Site icon Janayugom Online

സ​ഞ്ജു സാം​സ​ണ്‍ വീ​ണ്ടും ഇ​ന്ത്യ​ൻ ടീമിൽ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇരുഫോര്‍മാറ്റിലും രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തി ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പുജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരിക്കേറ്റ കെ എല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. 

രോഹിത് യുഗം എന്ന് ഉറപ്പിച്ച് ടെസ്റ്റിലും രോഹിത് തന്നെ ഇന്ത്യയുടെ ടെസ്റ്റ് നായകനായി എത്തിയിരിക്കുന്നു. വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ്. പ്രിയങ്ക് പാഞ്ചലിന് ടീമിലേക്ക് വിളിയെത്തിയതാണ് ടെസ്റ്റില്‍ എടുത്തുപറയേണ്ടത്. വിരാട് കോലിയുടെ 100-ാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്. രഹാനെക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിക്കുമ്പോള്‍ പുജാരക്ക് പകരം ആരെന്നത് കണ്ടറിയണം.

പരിക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ടി20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് ടെസ്റ്റ്, ടി20 ടീമുകളില്‍ ഇടംപിടിച്ചു. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. 

Eng­lish Summary:Sanju Sam­son in the Indi­an team again
You may also like this video

Exit mobile version