എന്തു പുതുമ കൊണ്ടുവരാൻ സാധിക്കുമെന്നിടത്താണ് ദ്യശ്യഭാഷയുടെ വേറിട്ടതലം ഉയരുന്നത്. ഇന്നത്തെ പ്രേക്ഷകരെ കൊട്ടകയിലേക്ക് ആകർഷിക്കാനായി കൊടുക്കാവുന്ന മിനിമം ഗ്യാരന്റിയും അതുതന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ആദ്യ സിനിമ എന്ന ലേബലിൽ റിലീസായ റോഷാക്ക് കാണികളുടെ മികച്ച അഭിപ്രായങ്ങളോടെയാണ് മുന്നേറുന്നത്. രാത്രിയുടെ മറവിൽ മലയോര പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഹൂഡി ധരിച്ച് പാഞ്ഞുവരുന്ന ഒരു മനുഷ്യൻ. റോങ്ങ് ടേൺ എടുത്ത് അപകടത്തിൽപ്പെട്ട സ്വന്തം കാറിൽ നിന്നും ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് അമ്പരപ്പോടെ അയാൾ എത്തുന്നത്. പൊലീസ് തിരച്ചിൽ ആരംഭിക്കുന്നു. ടൈറ്റിൽ കാർഡിനൊപ്പം കേൾക്കുന്ന സംഗീതം നമ്മെ സിനിമയുടെ ആംബിയൻസിലേക്ക് അടുപ്പിക്കുന്നു.
സോഫിയയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഫലം കാണാതാകുന്നതോടെ കാക്കിയുടെ ആവേശം കെട്ടടങ്ങുന്നു. ആ നാട്ടിൽ അപരിചിതനായ ലൂക്ക് ആന്റണിയുടെ മാത്രം ആവശ്യമായി അത് മാറുന്നു. പിന്നീട് അരങ്ങേറുന്നത് ചലച്ചിത്രലോകം ഇന്നേവരെ സാക്ഷ്യം വഹിക്കാത്ത തരത്തിലുള്ള കഥാപാത്രത്തിന്റെ മാനസിക സഞ്ചാരങ്ങളാണ്. ഇരുണ്ട വശങ്ങളിലൂടെയുള്ള ലൂക്കിന്റെ യാത്രയിൽ പ്രേക്ഷകരും സഹയാത്രികരാകുന്നു. കഥയുടെ ചില പിറ്റ് സ്റ്റോപ്പുകളിൽ നമുക്ക് ചിന്തിക്കാനും കഥയുടെ സഞ്ചാരം ഊഹിക്കാനുമുള്ള വക സമ്മാനിച്ചുകൊണ്ടുള്ള വ്യത്യസ്തമായ കഥാപാത്രപ്രദക്ഷിണമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ നിസാം ബഷീറിന്റെ കയ്യൊപ്പ് റോഷാക്കിന്റെ എല്ലാ ദിക്കിലും പതിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്. സാങ്കേതികമായി ഏതെല്ലാം തരത്തിൽ കഥാപശ്ചാത്തലത്തെ പ്രേക്ഷകരിലേക്ക് ഇറക്കിവിടാം എന്ന് കൃത്യതയോടെ പര്യവേക്ഷണം നടത്തിയിട്ടുണ്ട്. നോൺ ലീനിയറായി കഥാപാത്രങ്ങളുടെ വൈകാരികമായ വശങ്ങൾക്ക് സൂക്ഷ്മതയോടെ നിസാം ജീവൻ നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ പല സാങ്കേതിക വിഭാഗങ്ങളുടെയും ദൗത്യങ്ങൾ അതിന്റെ പൂർണ്ണതയോടെ ഏകോപിപ്പിച്ചിട്ടുണ്ട്. ഫൈനൽ ഔട്ട്പുട്ടിന്റെ മനോഹാരിത സംവിധായകന്റെ ദീർഘവീക്ഷണത്തിന്റെ ഗുണംകൊണ്ട് ഭവിച്ചിട്ടുള്ള ഒന്നാണ്. പ്രീ പ്രൊഡക്ഷൻ സമയത്തുതന്നെ സിനിമയുടെ എഡിറ്റഡ് വെർഷൻ സംവിധായകന് മുഴുവനായി ധാരണയുണ്ടെന്നത് തീർച്ചയാണ്. കാണികളെ സ്പൂൺ ഫീഡ് ചെയ്യിക്കാതെ കഥാപാത്രങ്ങളെ മുന്നോട്ട് കൊണ്ടു പോയതിന് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. സമീർ അബ്ദുളിന്റെ തിരക്കഥ റോഷാക്കിന്റെ ദൃശ്യങ്ങളുടെ ഒഴുക്കിനെ അടുക്കും ചിട്ടയോടും കൂടി മിനുക്കി എടുത്ത ഒന്നാണ്. കഥപറച്ചിലിന്റെ ഒരു ഘട്ടത്തിൽ പോലും ചിത്രത്തിന്റെ എൻഗേജിംഗ് പോയിന്റ് വഴുതിപോകാതിരിക്കാൻ രചയിതാവ് സസൂക്ഷ്മം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സംഭാഷങ്ങളുടെ ത്രാസ് ഏറ്റവും അനുയോജ്യമായ രീതിയിൽ തൂക്കി അളന്ന് കുറിച്ച് എടുത്തിട്ടുണ്ട്. രണ്ട് വിദൂരതകളെ കൂട്ടി മുട്ടിക്കാൻ മാത്രമാണ് എഴുത്തുകാരൻ ഡയലോഗുകൾ ഉപയോഗിച്ചിട്ടുള്ളത്. വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്റെ രചനാപാഠവമായി സമീറിന്റെ തിരക്കഥ മാറുന്നുണ്ട്.
