ഭരണസംവിധാനത്തെ പ്രബുദ്ധമാക്കുന്നതിനും പുരോഗമനാത്മകമാക്കുന്നതിനുമായാണ് സര്‍ക്കാരുകള്‍ പ്രാദേശിക ഭരണകൂടത്തിന് രൂപം നല്കുന്നത്. അതിന്റെ സുപ്രധാന നടപടി 1919ൽ ആണ് ആരംഭിച്ചത്. ഇതിനായി തിരുവിതാകൂറില്‍ മുൻസിപ്പൽ ആക്ട് പാസാക്കി. കരട് രൂപരേഖ തയാറാക്കാൻ ആശ്രയിച്ചത്, 1884ലെ മദ്രാസ് ജില്ലാ മുൻസിപ്പൽ ആക്ടിനെയും 1891ലെ പഞ്ചാബ് മുൻസിപ്പൽ ആക്ടിനെയും ആയിരുന്നു. മാറിവരുന്ന സാഹചര്യം മനസിലാക്കി നിയമഭേദഗതി വരുത്തുന്നതിനും വ്യവസ്ഥ ഉണ്ടാക്കി. തിരുവിതാംകൂർ ഗവൺമെന്റ് പ്രാദേശിക ഗവൺമെന്റുകളുടെ പ്രവർത്തനം ഗ്രാമീണ മേഖലയിൽ കേന്ദ്രീകരിച്ച് നടപ്പാക്കാനാണ് ശ്രമിച്ചത്. ഗാന്ധിജിയുടെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യ പ്രധാനമായും ഊന്നൽ നൽകിയത് ഗ്രാമവികസനത്തിനാണ്. അതായത് ഗ്രാമീണരുടെ ദൈനംദിന ജീവസന്ധാരണത്തിന് ഈ മേഖല വിപ്ലവകരമായ ഒരു പരിവർത്തനത്തിന് വിധേയമാകാതെ ഇന്ത്യാവികസനം എന്ന ആശയം സ്വപ്നം കാണേണ്ട കാര്യം ഇല്ല. തിരുവിതാംകൂർ ഗവൺമെന്റ് 1924 ൽ തിരുവിതാംകൂർ ഗ്രാമപഞ്ചായത്ത് ആക്ട് പാസാക്കി. ഈ നിയമനിർമ്മാണം വഴി ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നിയമപരം, വിവേചനാവകാശം എന്നിങ്ങനെ പഞ്ചായത്തിന്റെ ചുമതല തരംതിരിച്ചു. ഇതിൽ ആദ്യത്തെ വിഭാഗത്തിൽ നിർമ്മാണം, വാർത്താ വിനിമയം, അറ്റകുറ്റപ്പണികൾ, തെരുവുകളുടെ ശുചീകരണം, ജനങ്ങൾക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ഉളള കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കല്‍, അവ പ്രവർത്തനക്ഷമമാക്കി നിലനിർത്തല്‍, ശ്മശാനങ്ങളുടെ നിര്‍മ്മാണം, ആരോഗ്യസംരക്ഷണം എന്നിവ ഉള്‍പ്പെടുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ പ്രാഥമിക വിദ്യാഭ്യാസം, പൊതുസ്ഥലങ്ങൾ ദീപാലംകൃതമാക്കല്‍, വൃക്ഷത്തൈകൾ നടീല്‍, കാർഷിക വികസനം, ചെറുകിട കുടിൽ വ്യവസായ വികസന പദ്ധതികൾ തയാറാക്കൽ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയത്. ഇതിൽ പ്രാദേശിക ഗവൺമെന്റുകൾക്ക് എത്ര ഫണ്ട് ആണോ സർക്കാർ നൽകുന്നത് ആ ഫണ്ട് പൂർണമായി ഗ്രാമത്തിൽ തന്നെ ചെലവഴിക്കണം. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. മാത്രമല്ല, ഈ ഫണ്ട് ഉപയോഗിച്ച് എത്ര ആസ്തി ഉണ്ടാക്കാൻ കഴിഞ്ഞു എന്നതിന്റെ വിവരവും സർക്കാരിന് നൽകണം. ട്രേഡ്‌യൂണിയൻ ആക്ടും ഫാക്ടറി നിയമവും തൊഴിലാളി വർഗത്തിന്റെ ഉന്നമനത്തിനായി പാസാക്കി. ഈ നിയമ നിര്‍മ്മാണത്തിന്റെ പ്രസക്തി കാരണം 1934ൽ 187 ഫാക്ടറി നിലവിൽ ഉണ്ടായിരുന്നത്, 1938 ആയപ്പോൾ 298 ആയി വർധിച്ചു. ഇതിന് ആനുപാതികമായി തൊഴിലാളികളുടെ എണ്ണത്തിലും വർധനയുണ്ടായി. 