Site iconSite icon Janayugom Online

മലയാളത്തിന് അഭിമാനമായി റോട്ടൻ സൊസൈറ്റി; മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം

എസ് എസ് ജിഷ്ണുദേവ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത മലയാളചിത്രം റോട്ടൻ സൊസൈറ്റി, ആറാമത് മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അവിചാരിതമായി അതൊരു ഭ്രാന്തൻ്റെ കയ്യിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആ ക്യാമറയിൽ പകർത്തുന്ന കാഴ്ച്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. 

സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണന്നും സിനിമ അവസാനിച്ചാലും പ്രേക്ഷക മനസ്സുകളിൽ തങ്ങി നില്ക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിൻ്റെ നേതൃത്വത്തിലുള്ള ജൂറി പാനലാണ് റോട്ടൻ സൊസൈറ്റിയെ തെരഞ്ഞുത്തത്. ചിത്രം 2026‑ൽ പ്രേക്ഷകസമക്ഷത്തിലെത്തും. ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു , ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.

Exit mobile version