ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, എഡിറ്റിംഗ്, നിര്‍മ്മാണമടക്കം നിര്‍വ്വഹിച്ച “ആതിരയുടെ മകള്‍ അജ്ഞലി” 21ന് യൂട്യൂബിലൂടെ റിലീസ് ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ് എറണാകുളം പ്രസ്സ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചിലവ് കുറച്ച് നിർമ്മിച്ചിട്ടുള്ള ചിത്രം രണ്ടു ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.
വിവാഹ മോചിതയോ ‚വിധവോ ആയ സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്. സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന ചിത്രത്തിൽ നിമിഷ, ട്വിങ്കിൾ, തേജസ്വിനി എന്നിവരാണ് നായികമാർ. ബിജു പ്രദീപ്, ശങ്കർ, കൃഷ്ണപ്രിയ, നസീമ, ഹനീഫ, രാധാകൃഷ്ണൻ, ഉൾപ്പെടെ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
തീയറ്ററുകളിൽ പ്രേക്ഷകർ എത്താത്തത് മലയാള സിനിമ നേരിടുന്ന വെല്ലുവിളിയാണ്. ഒരു പക്ഷെ നല്ല കുടുംബ ചിത്രങ്ങൾ ഇറങ്ങാത്തതാകാം കാരണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മയക്കുമരുന്നും കൊലപാതകവും കവർച്ചയും കേസുകളും അവിഹിതവും ‚പ്രണയവും മാത്രമായി സിനിമയുടെ പ്രമേയം മാറുന്നത് പ്രേക്ഷകരിൽ മടുപ്പിന് കാരണമായിട്ടുണ്ട്.
ലോഹിതദാസും പത്മരാജനും പോലുള്ളവർ സമാന്തര സിനിമയുടെ വക്താക്കളായിരുന്നു. ഇന്ന് അത്തരം പ്രതിഭകളുടെ അസാന്നിധ്യം പ്രകടമാകുന്നുണ്ടെന്നും ചോദ്യത്തിന് മറുപടിയായി സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കുടുംബവുമായി ഇരുന്ന് ആസ്വദിക്കാനും അതിൽ ഒരു നന്മയുടെ സന്ദേശം നൽകാനും കഴിയുന്ന സിനിമകളാണ് മുൻപുണ്ടായിരുന്നത് . ഇന്ന് സ്ഥിതിയാകെ മാറി. മലയാള ഭാഷ ചിത്രങ്ങൾ വിജയിക്കാത്തിടത്ത് ഇതര ഭാഷ ചിത്രങ്ങൾക്ക് ഇവിടെ കയ്യടി കിട്ടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓൺലൈൻ പ്ലാറ്റ് ഫോമിന്റെ സ്വാധീനം മലയാള സിനിമയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തീയറ്ററുകളിൽ കാണേണ്ടുന്ന സിനിമ ഒടിടിയിൽ കണ്ടാൽ സംതൃപ്‌തി ഉണ്ടാകണമെന്നില്ല. എന്നാൽ റിലീസ് ചിലവുകൾ കൂടുതലായതിനാൽ കുറഞ്ഞ മുതൽ മുടക്കിൽ നിർമ്മിക്കുന്ന സിനിമകൾ ഒടിടി യെ സമീപിക്കുന്നതിൽ കുറ്റം പറയാനും കഴിയില്ല. സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോൾ അത് സിനിമയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്നാണ് അഭിപ്രായമെന്നും സന്തോഷ് പണ്ഡിറ്റ് സൂചിപ്പിച്ചു.
English Summary: Santhosh Pandit’s ‘Athirayude Makal Ajnali’ hits the screens on 21st
You may also like this video