Site iconSite icon Janayugom Online

ഹര്‍മന്‍പ്രീതിന് റെക്കോഡ്

കാര്യവട്ടത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ജയത്തോടെ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോ‍ഡാണ് ഹര്‍മന്‍പ്രീതിനെ തേടിയെത്തിയത്. ഹര്‍മന്‍പ്രീതിന് കീഴില്‍ ഇന്ത്യയുടെ 77-ാം ജയമായിരുന്നു ഇത്. 130 മത്സരങ്ങളിലാണ് ഹര്‍മന്‍പ്രീത് 77 ജയം സ്വന്തമാക്കിയത്. 100 കളിയില്‍ 76ലും ഓസീസിനെ ജയിപ്പിച്ച മെഗ് ലാനിങ്ങിന്റെ റെക്കോഡാണ് ഹര്‍മന്‍പ്രീത് തകര്‍ത്തത്. മൂന്നാം ടി20യില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്ന് ഷെഫാലി വര്‍മായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ നാല് വിക്കറ്റ് നേടിയ രേണുക സിങ്, മൂന്ന് പേരെ പുറത്താക്കിയ ദീപ്തി ശര്‍മ എന്നിവരാണ് തകര്‍ത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

നാലാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. കവിഷ ദില്‍ഹാരിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസിന് (9) തിളങ്ങാനായില്ല. കവിഷയുടെ തന്നെ പന്തില്‍ ബൗള്‍ഡായി. എന്നാല്‍ ഷെഫാലി — ഹര്‍മന്‍പ്രീത് കൗര്‍ (21) കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി കണ്ടെത്തിയ ഷെഫാലി മൂന്ന് സിക്സും 11 ഫോറും നേടി.

Exit mobile version