വക്കം ഖാദറിന്റെ 80-ാം രക്തസാക്ഷിത്വവാർഷികം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തവരെ തള്ളിപ്പറഞ്ഞവരും മഹാത്മാഗാന്ധിയുടെ മരണവിവരം അറിഞ്ഞ് പായസ വിതരണം നടത്തിയവരും ചരിത്രത്തെ വഴിതെറ്റിക്കുന്ന സാഹചര്യമാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐഎൻഎ ഭടന്മാർ ബ്രിട്ടീഷ് സൈന്യത്തെ മറികടന്ന് ആദ്യമായി പതാക ഉയർത്തിയ ഇംഫാലിലാണ് ഇന്ന് ആളുകൾ തമ്മിലടിച്ച് മരിക്കുന്നത്. സ്വാതന്ത്ര്യസമരം ശക്തമായി നടന്ന മണിപ്പുരിലെ ജനങ്ങളെ ഇന്നത്തെ അവസ്ഥയിലെത്തിച്ച രാഷ്ട്രീയ ശക്തികൾ ഗോഡ്സെയെ ന്യായീകരിക്കുകയും സ്വാതന്ത്ര്യസമര പോരാളികളെ അവമതിക്കുകയുമാണ്. കേരളത്തിൽ നിലനിൽക്കുന്ന മതനിരപേക്ഷതയും സാഹോദര്യവും ഒരു ശക്തിക്കും തകർക്കാനാകില്ലെന്നും പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് എം എം ഹസൻ അധ്യക്ഷതവഹിച്ചു. മുന്‍ സ്പീക്കര്‍ എം വിജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, ഇ എം നജീബ്, എം എസ് ഫൈസൽഖാൻ, ബി എസ് ബാലചന്ദ്രൻ, കായംകുളം യൂനുസ്, എം എം ഇക്‌ബാൽ, ഷൈലജ ബീഗം തുടങ്ങിയവർ സംസാരിച്ചു.
English Sammury: Remembered Vakkam Khader in Thiruvanthapuram Press Club Hall