57,104 തൊഴിലാളികൾ ഉണ്ടായിരുന്നതിൽ 8,880 തൊഴിലാളികൾ വനിതകൾ. അന്നത്തെ പ്രധാന വ്യവസായ മേഖലകൾ കശുഅണ്ടി, കയർ, കൈത്തറി, ഈറ്റ, മൺപാത്ര നിര്‍മ്മാണം എന്നിവയായിരുന്നു. ധനകാര്യ നയത്തിന്റെ പ്രമേയം 1936 ഓഗസ്റ്റിന് പ്രഖ്യാപിച്ചു. ഇതിൽ എടുത്തുപറഞ്ഞ ഒരു പ്രധാന കാര്യം നികുതിദായകരിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ജനങ്ങൾക്ക് തന്നെ അവരുടെ ക്ഷേമത്തിനും അതുപോലെ രാജ്യ പുരോഗതിക്കും വിനിയോഗിക്കണമെന്നാണ്. നിലവിലെ വർഷത്തിലെ മിച്ച വരുമാനം, മുൻവർഷത്തെ മിച്ച ശേഖരത്തിൽ നിന്ന് സമ്പാദിച്ച ഫണ്ട്, സേവിങ് ബാങ്കിൽ നിന്നുളള ശേഷിപ്പ് കൂടാതെ ഗവൺമെന്റിന്റെ പക്കൽ ഉള്ള ഡിപ്പോസിറ്റ്, വിപണിയിൽ നിന്നുളള വായ്പ എന്നിവയിലൂടെ മൂലധനച്ചെലവ് സമാഹരിക്കും എന്നായിരുന്നു പ്രഖ്യാപനം. വിഭവസമാഹരണത്തിന് ഒരു പുതിയ തന്ത്രം ആവിഷ്കരിച്ചു എന്നത് വളരെ ശ്രദ്ധ അർഹിക്കുന്ന ഒന്നായിരുന്നു. ഉയർന്ന വരുമാനം ഉള്ളവർക്ക് ഉയർന്ന നികുതി. കള്ളക്കടത്ത് നിയന്ത്രണം വഴി ലഭിക്കുന്ന വരുമാനം, പൊതുമേഖലയിൽ നിന്നുളള ലാഭം ഇതൊക്കെ ആയിരുന്നു പ്രധാന റവന്യു വരുമാന മാർഗങ്ങൾ.
ഇതുകൂടി വായിക്കാം; ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാവുമ്പോൾ
ഏറ്റവും മുന്തിയ പരിഗണന നൽകിയത് വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വാർത്താ വിനിമയ വ്യവസായ വികസനം എന്നിവയ്ക്കാണ്. പ്രാദേശിക വികസന നയത്തിലൂടെയാണ് കേരളത്തെ ഉയർന്ന തലത്തിലുള്ള മാനവ വിഭവശേഷിയായി ശക്തിപ്പെടുത്തിയത്. വികസനസൂചികയാണ് മനുഷ്യവിഭവശേഷിയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ജനാധിപത്യ ഗവൺമെന്റുകൾ വന്നതിനുശേഷം മേൽപ്പറഞ്ഞ പരിപാടികൾ നടപ്പിലാക്കാൻ ശ്രമം ആരംഭിച്ചു. എന്നാൽ അത് ഇപ്പോഴും ഒരു സംവാദമായി തുടരുകയാണ്. കേരളം, അതായത് കേരളസമൂഹം ഒരു ദ്വന്ദ്വസ്വഭാവം പ്രദർശിപ്പിക്കുന്നു. ഇതിന്റെ അടിവേരുകൾ പഴയ കൊളോണിയൽ ഭരണത്തിന്റെ പ്രതീകമാണ്. ഇത് പരമ്പരാഗത മേഖലയും ആധുനിക വ്യവസായ മേഖലയും തമ്മിലുള്ള വൈരുധ്യമാണ്. ഒന്നുകൂടി അപഗ്രഥിച്ചാൽ അനൗപചാരിക മേഖലയും ഔപചാരിക മേഖലയും തമ്മിലുള്ള ശൂന്യത. അനൗപചാരിക മേഖലയിൽ ഉൾപ്പെടുന്നത് കർഷകർ, കൈത്തൊഴിൽ ചെയ്യുന്നവർ, ചെറുകിട ഉല്പാദകർ, റീട്ടെയ്ൽ വ്യാപാരികൾ, വീട്ടുജോലിക്കാർ എന്നിവരാണ്. എന്നാൽ ഔപചാരിക മേഖലയിൽ വലിയ മൂലധനത്തിന്റെ ഉടമകളും. ഇതിൽ ആഭ്യന്തര മുതലാളിമാരും വിദേശ റമിറ്റൻസ് കൂടുതൽ കൈവശം ഉള്ള മൂലധന ഉടമകളും ഉള്‍പ്പെടുന്നു. മൂന്നരക്കോടിയാണ് കേരള ജനസംഖ്യ. ഇതിൽ ഒരു കോടി അസംഘടിത മേഖലയിലാണ്. നിർഭാഗ്യവശാൽ കേരളം അനൗപചാരിക മേഖലയെപ്പറ്റി വിശദമായ ഒരു പഠനം നടത്തിയിട്ടില്ലെന്ന് വിമര്‍ശനാത്മകമായി പറയട്ടെ! ഈ മേഖലയിൽ നിലവിലുളള തൊഴിൽദിനങ്ങൾ, പ്രത്യേകിച്ച് ഉല്പാദന മേഖലയിൽ. പഴയ കാലത്ത് പരമ്പരാഗത മേഖലയിലും കൃഷിയിലും അധിഷ്ഠിതമായിരുന്നു കേരള സമ്പദ്ഘടന, അനൗപചാരിക മേഖലയ്ക്ക് നിരവധി സാധ്യതകൾ ഉല്പാദന പ്രക്രിയയിൽ നിലനില്ക്കുന്നുണ്ട്. ഭക്ഷ്യസംസ്കരണം, ബിവറേജസ് (വിവിധതരം പാനീയങ്ങൾ), വസ്ത്രനിർമ്മാണം, തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, പേപ്പർ കെമിക്കൽസ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയിലാണത്. എന്നാൽ അനൗപചാരിക മേഖലയിലെ സാധ്യതകളെപ്പറ്റി സമഗ്രമായ ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നില്ല. ഇപ്പോഴത്തെ വിവരസാങ്കേതികവിദ്യയുടെ വിപ്ലവകരമായ മാറ്റത്തിന്റെ കൂടി പശ്ചാത്തലങ്ങളിൽ ആഗോള സാമ്പത്തികക്രമമായി ഒരു സംയോജനം അനിവാര്യമാണ്. പ്രത്യേകിച്ച് ആഗോള വിപണിയിൽ. കേരളത്തിന്റെ കശുഅണ്ടി, കയർ, കൈത്തറി, സുഗന്ധദ്രവ്യങ്ങൾ, ഔഷധഗുണമുളള ഔഷധച്ചെടികൾ, വിവിധ തരം പഴവർഗങ്ങൾ, ഈറ്റ, ഇതിനെല്ലാം വളരെ കൂടുതൽ കയറ്റുമതി സാധ്യതയുണ്ട്. അതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനെ സഹായിക്കുന്നതിനുളള നടപടികള്‍ പ്രാദേശിക ഗവണ്മെന്റുകളുടെ മുഖ്യ പരിഗണനയായി വന്നു. ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ സാമൂഹ്യവികാസ പരിണാമവും ഘടനാപരമായ മാറ്റവും അനിവാര്യമാണ്. ഘടനാപരമായ മാറ്റംകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ധനകാര്യത്തിലും ബജറ്റിലും ഒതുങ്ങുന്നതല്ല. കേരളത്തിന്റെ നാനാന്മുഖമായ വികസനവും മുന്നോട്ടുപോക്കും നേടുന്നതിന് സാധാരണക്കാരന്റെ പങ്കാളിത്തം അനിവാര്യമാണ്. അതിന് അധികാര വികേന്ദ്രീകരണത്തെ നാം അതീവ ജാഗ്രതയോടെ നടപ്പാക്കണം. വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ഉത്തരവാദിത്തവും അതിന്റെ പ്രവർത്തനങ്ങളും അനുയോജ്യമായ സ്ഥാപനങ്ങൾക്ക് നൽകുകയാണ് അതിനുചെയ്യേണ്ടത്.