Site iconSite icon Janayugom Online

പലിശനിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും

റിപ്പോ നിരക്ക് വർധിപ്പിക്കാതെ ആർബിഐ. പണനയ സമിതി ഐക്യകണ്ഠ്യേന നിരക്ക് വര്‍ധന തല്‍ക്കാലം വേണ്ടെന്ന തീരുമാനമെടുത്തതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും. നിരക്കില്‍ 25 ബിപിഎസിന്റെ വര്‍ധന പ്രഖ്യാപിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ തെറ്റിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ആര്‍ബിഐയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. എംപിസിയുടെ ഭാവി യോഗങ്ങളിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ നിഗമനം 6.5 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

6.4 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തേ ആര്‍ബിഐ പ്രവചിച്ചിരുന്നത്. 2022 മേയിലാണ് നിരക്ക് വർധനവിന് ആർബിഐ തുടക്കമിട്ടത്. കഴിഞ്ഞ 11 മാസത്തിനുള്ളിൽ ആർബിഐയുടെ എംപിസി റിപ്പോ നിരക്ക് 250 ബിപിഎസ് ഉയർത്തിയിരുന്നു. ഫിക്‌സഡ് റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 4.50 ശതമാനമായും മാറ്റമില്ലാതെ തുടരും. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (എസ്ഡിഎഫ്ആര്‍) 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി റേറ്റ് (എംഎസ്എഫ് റേറ്റ്) 6.75 ശതമാനത്തിലും സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) 18 ശതമാനത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: RBI keeps repo rate unchanged at 6.5%
You may also like this video

Exit mobile version