കടലിനക്കരെ അങ്ങ് കുവൈറ്റിൽ അക്ഷമരായി കാത്തിരിക്കുകയായിരുന്നു ശ്രുതിയുടെ മാതാപിതാക്കൾ. ഇവിടെ കടലിനിക്കരെ കോഴിക്കോടിന്റെ മണ്ണിൽ മകൾ ശ്രുതി വീണയില്‍ മാറ്റുരയ്ക്കാന്‍ മത്സരവേദിയിലായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ എ ഗ്രേഡോടെ ശ്രുതി മികച്ച നേട്ടം കരസ്ഥമാക്കി. കുവൈറ്റിലുള്ള അമ്മ അനുജയ്ക്കും അച്ഛൻ എം എസ് ബാബുവിനും സന്തോഷം.
കഴിഞ്ഞ നാലുവർഷമായി ശ്രുതി വീണ അഭ്യസിക്കുന്നു. ആദ്യമായിട്ട് വീണയുമായി ഒരു വേദിയിൽ കയറുന്നത് തന്നെ കലോത്സവവേദിയിലാണ്. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചുകലാകാരി ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ചാണ് കോഴിക്കോട് മത്സരിച്ചത്. മായമാളവിക രാഗത്തിലുള്ള കീർത്തനമാണ് ശ്രുതി വീണയിൽ മീട്ടിയത്. അച്ഛനും അമ്മയും പ്രവാസജീവിതത്തിന്റെ തിരക്കിലായതോടെ മുത്തശ്ശി അനിത പ്രസാദിന്റെ സംരക്ഷണയിലാണ് ശ്രുതി. തിരുവനന്തപുരത്തുള്ള സിജിത ബാബുവാണ് ശ്രുതിയുടെ ഗുരു.
English Summary;school kalolsavam 2023
You may also like this video