താന്‍ സാധിച്ചു. രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 95ൽ നിന്ന് 92 ആയി കുറഞ്ഞപ്പോൾ കോൺഗ്രസിന്റെ അംഗസംഖ്യ 29ൽ നിന്ന് 31 ആയി ഉയർന്നു. വിരമിക്കുന്ന എംപിമാരില്‍ ബിജെപിയുടെ 25 പേരും കോൺഗ്രസിന്റെ ഏഴുപേരും ഉള്‍പ്പെടുന്നുണ്ട്. രാജസ്ഥാനില്‍ കുതിരക്കച്ചവടം നടത്തിയിട്ടും ബിജെപി ഒരു സീറ്റില്‍ ഒതുങ്ങിയിരുന്നു. ഇവിടെ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ നേടാനായിരുന്നു. അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അജയ് മാക്കനെ വെട്ടി മാധ്യമഭീമന്‍ കാര്‍ത്തികേയ ശര്‍മ്മയെ വിജയിപ്പിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. 

ആംആദ്മി പാര്‍ട്ടിയാണ് അംഗബലത്തില്‍ വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. നിലവില്‍ ഉപരിസഭയില്‍ എഎപിക്ക് 10 എംപിമാരുണ്ട്. ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് മൂന്ന് സീറ്റുകൾ കൂടി നേടി. ഇപ്പോൾ ഒമ്പത് അംഗങ്ങളുണ്ട്. എല്ലാ എംപിമാരും വിരമിച്ചതിനാൽ പഞ്ചാബിലെ പ്രധാനപാര്‍ട്ടികളിലൊന്നായിരുന്ന ശിരോമണി അകാലിദളിന് സഭയിൽ പ്രാതിനിധ്യം നഷ്ടമായി.
ഡിഎംകെ, ബിജെഡി, ടിആർഎസ്, ജെഡിയു, എൻസിപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്ക് സഭയില്‍ തങ്ങളുടെ ശക്തി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഡിഎംകെയ്ക്ക് 10, ബിജെഡിക്ക് ഒമ്പത്, ടിആർഎസിന് ഏഴ്, ജെഡിയുവിന് അഞ്ച്, എൻസിപിക്ക് നാല്, ശിവസേനയ്ക്ക് മൂന്ന് എന്നിങ്ങനെയാണ് നിലവിലെ അംഗസംഖ്യ. മഹാരാഷ്ട്രയില്‍ ബിജെപിക്കാണ് നേട്ടമുണ്ടാക്കാനായത്. ഇവിടെ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായ സഞ്ജയ് പവാര്‍ പരാജയപ്പെടുകയായിരുന്നു. മൂന്ന് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവര്‍ ഓരോ സീറ്റുകള്‍ നേടി. 

ടിഎംസിക്ക് 13 പേരാണ് രാജ്യസഭയിലെ അംഗങ്ങള്‍. സിപിഐഎമ്മിന് അഞ്ചുപേരും സിപിഐക്ക് രണ്ട് അംഗങ്ങളുമുണ്ട്. എഐഎഡിഎംകെ നാല് സീറ്റിലേക്ക് ഒതുങ്ങി. സമാജ് വാദി പാര്‍ട്ടിക്ക് നിലവില്‍ മൂന്ന് രാജ്യസഭാ എംപിമാരുണ്ട്. കൂടാതെ എസ്‌പി പിന്തുണയോടെയാണ് കപിൽ സിബല്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആർജെഡിക്ക് ആറ് അംഗങ്ങളാണ് സഭയിലുള്ളത്. മൂന്ന് എംപിമാരുണ്ടായിരുന്ന ബിഎസ്‌പി ഇപ്പോൾ ഒരാളായി ചുരുങ്ങി. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്ക് രണ്ട് എംപിമാരുണ്ട്. 

Eng­lish Sum­ma­ry: Rajya Sab­ha polls: BJP los­es three seats

You may like this video also

Exit mobile version