Site iconSite icon Janayugom Online

ഐപിഎല്‍ ലേലം; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പൊന്നുംവില

പതിനാറാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള മിനി താരലേലത്തിൽ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പൊന്നുംവില. ഓൾ റൗണ്ടർ സാം കറൻ പൊന്നും വിലയുള്ള താരമായി. ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണായിരുന്നു ലേലത്തിൽ ആദ്യമെത്തിയത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ അതേ വിലയ്ക്ക് ഗുജറാത്ത് ടൈ­റ്റൻസ് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ താരം മയങ്ക് അഗർവാളിനും ലേലത്തിൽ മികച്ച ഡിമാൻഡ് ലഭിച്ചു. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മയങ്ക് അഗർവാളിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നിവർ ആവേശത്തോടെ ലേലം വിളിച്ചു. അവസാനം 8.25 കോടി രൂപക്ക് സൺ റൈസേഴ്സ് ഹൈദരാബാദ് തന്നെ താരത്തെ സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ലേലത്തിന്റെ ആദ്യ സെറ്റിലെ രണ്ട് വിലപിടിപ്പുള്ള താരങ്ങളും സൺറൈസേഴ്സ് ഹൈദരാബാദിന്റേതായി.
ഇന്ത്യയുടെ സീനിയർ ബാറ്ററായ അജിങ്ക്യ രഹാനെ 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തിയപ്പോൾ, ഒഡിയൻ സ്മിത്തിനെ 50 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. സിംബാബ്‌വെ ഓൾ റൗണ്ടർ സിക്കന്ദർ റാസ 50 ലക്ഷം രൂപക്ക് പഞ്ചാബ് കിങ്സിലെത്തി. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡർക്ക് വേണ്ടിയും ലേലത്തിൽ ശക്തമായ മത്സരം നടന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.75 കോടി രൂപക്ക് അവസാനം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു. ചെ­ന്നൈ സൂപ്പർ കിങ്സുമായി നടത്തിയ ശക്തമായ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ ഹോൾഡറിനെ ടീമിലെത്തിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹൻ കുന്നുമ്മലിനെ ഐപിഎൽ താരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹൻ. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. ശുഭം ഖജൂരിയക്കായും ആരും രംഗത്തുവന്നില്ല. ഷെയ്ഖ് റഷീദിനെ 20 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ഹിമ്മത് സിങ്ങിനായും ആളുണ്ടായില്ല. ഇന്ത്യൻ സ്പിന്നർ മായങ്ക് മർക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിനെ രണ്ട് കോടിക്കും സൺറൈസേഴ്സ് സ്വന്തമാക്കി. വെറ്ററൻ പേസർ ഇഷാന്ത് ശർമ്മ 50 ലക്ഷത്തിന് ഡൽഹി ക്യാപിറ്റൽസിലെത്തി. ഓസീസ് പേസർ ജേ റിച്ചാർഡ്സണിനായി മുംബൈ ഇന്ത്യൻസ് 1.50 കോടി മുടക്കി. ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്ലി 1.90 കോടിക്ക് ആർസിബിയിലും ഫിലിപ് സാൾട്ട് രണ്ട് കോടിക്ക് ഡൽഹി ക്യാപിറ്റൽസിലുമെത്തി. മുജീബ് ഉർ റഹ്‌മാൻ, തെരെബസ് ഷംസി, ആദം സാംപ, ആക്കീൽ ഹെസൈൻ, ആദം മിൽനെ ക്രിസ് ജോർദാൻ എന്നിവരെ ആദ്യ ഘട്ടത്തിൽ ടീമിലെത്തിക്കാൻ ആരുമുണ്ടായില്ല.

Exit mobile version