Site iconSite icon Janayugom Online

കരുത്തായി സൽമാൻ നിസാറിൻ്റെ സെഞ്ച്വറി; നിർണ്ണായക മത്സരത്തിൽ ബിഹാറിനെതിരെ കേരളം മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കേരളം മികച്ച സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ്. രഞ്ജി ട്രോഫിയിലെ കന്നി സെഞ്ച്വറി നേടിയ സൽമാൻ നിസാറിൻ്റെ ഇന്നിങ്സാണ് കേരളത്തിനെ ശക്തമായ നിലയിലെത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത രോഹനെ ഹർഷ് വിക്രം സിങ്ങാണ് പുറത്താക്കിയത്. അടുത്തടുത്ത ഇടവേളകളിൽ ആനന്ദ് കൃഷ്ണനും സച്ചിൻ ബേബിയും കൂടി പുറത്തായതോടെ തകർച്ചയുടെ വക്കിലായിരുന്നു കേരളം. ആനന്ദ് 11ഉം സച്ചിൻ ബേബി നാലും റൺസ് നേടി. അക്ഷയ് ചന്ദ്രനും ഷോൺ റോജറും ചേർന്ന കൂട്ടുകെട്ട് പ്രതീക്ഷ നല്കിയെങ്കിലും സ്കോർ 81ൽ നില്ക്കെ അക്ഷയ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. അക്ഷയ് 38 റൺസെടുത്തു.

തുടർന്ന് അഞ്ചാം വിക്കറ്റിൽ ഷോൺ റോജറും സൽമാൻ നിസാറും ചേർന്ന 89 റൺസ് കൂട്ടുകെട്ടാണ് കേരള ഇന്നിങ്സിൽ വഴിത്തിരിവായത്. 59 റൺസെടുത്ത ഷോണിനെ വീർ പ്രതാപ് സിങ് പുറത്താക്കി. തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയ്ക്കും ആദിത്യ സർവാടെയ്ക്കും പിടിച്ചു നില്ക്കാനായില്ല. അസറുദ്ദീൻ ഒൻപതും ജലജ് സക്സേന അഞ്ചും ആദിത്യ സർവാടെ ആറും റൺസുമായി മടങ്ങി.

എന്നാൽ കഴിഞ്ഞ മത്സരത്തിലെപ്പോലെ വാലറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ നിധീഷ് എം ഡിയുടെ പ്രകടനം ഇക്കുറിയും കേരളത്തിന് മുതൽക്കൂട്ടായി. മികച്ച ഫോമിൽ ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് നിധീഷ് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ 79 റൺസാണ് പിറന്നത്. നിധീഷ് 30 റൺസ് നേടി. ഇതിനിടയിൽ സൽമാൻ നിസാറിനെ തേടി രഞ്ജിയിലെ കന്നി സെഞ്ച്വറിയെത്തി. കളി നിർത്തുമ്പോൾ സൽമാൻ 111 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സൽമാൻ നിസാറിൻ്റെ ഇന്നിങ്സ്. ബിഹാറിന് വേണ്ടി ഹർഷ് വിക്രം സിങ്ങും സച്ചിൻ കുമാർ സിങ്ങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Exit mobile version