Site iconSite icon Janayugom Online

തിരിച്ചുവരവ്; രോഹിതിന് ഉജ്വല സെഞ്ചുറി, പരമ്പര നേടി ഇന്ത്യ

ഇന്ത്യ‑ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഫോം കണ്ടെത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏറെനാളായി ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന രോഹിതിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 304 മറികടന്ന് രണ്ടാം വിജയവും പരമ്പരയും ഇന്ത്യ കരസ്ഥമാക്കി. 90 പന്തില്‍ 12 ഫോറും ഏഴു സിക്സും സഹിതമാണ് രോഹിത് 119 റണ്‍സ് അടിച്ചുകൂട്ടിയത്. 34 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. രോഹിതിന് കൂട്ടായി ശുഭ്മന്‍ ഗില്‍ 60 റണ്‍സുമായി കളം നിറഞ്ഞതും വിജയത്തിന് അടിത്തറ പാകി. ശ്രേയസ് അയ്യര്‍ 44. അക്സര്‍ പട്ടേല്‍ 41 റണ്‍സും ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തു. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിസണ്‍, ആദില്‍ റഷീദ്, ലിയം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് ഫില്‍ സാല്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. 29 പന്തില്‍ 26 റണ്‍സെടുത്ത ഫില്‍ സാല്‍ട്ടാണ് ഇംഗ്ലീഷ് നിരയില്‍ ആദ്യം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. തുടര്‍ന്ന് ക്രീസിലെത്തിയ ജോറൂട്ടും ഡക്കറ്റും പ്രതിരോധം തീര്‍ത്തതോടെ സ്കോര്‍ വേഗം ചലിച്ചു. 56 പന്തില്‍ 65 റണ്‍സ് നേടിയ ഡക്കറ്റ് ജഡേജയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാച്ചില്‍ പുറത്തായി. തുടര്‍ന്ന് ജോറൂട്ടും ഹാരി ബ്രുക്കും ക്രീസില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചതോടെ സ്കോര്‍ വീണ്ടും ചലിച്ചു. ജഡേജയുടെ പന്തില്‍ കോലി പിടിച്ച് പുറത്താക്കിയതോടെ ജോ റൂട്ടും (69) കൂടാരം കയറി. ഹാരി ബ്രൂക്ക് 31, ജോസ് ബട്ലര്‍ 34, ലിയം ലിവിങ്സ്റ്റണ്‍ 41, ആദില്‍ റഷീദ് 14 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍.

മൂന്നു വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ഹര്‍ഷിത് റാണ, മുഹമ്മദ് ഷാമി, ഹാര്‍ദിക് പണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് കരസ്ഥമാക്കി. 

Exit mobile version