കാസ്റ്റിംഗിന്റെ ഏറ്റവും സുന്ദരമായ വേർഷനാണ് റോഷാക്കിനായി അണിയറപ്രവർത്തകർ തിരഞ്ഞെടുത്തിട്ടുള്ളത്. ഒരോ അഭിനേതാക്കളെയും കണക്കുകൂട്ടലുള്ള കാഴ്ചപ്പാടോടെ പെറുക്കി എടുത്തിരിക്കുന്നു. ബിന്ദു പണിക്കർ അവരുടെ കരിയറിൽ ചെയ്ത ശക്തമായ റോളുകളിൾ ഒന്നായി സീത എന്ന കഥാപാത്രം മാറുന്നു. അവരുടെ അഭിനയസിദ്ധിയുടെ താളലയങ്ങൾ മികച്ച രീതിയിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ജഗദീഷ്, ഗ്രെയിസ് ആന്റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ, സഞ്ജു ശിവറാം തുടങ്ങിയ നീണ്ട താരനിര ചിത്രത്തിന്റെ അടയാളപ്പെടുത്തേണ്ട ഭാഗമായി നിലകൊള്ളുന്നു. മണി ഷൊർണൂരിന്റെ ബാലൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി മാറുന്നു. ക്യാരക്ടർ ആർക്ക് കഥാപാത്രങ്ങളുടെ ഒരോ നോക്കിലും വാക്കിലും പ്രവർത്തിയിലും തെളിഞ്ഞ് കാണാൻ സാധിക്കും. നിമിഷ് രവിയുടെ ഛായാഗ്രഹണം അഭ്രപാളികളെ മികവുറ്റതാക്കി മാറ്റുന്നു. കഥാപാത്രങ്ങളുടെ വന്യമായ ചില ഭാവങ്ങളെ ഏറ്റവും മികച്ച ആംഗിളുകളിൽ പകർത്തിയിരിക്കുന്നു. കഥാപശ്ചാത്തലം ആവശ്യപ്പെടുംപോലെ ഇരുണ്ട സ്കെയിലിൽ തന്നെ ഷോട്ടുകൾ ചെയ്തിട്ടുണ്ട്. തിരക്കഥയിൽ കൊത്തിവച്ച ദൃശ്യങ്ങളുടെ കൃത്യമായ ഒപ്പിയെടുക്കൽ തന്നെ ഛായാഗ്രാഹകൻ നടത്തിയിരിക്കുന്നു.
മിഥുൻ മുകുന്ദന്റെ സംഗീതം റോഷാക്കിന്റെ വലിയ മുതൽക്കൂട്ടാണ്. പ്രേക്ഷകരെ കഥപരിസരത്തേക്ക് പൂർണ്ണമായും അടുപ്പിക്കുംവിധമാണ് പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളത്. തിരക്കഥയുടെ പുരോഗമനത്തിനൊത്ത് ചുവടുവച്ച് നീങ്ങും പോലുള്ള അനുഭൂതിയാണ് സംഗീതത്തിനുള്ളത്. നിക്സൺ ജോർജ്ജിന്റെ സൗണ്ട് ഡിസൈനും ഏവരേയും ആകർഷിക്കും. കേന്ദ്ര കഥാപാത്രമായ ലൂക്കിന്റെ മാനസികാവസ്ഥ നമുക്കിടയിലേക്ക് പകർന്നു തന്ന മാന്ത്രികതയാണ് ശബ്ദങ്ങളിൽ.
