സ്നേഹത്തിന് പോലും കടന്നെത്താൻ കഴിയാത്ത ഇടങ്ങളിൽ കരുതലും കാരുണ്യവും ദയാവായ്പും കൊണ്ട് നമുടെ ജീവന്റെ കാവലാളായി മാറുന്ന മാലാഘമാരാണ് നമ്മുടെ നഴ്‌സുമാർ. ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ജനിച്ചു വീഴുന്നത് നമ്മുടെ നഴ്സുമാരുടെ കൈകളിലേക്കാണ്. നമ്മുടെ ഓപറേഷൻ തീയ്യേറ്ററുകളിലും, ആശുപത്രിവാർഡുകളിലും, ഡയാലിസിസ് വാർഡുകളിലും നമ്മുടെ ജീവശ്വാസത്തിന് ഇരുപത്തിനാല് മണിക്കൂറും കൂട്ടായിരിക്കുന്നവർ … അതേ അവർക്കു നൽകാം ഒരു ബിഗ് സല്യൂട്ട്. കോവിസ് മഹാമാരികാലത്ത് കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ആശുപത്രി കട്ടിലിൽ തനിച്ചായി കിടന്നപ്പോൾ നന്മൾ അനുഭവിച്ചറിഞ്ഞതാണ് അവരുടെ സ്നേഹ വായ്പ്പ്. ലോക നഴ്സസ് (world nurses day) ദിനത്തെ ലോക ആതുരശുശ്രൂഷ ദിനമായി കൂടി അറിയപ്പെടുന്നു. ലോകത്തെ ആരോഗ്യ മേഖലയിലെ ഹെൽത്ത് കെയർ (Health care) പ്രഫഷണലുകളിൽ 59% പേരും നഴ്സുമാരാണ് എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ നിന്ന് തന്നെ ആരോഗ്യ സംരക്ഷണത്തിലും , രോഗീ പരിചരണത്തിലും , ആരോഗ്യ ബോധവത്കരണത്തിലും നഴ്സുമാരുടെ ആതുര ശ്രുശൂഷ രംഗത്തുള്ള പ്രാധാന്യം നമുക്ക് മനസ്സിലാക്കാം.
നമ്മുടെ രാജ്യത്ത് 30 ലക്ഷത്തോളം നഴ്സുമാർ സേവന നിരതായിട്ടുണ്ട്. ഇതിൽ 21 ലക്ഷത്തോളം പേർ രജിസ്ട് ടേസ് നഴ്സുമാരാണ്. കേരളത്തിലെ നഴ്സുമാർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജോലി ചെയ്യുന്നുണ്ട്. കേരളീയ നഴ്സുമാരുടെ ഉന്നതമായ വിദ്യാഭ്യാസവും , അർപ്പണ മനോഭവവും കഠിനാധ്വാനവും ഇവയെല്ലാമാണ് ലോകത്ത് വലിയ അംഗീകാരം നേടിയെടുക്കാൻ സഹായിക്കുന്നത്. ആധുനിക ആതുര സേവന രീതികൾക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്ളോറെൻസ് നെറ്റിംഗലിന്റെ (Florence nightingale) ജന്മദിനമായ മെയ് 12 ആണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. ആരോഗ്യ പ്രവർത്തനം എന്നത് കൂട്ടായ പ്രവർത്തനമാണ്. കോവിഡ് മഹാമാരിക്കാലത്ത് കഴിഞ്ഞ രണ്ട് വർഷക്കാലം പ്രതിരോധ പ്രവർത്തന രംഗത്ത് ഈ കൂട്ടായ പ്രവർത്തനം നാം കണ്ടതാണ്. മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടർമാർ, നഴ്സുമാര്‍, പാരാമെഡിക്കൽ വിഭാഗം ജീവനക്കാർ , ശുചീകരണ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സംഭാവന ലോകത്തിന് വളരെ പ്പെട്ടന്ന് വിസ്മരിക്കുവാൻ സാധിക്കില്ല. അതു കൊണ്ട് തന്നെ നന്ദി വാക്കുകൾക്കപ്പുറം അവരുടെ സേവന മികവിനെ ലോക ജനതയാകെ എന്നും കടപ്പെട്ടവരാണ്.
കോറോണ വൈറസി (corona Virus) ന് എതിരെയുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല എന്നതും ഈ വർഷത്തെ ആതുരശ്രുശൂഷാദിനത്തിൽ പ്രസക്തമാണ്. നഴ്സുമാർക്ക് മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും എന്നതാണ് ഈവർഷത്തെ നഴ്സസ് ദിനാഘോഷ സന്ദേശം. നമ്മുടെ ആരോഗ്യ പരിപാലനത്തിലും ആരോഗ്യ ശുചിത്വത്തിലും വലിയൊരളവിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ നഴ്സുമാർ കാണിച്ച ജാഗ്രതയോടെയുള്ള പ്രവർത്തനം അവരെ കോവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളിക്കളാക്കി മാറ്റി. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാന ഘടകമായി മാറിയത് രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനത്തിന് വാക്സിൻ (Vaccine) കുത്തിവെയ്പ്പ് നൽകാൻ സാധിച്ചു എന്നതാണ്. ഇതിനായി രാജ്യത്തെ നഴ്‌സിംഗ് ഓക്സിലറി വിഭാഗവും , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരും കാണിച്ച സേവന സന്നദ്ധത നാം നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ്. മരണത്തെ മുഖാമുഖം കണ്ട കോവിഡ് നാളുകളിൽ ഇച്ചാശക്തിയോടെ ജീവിതത്തെ നേരിടാൻ നഴ്സിംഗ് വിഭാഗം നമുക്ക് മുന്നിൽ മാലാഖമാരായി തീരുകയായിരുന്നു. നഴ്സിംഗ് മേഖലയിൽ ബഹുഭൂരിഭാഗവും നമ്മുടെ വനിതകളാണ് പ്രവർത്തിക്കുന്നത് . നഴ്സിംഗ് ജോലിക്ക് വേണ്ടത്ര അംഗീകാരം നൽകാൻ പൊതു സമൂഹത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും തിരിച്ചറിയാതെ പോകുന്നു എന്നത് ഒരു യാതാർത്ഥ്യം തന്നെയാണ്. രോഗ തീവ്രവസ്ഥയിൽ ഏറ്റവും പ്രിയപ്പെട്ടവരെ പോലും കാണാതെ ആശുപത്രികളുടെ ഐസിയുവിൽ അവസാന ശ്വാസത്തിനായി ബുദ്ധിമുട്ടുമ്പോൾ വിളക്കേന്തിയ വനിതമാരായി നമ്മുടെ മുന്നിൽ എത്തുന്ന ആതുര ശുശ്രൂഷാ രംഗത്തെ ഏറ്റവും വലിയ വിഭാഗമായ നഴ്സിംഗ് വിഭാഗത്തിന് നമുക്ക് അർഹമായ ബഹുമാനവും ആദരവും നൽകാം.