Site iconSite icon Janayugom Online

പുത്തൂർ പാണ്ടറ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി

പുത്തൂർ പാണ്ടറ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമാലാൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വിദ്യ, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ കെ സി ഹരിലാൽ, ബി എസ് ഗോപകുമാർ, എസ് ശശികുമാർ, എൽ അമൽരാജ്, ജയ, സർവെയർ രാജ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി 31.40 ലക്ഷം രൂപ ഉപയോഗിച്ചാണ് ചിറ നവീകരിക്കുന്നത്. സോയിൽ കൺസർവേഷൻ ഓഫീസിനാണ് ചുമതല.
ഏറെക്കാലമായി നശിച്ച് ഉപയോഗശൂന്യമായ ചിറയിലെ വെള്ളം വറ്റിച്ച് ചെളി കോരിമാറ്റി വൃത്തിയാക്കും. തകർച്ചയിലായ സംരക്ഷണ ഭിത്തികൾ പുനർനിർമ്മിക്കും. കരവെള്ളം ചിറയിലേക്ക് ഇറങ്ങാത്തവിധം ഉയർത്തിക്കെട്ടും. നാല് വശങ്ങളിലും ടൈൽ പാകിയ നടപ്പാത ഒരുക്കും. അലങ്കാര കൗതുകങ്ങളും പൂച്ചെടികളും വച്ച് നാല് ചുറ്റും മനോഹരമാക്കും. ജി ഐ പൈപ്പുകൾ ഉപയോഗിച്ച് സംരക്ഷണ വേലി കെട്ടിത്തിരിക്കും. കുളിക്കടവ് നവീകരിക്കും. നീന്തൽക്കുളമായി മാറുന്ന വിധത്തിലാണ് നവീകരണം നടത്തുക. വൈകുന്നേരങ്ങളിൽ വിശ്രമിക്കാനും വിനോദങ്ങൾക്കുമുള്ള പാർക്കായി ചിറയുടെ പരിസരം മാറ്റുന്നവിധത്തിലാണ് പദ്ധതി. ചിറയിലെ വെള്ളം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കും. ലൈറ്റിംഗ് സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു.

Exit mobile version