കലാവിഭാഗത്തിന്റെ സാധ്യതകൾ അനവധിയുള്ള റോഷാക്കിന്റെ കലാസംവിധായകൻ ഷാജി നടുവിലാണ്. തിരക്കഥയുടെ വലിയൊരു ഭാഗമായ ലൂക്ക് സ്വന്തമാക്കുന്ന പണിതീരാത്ത വീടിന്റെ നിർമ്മാണം അത്ഭുതകരമായി അണിയിച്ചൊരുക്കിയിരിക്കുന്നു. എഡിറ്റിങ്ങിന്റെ സൂക്ഷ്മമായ വശം അങ്ങേയറ്റം വേണ്ടുന്ന സിനിമയാണ് റോഷാക്ക്. കിരൺ ദാസിന്റെ ചിത്രസംയോജനം തിരക്കഥയ്ക്ക് യോജിക്കുന്ന തരത്തിലുള്ളതാണ്. കൃത്യമായ ഇടവേളകൾ കഥാമുഹൂർത്തങ്ങൾക്ക് നൽകിയാണ് കിരൺ തന്റെ ദൗത്യം നിർവ്വഹിച്ചിട്ടുള്ളത്.
വൈവിദ്ധ്യങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളെ ഗവേണഷണബുദ്ധിയോടെ സമീപിക്കുന്നിടത്താണ് ഒരു നടന്റെ അന്തിമമായ വിജയം. മമ്മൂട്ടി എന്ന മഹാനടന്റെ മാറ്റുരയ്ക്കാനാവാത്ത അഭിനയപാടവം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ അനുഭവിക്കുന്നു. കഥാപാത്രത്തിന്റെ കേന്ദ്രീകൃതമായ പ്രസക്തിയിലല്ല കാര്യം മറിച്ച് വേറിട്ട തിരക്കഥയുടെ പിറവിയിലാണ് എല്ലാമുള്ളതെന്ന് മമ്മൂട്ടി നാൾക്കുമുന്നേ തിരിച്ചറിഞ്ഞിരിക്കുന്നു. റോഷാക്കിൽ ഒരോ കഥാപാത്രവും കേന്ദ്രമാണ്. മറ്റ് കഥാപാത്രങ്ങളെ ചുറ്റി സഞ്ചരിക്കുന്ന ആളായി ലൂക്ക് ആന്റണി മാറുന്നു എന്ന് മാത്രം. എല്ലാരിലും സൂക്ഷ്മാംശങ്ങളായ പെരുമാറ്റതലങ്ങൾ നിറഞ്ഞുതുളുമ്പുന്നു. അവസരങ്ങൾക്കൊത്ത് അത് വെളിവാകുന്നുമുണ്ട്. ലൂക്ക് ആന്റണിയുടെ മനോവ്യാപാരങ്ങളും സ്വപ്നാടനവുമൊക്കെയാണ് ചിത്രം എന്ന് ഒറ്റവാക്കിൽ പറയാം. പ്രേക്ഷകന്റെ കണ്ണിമ വെട്ടാതെ ലൂക്കിന്റെ സാന്നിധ്യം വെള്ളിത്തിരയിൽ നിറഞ്ഞാടുന്നുണ്ട്. ലൂക്കായുള്ള പകർന്നാട്ടത്തിൽ കഥാപാത്രത്തിന്റെ രസങ്ങൾ എല്ലാ വശങ്ങളിൽ നിന്നും ആസ്വദിച്ച് നുണഞ്ഞാണ് മമ്മൂട്ടിയിലെ നടൻ വിശപ്പടക്കിയിട്ടുള്ളത്. കൺപീലിയുടെ ചെറു ചലനങ്ങളിലും ശബ്ദഗാംഭീര്യത്തിലും എന്തിന് നടക്കുന്ന ശൈലിയിൽ പോലും സെൻസിറ്റീവായ ലൂക്ക് ആന്റണിയെ വളരെ ജൈവമായി അതിന്റെ തനിമ ഒരു തരി പോലും ചോരാതെ അദ്ദേഹം പ്രകടനത്തിൽ സമ്പന്നമാക്കിയിട്ടുണ്ട്.