Site iconSite icon Janayugom Online

സോഷ്യല്‍ മീഡിയയില്‍ ലാല്‍ തരംഗം; കെസിഎല്‍ പരസ്യം 36 മണിക്കൂറിനുള്ളില്‍ കണ്ടത് 20 ലക്ഷം പേര്‍

ചില കൂടിച്ചേരലുകള്‍ ചരിത്രം സൃഷ്ടിക്കാനാണ്. ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗിന്റെ പരസ്യത്തിന് വേണ്ടി മലയാളത്തിന്റെ ഇതിഹാസ കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പിറന്നത് പുതിയ റെക്കോര്‍ഡുകള്‍. താരരാജാവ് മോഹന്‍ലാലും, സംവിധായകന്‍ ഷാജി കൈലാസും, നിര്‍മ്മാതാവ് സുരേഷ് കുമാറും ഒന്നിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരു ‘സിനിമാറ്റിക് സിക്‌സര്‍’ തന്നെയാണ്. ഇന്‍സ്റ്റഗ്രാമില്‍ റിലീസ് ചെയ്ത് വെറും 36 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷം കടന്നു. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറില്‍ തന്നെ 10 ലക്ഷം കാഴ്ചക്കാരെ നേടിയ പരസ്യം, അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇരട്ടിയോളം പേര്‍ കണ്ടതോടെയാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

പ്രശസ്ത സംവിധായകന്‍ ഗോപ്‌സ് ബെഞ്ച്മാര്‍ക്കിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങിയ പരസ്യം ക്രിക്കറ്റിന്റെ ആവേശവും സിനിമയുടെ ഗ്ലാമറും സമന്വയിപ്പിക്കുന്നതില്‍ നൂറുശതമാനം വിജയിച്ചു. സിനിമാ ലൊക്കേഷന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തില്‍ മോഹന്‍ലാലിന്റെ സ്വാഭാവിക അഭിനയവും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് പ്രധാന ആകര്‍ഷണം. വര്‍ഷങ്ങള്‍ക്ക് ശേഷം ‘ആറാം തമ്പുരാന്‍’ എന്ന എക്കാലത്തെയും വലിയ ഹിറ്റ് സിനിമയുടെ അണിയറശില്പികള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്നു എന്ന കൗതുകമാണ് പരസ്യത്തെ വൈറലാക്കിയത്. പരസ്യചിത്രം നേടിയ ഈ വമ്പന്‍ സ്വീകാര്യത വരാനിരിക്കുന്ന കെസിഎല്‍ മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിന്റെ ആവേശം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. കളിക്കളത്തിലെ തീപാറും പോരാട്ടങ്ങള്‍ക്ക് ഗംഭീരമായ ഒരു തുടക്കമാണ് പരസ്യം നല്‍കിയിരിക്കുന്നത്.

Exit mobile version