Site icon Janayugom Online

രമാദേവി കൊലക്കേസ്; 17 വർഷത്തിനു ശേഷം പ്രതി അറസ്റ്റില്‍, 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2. മുതലപ്പൊഴിയിൽ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് റോബിൻ എഡ്വിനെയാണ്. അപകടത്തില്‍പ്പെട്ട പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍ മരിച്ചിരുന്നു.

3. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ യുജിസി ചൂണ്ടിക്കാട്ടി.

4. കോഴഞ്ചേരിയെ നടുക്കിയെ രമാദേവി കൊലക്കേസിൽ 17 വർഷത്തിനു ശേഷം വൻ‌ വഴിത്തിരിവ്. രമാദേവിയുടെ ഭർത്താവ് സി.ആർ. ജനാർദ്ദനൻ നായരെയാണ് ക്രൈം ബ്രാഞ്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. രമാദേവിയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ മുടിയിഴകളാണ് അവസാനം യഥാർഥ പ്രതിയിലേക്ക് വിരൽ ചൂണ്ടിയത്. 2006 മേയ് 26നാണ് രമാദേവിയെ വീട്ടിലെ ഊണുമുറിക്കരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

5. മണിപ്പുർ സന്ദർശിച്ച സിപിഐ നേതാവ്‌ ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്‌തുതാന്വേഷണ സമിതിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്. നാഷണൽ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ വുമൺസ്‌ ജനറൽ സെക്രട്ടറി കൂടിയായ ആനി രാജയ്ക്ക് പുറമേ ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹിയിലെ പ്രമുഖ അഭിഭാഷക ദീക്ഷ ദ്വിവേദി എന്നവർക്കെതിരെയാണ് കേസ്.

6. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്‌കെ മിശ്രയ്ക്ക് കാലാവധി നീട്ടിനല്‍കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മിശ്രയുടെ കാലാവധി വീണ്ടും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. അതേസമയം മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാന്‍ കോടതി അനുമതി നല്‍കി. മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി, കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്.

7. കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ മരണം 80 ആയി. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ പലയിടത്തും ഈ മാസം എട്ട് മുതൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. സംസ്ഥാനങ്ങളിൽ വരും ദിവസവും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ നിർദേശം. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

8. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വൻ വര്‍ധന. ഈ വര്‍ഷം 190 ദിവസത്തിനിടെ 400 അതിക്രമങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കണക്കുകള്‍ പുറത്തുവിട്ടു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 274 ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു. രാജ്യത്ത് 23 സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

9. ഹോസ്റ്റൽ പരിശോധനക്കിടെ പ്രായപൂർത്തിയാകാത്ത ഗോത്രവർഗ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ജാബുവ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് സംഭവം. എസ്‌ഡിഎം സുനിൽ കുമാർ ഝാ എന്നയാള്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായും സസ്പെൻഡ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

10. അഞ്ച് വിദേശികളുൾപ്പെടെ 6 പേർ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ തകര്‍ന്നുവീണു 5 മരണം. ചൊവ്വാഴ്ച രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9N-AMV ഹെലികോപ്റ്റർ ആണ് തകര്‍ന്നുവീണത്. സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ അപ്രത്യക്ഷമാവുകയായിരുന്നു. ഭകഞ്ചെ ഗ്രാമത്തിലെ ലംജുരയിലെ ചിഹന്ദണ്ടയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

Exit mobile version