Site iconSite icon Janayugom Online

രൺവീർ സിംഗിന്റെ ബോക്സ് ഓഫീസ് വേട്ട; 500 കോടി കടന്ന് ‘ധുരന്ധർ’

രൺവീർ സിംഗ് നായകനായ ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ധർ’ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നു. റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളിൽ ചിത്രം 500 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ‘പുഷ്പ 2’വിന് ശേഷം ഏറ്റവും വേഗത്തിൽ 500 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമെന്ന നേട്ടവും ഇതോടെ ധുരന്ധർ സ്വന്തമാക്കി.

രൺബീർ കപൂറിന്റെ ഹിറ്റ് ചിത്രം ‘അനിമലിന്റെ’ (502.98 കോടി) ലൈഫ് ടൈം കളക്ഷനെ മറികടന്ന ധുരന്ധർ, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആറാമത്തെ ബോളിവുഡ് ചിത്രമായി മാറി. നിലവിൽ 516.50 കോടി രൂപയാണ് ചിത്രത്തിന്റെ ആഭ്യന്തര വരുമാനം. ഞായറാഴ്ചയോടെ ഷാരൂഖ് ഖാന്റെ ‘പഠാനെ’ മറികടന്ന് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താനാണ് ചിത്രം ലക്ഷ്യമിടുന്നത്. 16 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 780 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര അവധി കഴിയുന്നതോടെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം മൂന്നാം വാരത്തിലും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ശനിയാഴ്ച മാത്രം 33.5 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. വരും ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഒറിജിനൽ ഹിന്ദി ചിത്രമെന്ന പദവിയിലേക്ക് ധുരന്ധർ എത്തിയേക്കുമെന്നും സൂചനയുണ്ട്.

Exit mobile version