Site icon Janayugom Online

സഫിയ അജിത്ത് വോളിബോൾ ടൂർണമെന്റിന് ആവേശം നിറഞ്ഞ സമാപനം; സ്റ്റാർസ് റിയാദ് ചാമ്പ്യന്മാർ

നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി സംഘടിപ്പിച്ച നാലാമത് സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെൻ്റിൻ്റെ വാശിയേറിയ കലാശ പോരാട്ടത്തിൽ അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി സ്റ്റാർസ് റിയാദ് ടീം കിരീടം നേടി.

അൽ സുഹൈമി ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന, വോളിബോളിന്റെ ചടുലതയും, മനോഹാരിതയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് (സ്‌കോർ 3 — 0) ആണ് അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി സ്റ്റാർസ് റിയാദ് ടീം ചാമ്പ്യന്മാർ ആയത്. വാശിയേറിയ പോരാട്ടം കാഴ്ച വെച്ചുവെങ്കിലും, മികച്ച പരസ്പരധാരണയും, ആസൂത്രണമികവും ഒരുമിപ്പിച്ച് കൊണ്ട് കളം നിറഞ്ഞു കളിച്ച സ്റ്റാർസ് റിയാദ് ടീമിന്റെ, ശക്തിയേറിയ സ്മാഷുകൾക്കും, മികച്ച ബ്ലോക്കുകൾക്കും മുന്നിൽ അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് പരാജയപ്പെടുകയായിരുന്നു.

മുൻപ് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് ടീം ഖോർഖ സ്പോർട്സ് ടീമിനെയും, സ്റ്റാർസ് റിയാദ് ടീം കെ.എ.എസ്.സി ടീമിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി സ്റ്റാർസ് റിയാദ് ടീമിലെ ദീപക് ഷെട്ടിയെയും, ബെസ്റ്റ് സെറ്റർ ആയി സ്റ്റാർസ് റിയാദ് ടീമിലെ ദിനേശിനെയും, ബെസ്റ്റ് അറ്റാക്കർ ആയി അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് ടീമിലെ ഷാഹിലിനെയും, ബെസ്റ്റ് സ്മാഷർ ആയി സ്റ്റാർസ് റിയാദ് ടീമിലെ മുദാസിറിനെയും തെരെഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡ് ഖോർഖ സ്പോർട്സ് ടീം നേടി.

ചാമ്പ്യന്മാരായ സ്റ്റാർസ് റിയാദ് ടീമിന് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ട്രോഫിയും, സ്പീഡെക്സ് കാർഗോ മാനേജർ മുജീബ് ക്യാഷ് പ്രൈസും സമ്മാനിച്ചു. റണ്ണർ അപ്പ് ആയ അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് ടീമിന് കോബാർ മേഖല കമ്മിറ്റി രക്ഷാധികാരി അരുൺ ചാത്തന്നൂർ ട്രോഫിയും, ബദർ അൽ റാബി നൽകിയ ക്യാഷ് പ്രൈസും സമ്മാനിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ഗോപകുമാർ അമ്പലപ്പുഴ, നിസ്സാം കൊല്ലം എന്നിവർ മറ്റു സമ്മാനദാനം നടത്തി..

സക്കീർ ഹുസ്സൈനും, മുഹമ്മദാലിയുമായിരുന്നു മത്സരങ്ങൾ നിയന്ത്രിച്ച മുഖ്യ റഫറിമാർ. ജിതേഷും സന്തോഷും ലൈൻ റഫറിമാരായി പ്രവർത്തിച്ചു. ടൂർണമെന്റിന് നവയുഗം നേതാക്കളായ അരുൺ ചാത്തന്നൂർ, ബിജു വർക്കി, സന്തോഷ് ചാങ്ങോലിക്കൽ, സജീഷ് പട്ടാഴി, നിസ്സാം കൊല്ലം, ഗോപകുമാർ, തമ്പാൻ നടരാജൻ, സനു മഠത്തിൽ, സാജി അച്യുതൻ, ഉണ്ണികൃഷ്ണൻ, സാബിദ്‌, ഷംനാദ്, അച്ചുത് സജി, കൃഷ്ണൻ, ഷിജു പാലക്കാട്, ജിതേഷ് എം സി, ഷിംസി, ടോണി, ജോജി രാജൻ, രവി ആന്ത്രോട്, റഷീദ് പുനലൂർ, മധു, നാസർ കടവിൽ, രാജൻ, ജാബിർ, ഇർഷാദ്, നയിം, റിയാസ്, ഷീബ സാജൻ, ആമിന റിയാസ്, മഞ്ജു അശോക്, കോശി തരകൻ, ശ്രീലാൽ, ഷിജാത്ത്, അഷറഫ് എന്നിവർ നേതൃത്വം നൽകി.

2015- ൽ അന്തരിച്ച നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ സ്മരണയ്ക്കായി, 2016 മുതലാണ് നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ (SAM) വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു വരുന്നത്.

Eng­lish Sum­ma­ry: Safiya Ajith Vol­ley­ball Tour­na­ment concludes

You may also like this video

Exit mobile version