Site iconSite icon Janayugom Online

കണക്ക് വീട്ടി ആര്‍സിബി

കണക്കുകള്‍ ഒന്നും ബാക്കി വയ്ക്കാതെയാണ് ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കുതിപ്പ്. സ്വന്തം മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതിന്റെ ക്ഷീണം അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ തീര്‍ത്തു. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് വിജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം ഉൾപ്പെടെ 14 പോയിന്റാണ് നിലവില്‍ ആര്‍സിബിക്കുള്ളത്. പ്ലേ ഓഫിനടുത്താണ് ആര്‍സിബി. അടുത്ത മത്സരത്തിലെ വിജയത്തോടെ ആര്‍സിബി ഏകദേശം പ്ലേ ഓഫ് ഉറപ്പിക്കും.
ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകളാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. ഡല്‍ഹിക്കെതിരായ വിജയത്തോടെ ആര്‍സിബി ആറാം എവേ വിജയമാണ് സ്വന്തമാക്കിയത്. 

ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ 163 റണ്‍സ് വിജയലക്ഷ്യമായിറങ്ങിയ ആര്‍സിബിക്ക് 26 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളും വീണു. ഓപ്പണര്‍ ജേക്കബ് ബേത്തല്‍ (6 പന്തില്‍ 12), ദേവ്ദത്ത് പടിക്കല്‍ (2 പന്തില്‍ 0), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (6 പന്തില്‍ 6) എന്നിവരെയാണ് നഷ്ടമായത്. എന്നാല്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ക്രുണാല്‍ പാണ്ഡ്യയും വിരാട് കോലിയും പിച്ചിനനുസരിച്ച് സൂക്ഷ്മതയോടെ ബാറ്റ് ചെയ്തു. ഇരുവരും 119 റണ്‍സ് കൂട്ടിചേര്‍ത്തു. കോലി 18-ാം ഓവറില്‍ മടങ്ങിയെങ്കിലും ക്രുണാല്‍-ടിം ഡേവിഡ് (5 പന്തില്‍ 19) സഖ്യം ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. 47 പന്തിൽ 73 റണ്‍സുമായി പുറത്താകാതെ നിന്ന ക്രുണാലാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. കോലി 47 പന്തിൽ 51 റണ്‍സെടുത്തു. നേരത്തെ ബംഗളൂരുവിനെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ച ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുലിന്റെ ആഘോഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാറ്റുകൊണ്ട് വട്ടം വരച്ച ശേഷം ഇത് എന്റെ ഗ്രൗണ്ടാണ് എന്ന രീതിയിലായിരുന്നു രാഹുലിന്റെ ആഘോഷം. ഇതിന് ആര്‍സിബി മറുപടി നല്‍കണമെന്ന ആവേശത്തോടെയാണ് ആരാധകരും കാത്തിരുന്നത്. ഒടുവില്‍ ആര്‍സിബി ആരാധകര്‍ കാത്തിരുന്ന പോലെ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ തോല്പിച്ച് കണക്ക് തീര്‍ക്കാനും ആര്‍സിബിക്കായി.

Exit mobile version