Site iconSite icon
Janayugom Online

രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തി രോഹിത്

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇന്നലെ മുതല്‍ മുംബൈയുടെ രഞ്ജി ക്രിക്കറ്റ് ടീമിനൊപ്പം ബാറ്റിങ് പരിശീലനം ആരംഭിച്ചു. അജിന്‍ക്യ രഹാനെ അടക്കമുള്ളവരും രോഹിത്തിനൊപ്പം പരിശീലനം നടത്തി. 

2016ലാണ് രോഹിത് മുംബൈക്കായി അവസാനം രഞ്ജി ട്രോഫി കളിച്ചത്. അതേസമയം മുംബൈക്കൊപ്പം രോഹിത് രഞ്ജി മത്സരം കളിക്കുമോയെന്ന് വ്യക്തമല്ല. രഞ്ജി ട്രോഫി പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിനായി മുംബൈ ടീം ഈ മാസം 23 മുതല്‍ ഇറങ്ങും. ജമ്മു കശ്മീരിനെതിരെയാണ് മുംബൈയുടെ പോരാട്ടം. മോശം ഫോമിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് രോഹിത്തിനെതിരെ ഉയരുന്നത്. ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നത്തില്‍ നില്‍ക്കുന്ന അവസ്ഥയാണ്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് അവസാന മത്സരത്തില്‍ രോഹിത് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിന്റെ പുതിയ നീക്കം. 

അതേസമയം, ഈ മാസം 23ന് കര്‍ണാടകയ്ക്കെതിരായ രഞ്ജി മത്സരത്തില്‍ പഞ്ചാബിനായി കളിക്കാൻ ശുഭ്മാന്‍ ഗില്ലും സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ശുഭ്മാൻ ​ഗിൽ രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 22നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അതിനിടെ രോഹിത്തും ഗില്ലും രഞ്ജിയില്‍ കളിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നപ്പോഴും വിരാട് കോലിയും റിഷഭ് പന്തും ഡല്‍ഹിക്കായി രഞ്ജിയില്‍ കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ മോശം പ്രകടനം കാഴ്ചവച്ച കോലിക്കെതിരെയും നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Exit mobile version