Site icon Janayugom Online

ഉപയോഗിച്ച വാഹനങ്ങളുടെ വില്പന; ഡീലര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും

ഉപയോഗിച്ച കാറുകളും ഇരുചക്രവാഹനങ്ങളും വില്പന നടത്തുന്നവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
രജിസ്റ്റേ‍ഡ് വാഹനങ്ങളുടെ വാങ്ങലിലും വില്പനയിലും സുതാര്യത കൊണ്ടുവരുന്നതിനു പുറമെ, അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ബാധ്യത രജിസ്റ്റേഡ് ഉടമസ്ഥരില്‍ നിക്ഷിപ്തമാകുന്ന നിലവിലെ സാഹചര്യം ഒഴിവാകാനും ഇത് കാരണമാകും. ഇത്തരം ഏജന്‍സികള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം പ്രാബല്യത്തിലാകും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപയോഗിച്ച വാഹനങ്ങള്‍ വില്പന നടത്തുന്ന ഏജന്‍സികളില്‍ രജിസ്റ്റേഡ് ഓണര്‍ വാഹനം ഏല്‍പ്പിച്ചാലും, വില്പന നടന്നുകഴിഞ്ഞാല്‍ മാത്രമേ ഓണര്‍ഷിപ്പ് കൈമാറ്റം ചെയ്യപ്പെടുകയുള്ളു. ആറ് മാസത്തിനുള്ളില്‍ വില്പന നടത്താമെന്ന എഗ്രിമെന്റിലാണ് ഏജന്‍സികള്‍ വാഹനങ്ങള്‍ കൈവശമാക്കുന്നത്. ഇക്കാലയളവില്‍ വാഹനം അപകടത്തില്‍പ്പെടുകയോ, മറ്റേതെങ്കിലും നിയമപരമായ കുരുക്കുകളില്‍ അകപ്പെടുകയോ ചെയ്താല്‍ ബാധ്യത നിലവിലുള്ള വാഹന ഉടമയ്ക്കാണ്.
പുതിയ നിയമം അനുസരിച്ച് പഴയ വാഹനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഏജന്‍സികള്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയുകയുള്ളു. ചെറിയ ഏജന്‍സികളായാല്‍ പോലും ലൈസന്‍സ് നിര്‍ബന്ധമാണ്. വാഹന ഉടമകള്‍ വില്പനക്കായി വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട ആര്‍ടി ഓഫീസില്‍ അറിയിക്കണം. ഈ ഇടപാട് ഡീലര്‍മാര്‍ ഓണ്‍ലൈനില്‍ സാധൂകരിക്കണം. അതിനുശേഷം തങ്ങളുടെ കൈവശമുള്ള വാഹനം മൂലമുണ്ടാകുന്ന ഏതൊരു ബാധ്യതയ്ക്കും ഡീലര്‍മാരായിരിക്കും ഉത്തരവാദികള്‍. പിന്നീട് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് ആര്‍സി, എന്‍ഒസി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍ തുടങ്ങിയ രേഖകള്‍ക്കായി അപേക്ഷിക്കേണ്ടതും രജിസ്റ്റേഡ് ഡീലര്‍മാരായിരിക്കും.
വാഹനം ഓടിച്ചുനോക്കാനായുള്ള ട്രയല്‍ റണ്ണിനോ, അറ്റകുറ്റപ്പണികള്‍ക്കോ, പെയിന്റിങ്ങിനോ അല്ലാതെ ഈ വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. അങ്ങനെ ഉണ്ടാകുന്ന എല്ലാത്തരം കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ ഡീലര്‍മാരായിരിക്കും.
വില്പനയ്ക്കായി ഡീലര്‍മാരെ ഏല്‍പ്പിക്കുന്ന വാഹനങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുവരെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് നിയമം പരിഷ്ക്കരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ നിയമം പ്രാബല്യത്തിലാകും. 

Eng­lish Sum­ma­ry: Sale of used vehi­cles; Reg­is­tra­tion will be made manda­to­ry for dealers

You may also like this video

Exit mobile version