Site iconSite icon Janayugom Online

നേപ്പാളില്‍ ആര്‍എസ്‌പി മികച്ച വിജയത്തിലേക്ക്; ഒലിയെ പരാജയപ്പെടുത്തി ബലേന്ദ്ര ഷാ

റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്‌പി) നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പ് തൂത്തുവാരിയേക്കും. ആക്രമാസക്തമായ ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്‌പി രാജ്യത്തെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കന്മാരെയും അട്ടിമറിച്ച് മുന്നേറുന്നത്. നേപ്പാളിലെ ഇലക്ഷൻ കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ആകെയുള്ള 165 സീറ്റുകളിലെ 161 ഇടങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 110 ഇടത്തും ബലേന്ദ്ര ഷായുടെ പാർട്ടി ലീഡ് ചെയ്യുകയാണ്. ഫലം വന്ന ആറിടത്ത് ആർഎസ്‌പി വിജയിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നാല് തവണ പ്രധാനമന്ത്രിയായ കെ പി ശർമ ഒലിയുടെ ശക്തകേന്ദ്രമായിരുന്ന ജാപ്പ 5 നിയോജക മണ്ഡലത്തിൽ ബലേന്ദ്ര ഷായ്ക്ക് അട്ടിമറി വിജയം. 63,348 വോട്ടുകളാണ് ഷായ്ക്ക് ലഭിച്ചത്. ഒലിക്ക് 18,734 വോട്ടുകള്‍ മാത്രമാണ് ജയിച്ചത്. അണികൾക്കിടയിൽ ബലേൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 35കാരനായ ബലേന്ദ്ര ഷായെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാണ് നവാഗതരായ ആർഎസ്‌പി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ 18 വർഷത്തിനിടെ നേപ്പാളിൽ മാറിവന്നത് 14 സർക്കാരുകളാണ്. ആർ‌എസ്‌പി പ്രസിഡന്റെയ റാബി ലാമിച്ചനെ ചിത്വാൻ 2 പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ലാമിച്ചനെ 54,402 വോട്ടുകൾ നേടിയാണ് ജയം ഉറപ്പിച്ചത്. രണ്ടാമതെത്തിയ എതിരാളി നേപ്പാളി കോൺഗ്രസിലെ മീന ഖരേലിന് 14,564 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മാധ്യമ മേഖലയിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് വിജയിക്കുന്നത്.

നേരത്തെ ജെൻ സി പ്രക്ഷോഭങ്ങളുടെ ഭാഗമായി 77 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 275 അംഗ പാർലമെന്റിലേക്ക് 165 പേരെയാണ് നേരിട്ട് തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവകാശമുള്ളത്. മറ്റു 110 പാർലമെന്റ് അംഗങ്ങളെ ആനുപാതിക പ്രാതിനിധ്യത്തിലൂടെയും തെരഞ്ഞെടുക്കും. ഒരു ദശാബ്ദത്തോളം ഹിമാലയൻ രാജ്യം ഭരിച്ചിരുന്ന നേപ്പാളി കോൺഗ്രസിലെ ഷേർ ബഹാദൂർ ദ്യൂബ, കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഎൻ‑യുഎംഎല്ലിലെ കെ പി ശർമ ഒലി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) അല്ലെങ്കിൽ സിപിഎൻ (എംസി)യിലെ പുഷ്പ കമാൽ ദഹൽ എന്നിവരുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാകുമിത്.

Exit mobile version