Site iconSite icon Janayugom Online

സൂചിക്കുഴയിലെ കരിങ്കോഴികള്‍ അയ്യങ്കവലയും; ചാവുചരിതത്തില്‍ സദസുരുകി

ദുരന്തനായകൻ ഈഡിപ്പസ് രാജകുമാരൻ. പിതാവിനെ കൊന്ന് മാതാവിനെ വിവാഹം കഴിച്ചവൻ. സോഫാക്ലീസിന്റെ ഈ നാടകം ‘ചാവുചരിതം’ എന്ന് മൊഴിമാറി അരങ്ങിന് തീപകർന്നപ്പോൾ ഹയർ സെക്കൻഡറി വിഭാഗം നാടകമത്സരവേദിയിൽ ഉരുകിയുയർന്ന പാലക്കാടൻ ചൂട് ഒടുക്കംവരെയും ഉലയൂതി നിന്നു. ആദ്യ നാടകമായി വേദിയിലെത്തിയ പാലക്കാട് വാടാനംകുറിശ്ശി ജിവിഎച്ച്എസ്എസിലെ ചാവുചരിതം നിറഞ്ഞ കൈയടി നേടി. ഈഡിപ്പസും ജക്കോസ്റ്റയും ലെയ്സ് രാജാവുമായി വിദ്യാർത്ഥികൾ തകർത്തഭിനയിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാരമ്പര്യങ്ങളൊന്നും പറയാനില്ലാത്ത വാടാനംകുറിശി സ്കൂളിൽനിന്ന് ഒരു നാടകം പിറന്നത് മലയാളം അധ്യാപിക സോയ ടീച്ചറുടെ മികവിലായിരുന്നു. ഷൊർണൂർ ഉപജില്ലയിൽനിന്ന് ഒരു വിദ്യാലയം ആദ്യമായി ജില്ലാതലത്തിൽ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ചരിത്രവുമായാണ് തളി സാമൂതിരി സ്കൂളിലെ വേദിയിൽ ചുവടുറപ്പിച്ചത്. 

സമകാലിക സംഭവ വികാസങ്ങൾ കോർത്തിണക്കിയതായിരുന്നു തുടർന്നുള്ള ”കരിംകോഴി” നാടകം. ദാസപ്പൻ എന്ന യുക്തിവാദിയുടെ മരണാനന്തരത്തോടെയാണ് നാടകം ആരംഭിക്കുന്നത്. കരിംകോഴിയെ തിരക്കിയുള്ള അ­ന്വേഷണത്തിന്റെ രസകരമായ സംഭവങ്ങൾ വിവരിക്കുന്ന നാടകം രസച്ചരട് മുറിയാതെ മുന്നോട്ടു പോകുന്നു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് എസ്എൻ വിഎച്ച്­എസ്എസ് ആന്റ് വിഎച്ച്എസ്എസ് ആണ് നാടകം അരങ്ങിൽ എത്തിച്ചത്. അനിൽ കാരേറ്റ് എഴുതിയ നാടകം പരിശീലിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. ടിവി കൊച്ചുബാവയുടെ കൃതിയെ കേന്ദ്രീകരിച്ച സൂചിക്കുഴയിൽ ഒരു യാക്കൂബ് നാടകം നടക്കാവ് ഗേൾസ് ഹൈസ്കൂളിന് നടനമികവിന്റെ അംഗീകാരമായി. അകാലത്തിൽ മരണപ്പെട്ട നാടകപ്രവർത്തകൻ ശാന്തകുമാറിനുള്ള സ്മരണാഞ്ജലിയായിരുന്നു ഇരിങ്ങാലക്കുട എസ്എൻ ഹയർ സെക്കന്‍ഡറിയുടെ നാടകം ബെസ്റ്റ് ആക്ടർ. 

മണ്ണിന്റെയും വിത്തിന്റെയും കാവലാളായ വെള്ളച്ചിയുടെയും മ­ണ്ണിൽ പണിയെടുക്കുന്നവന്റെ വിയർപ്പിന്റെയും കഥ പറഞ്ഞു മണ്ണ് നാടകത്തിലൂടെ അടിമാലി ഫാത്തിമാ ഹയർസെക്കന്‍ഡറിയും കർഷകഗാഥയിലൂടെ കാഞ്ഞങ്ങാട് ദുർഗാ സ്കൂളും ശ്രദ്ധനേടി. ആൾദൈവങ്ങൾക്കെതിരെ പ്രതികരിക്കുന്ന, അന്ധവിശ്വാസങ്ങളുടെ തടവറ തകർത്ത കോഴിക്കോട് കോക്കല്ലൂർ ഹയർ സെക്കന്‍ഡറിയുടെ കലാസമിതി എന്ന നാടകവും കൈയ്യടി നേടി. ബേബി തോമസിന്റെ ‘എന്റെ പീഡാനുഭവങ്ങൾ’ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണിത്. മനോജ് നാരായണൻ സംവിധാനവും വിനീഷ് പാലയാട് രചനയും നിർവഹിച്ചു. കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി ഹയർസെക്കന്ററിയുടെ അയ്യങ്കവല ചിലതൊക്കെ വ്യക്തമായി പറഞ്ഞു. പറഞ്ഞതൊക്കെയും സദസ്സ് കരഘോഷത്തിൽ ഏറ്റെടുക്കുകയും ചെയ്തു. 

Eng­lish Summary;school kalol­savam 2023
You may also like this video

YouTube video player
Exit mobile version