തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ നടൻ വിശാൽ അടുത്തിടെ പുറത്തിറങ്ങിയ ‘മധ ഗജ രാജ’ എന്ന ചിത്രത്തിലൂടെ വൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നേടിയതിന് പിന്നാലെ പുതിയ ചിത്രവുമായി എത്തുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ‘മധ ഗജ രാജ’യ്ക്ക് ശേഷം തന്‍റെ 35-ാം ചിത്രവുമായാണ് താരത്തിന്‍റെ വരവ്. തമിഴിലെ ശ്രദ്ധേയ പ്രൊഡക്ഷൻ ബാനറായ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ മുതിർന്ന നിർമ്മാതാവ് ആർ.ബി. ചൗധരി നിർമ്മിക്കുന്നതാണ് ചിത്രം.
1990‑ൽ പുതു വസന്തം എന്ന ചിത്രത്തിലൂടെയാണ് ശ്രീ ആർ ബി ചൗധരി സൂപ്പർ ഗുഡ് ഫിലിംസിന് തുടക്കമിട്ടത്. അതിനുശേഷം, നിരവധി വിജയകരമായ ചിത്രങ്ങൾ ഈ ബാനർ പുറത്തിറക്കുകയും നിരവധി പുതിയ സംവിധായകരെ തമിഴ് സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന 99-ാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
രവി അരസു സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ശ്രദ്ധേയ ഛായാഗ്രാഹകൻ റിച്ചാർഡ് എം. നാഥൻ ആണ്. നടൻ വിശാലും സംവിധായകൻ രവി അരസുവും ഒരുമിക്കുന്ന ആദ്യ സിനിമയുമാണിത്. മധ ഗജ രാജയുടെ ഗംഭീര വിജയത്തിന് ശേഷം വിശാൽ വീണ്ടും ഛായാഗ്രാഹകൻ റിച്ചാർഡ് എം. നാഥനുമായി ഒന്നിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വിശാലിന്‍റെ നായികയായി നടി ദുഷാര വിജയനാണ് എത്തുന്നത്. തമ്പി രാമയ്യ, അർജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മറ്റ് സഹകഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉടൻ പുറത്തുവിടും എന്നാണ് അറിയുന്നത്.
ചിത്രത്തിന്‍റെ പൂജ ചടങ്ങ് ചെന്നൈയിൽ ആഘോഷപൂർവ്വം ഇന്ന് നടന്നു. നടന്മാരായ കാർത്തി, ജീവ എന്നിവരും സംവിധായകരായ വെട്രിമാരൻ, ശരവണ സുബ്ബയ്യ (സിറ്റിസൺ), മണിമാരൻ (NH4), വെങ്കട്ട് മോഹൻ (അയോഗ്യ), ശരവണൻ (എങ്കെയും എപ്പോതും), ഛായാഗ്രാഹകൻ ആർതർ എ വിൽസൺ, ഡിസ്ട്രിബ്യൂട്ടർ തിരുപ്പൂർ സുബ്രഹ്മണ്യം തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് സിനിമയ്ക്ക് ആശംസകൾ നേർന്നു. ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വിശാലും സൂപ്പർ ഗുഡ് ഫിലിംസും ഒരുമിക്കുന്ന ചിത്രം ആരാധകരിലും സിനിമാ പ്രേമികളിലും വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്.
എഡിറ്റിംഗ് എൻ.ബി. ശ്രീകാന്തും കലാസംവിധാനം ജി ദുരൈരാജും നിർവ്വഹിക്കും. വൻ വിജയമായ മാർക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം, സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ വീണ്ടും വിശാലുമായി ഒരുമിക്കുന്ന സിനിമയുമാണിത്. കോസ്റ്റ്യൂം ഡിസൈനർ വാസുകി ഭാസ്കർ, പിആർഒ റിയാസ് കെ അഹമ്മദ്, പരസ് റിയാസ്, ആതിര ദിൽജിത്ത്.

