Site iconSite icon Janayugom Online

ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കണം; മുഖം തിരിച്ച് റെയില്‍വേ

അക്രമസംഭവങ്ങളും അപകടങ്ങളും വർധിക്കുമ്പോഴും ട്രെയിനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കാതെ റെയിൽവേ അധികൃതർ. ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കണമെന്നും സിസി ടി വികളും ഫയർ എക്സിറ്റിങ്ങ്ക്യൂഷുകളും സ്ഥാപിക്കണമെന്നുമുള്ള ആവശ്യം പല തവണ ഉയർന്നുവന്നെങ്കിലും ഇതുവരെ റെയിൽവേ അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ല. ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുകയും ഇളവുകൾ നിർത്തലാക്കുകയും ചെയ്യുന്ന റെയിൽവേ പക്ഷെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന സമീപനവുമായാണ് മുന്നോട്ട് പോകുന്നത്. ഇത്തരം നടപടികൾ തന്നെയാണ് എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീ കൊളത്തിയ സംഭവം ഉൾപ്പെടെ സംഭവിക്കാൻ കാരണമെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. 

യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി സ്വീകരിച്ചിരുന്നു. പതിനൊന്നായിരം ട്രെയിനുകളിലും ഒമ്പതിനായിരം റെയിൽവേ സ്റ്റേഷനിലുമായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഓരോ കോച്ചിലും എട്ട് ക്യാമറകൾ സ്ഥാപിക്കുമെന്നും ഇടനാഴിയുൾപ്പെടെ നിരീക്ഷണ വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പദ്ധതി പാളം തെറ്റുകയായിരുന്നു. ഭൂരിഭാഗം സ്റ്റേഷനുകളിലും പദ്ധതി നടപ്പിലായിട്ടില്ല. നടപ്പിലായ സ്ഥലങ്ങളിലാവട്ടെ ഇവ പ്രവർത്തന രഹിതവുമാണ്. 

നേരത്തെ സൗമ്യ കൊല്ലപ്പെട്ടപ്പോൾ സുരക്ഷാകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമായിരുന്നു. അക്രമം നടക്കുന്ന സമയമൊന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ പൊലീസോ സ്ഥലത്തുണ്ടായിരുന്നില്ല. ഈ അവസ്ഥ തന്നെയാണ് ഇപ്പോഴും തുടരുന്നത്. യാത്രക്കാർക്ക് നേരെയുള്ള അക്രമങ്ങൾ വർധിക്കുകയും ട്രെയിൻ വഴിയുള്ള ലഹരി കടത്ത് ഉൾപ്പെടെ വലിയ തോതിൽ വർധിക്കുകയും ചെയ്തിരിക്കുകയാണ്. യാതൊരു പരിശോധനകളും നേരിടാതെ ആർക്കും ട്രെയിനുകളിലേക്ക് കടന്നുവരാമെന്നതാണ് സ്ഥിതിയെന്ന് യാത്രക്കാർ പറയുന്നു. കോവിഡിന് ശേഷംജനറൽ കമ്പാർട്ട്മെന്റുകളിൽ ടിക്കറ്റ് പരിശോധന പോലും കാര്യക്ഷമമായി നടക്കാറില്ല. ടിക്കറ്റ് എടുക്കാതെ യാത്രക്കാർ റിസർവേഷൻ കമ്പാർട്ട്മെന്റുകളിൽ കയറുന്നത് പോലും കൃത്യമായി തടയാൻ സാധിക്കാത്ത സ്ഥതിയാണ് നിലവിലുള്ളത്. ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമെന്നാണ് റെയിൽവേ അധികൃതർ തന്നെ വ്യക്തമാക്കുന്നത്.
വരുമാനം വർധിപ്പിക്കാൻ റെയിൽവേ കാണിക്കുന്ന ശുഷ്ക്കാന്തി യാത്രക്കാരുടെ സുരക്ഷാ കാര്യത്തിലും ഉണ്ടാവണമെന്ന് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ സി ഇ ചാക്കുണ്ണി പറഞ്ഞു. ആർ പി എഫ്, ജി ആർ പി, ടി ടി ഇ ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്തണം. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ സ്കൂൾ തലത്തിൽ തന്നെ സിലബസിൽ ഉൾപ്പെടുത്തി ബോധവത്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അടുത്തിടെയാണ് എലത്തൂരിന് അടുത്ത് കൊയിലാണ്ടി ആനക്കുളത്ത് ട്രെയിനിൽ യാത്ര ചെയ്യവെ സഹയാത്രികൻ പുറത്തേക്ക് തള്ളിയിട്ടതിനെത്തുടർന്ന് യുവാവ് മരണപ്പെട്ടത്. യാത്രക്കിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ സഹയാത്രികൻ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇതിന് മുമ്പാണ് ചെങ്കോട്ട‑കൊല്ലം പാസഞ്ചർ ട്രയിനിൽ വനിതാ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ കത്തി കാട്ടി ഒരു സംഘം സ്വർണം കവർന്നത്. മുളന്തുരുത്തിയിൽ ഓടുന്ന ട്രെയിനിൽ പട്ടാപ്പകൽ യുവതിയെ അക്രമിച്ച് സ്വർണം കവരാനുള്ള ശ്രമവും നടന്നിരുന്നു. യുവതി പാളത്തിലേക്ക് എടുത്ത് ചാടിയാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിൽ തിരുവല്ല സ്വദേശികളെ ഭക്ഷണത്തിൽ ലഹരി മരുന്ന് നൽകി മയക്കിക്കിടത്തി ആഭരണങ്ങൾ ഉൾപ്പെടെ കവർന്ന സംഭവവുമുണ്ടായി. ഇത്തരം സംഭവങ്ങൾക്ക് ശേഷം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സുരക്ഷ പുനരാരംഭിച്ചിരുന്നെങ്കിലും പിന്നീട് താളം തെറ്റുകയായിരുന്നു. 

ട്രെയിനുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ മറ്റൊരു പദ്ധതിയായ മേരി സഹേലിയും പാളംതെറ്റിയ അവസ്ഥയിലാണ്. ആർപിഎഫിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ട്രെയിൻ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് ആർപിഎഫിന്റെ വനിതാ സംഘം ട്രെയിനിൽ കയറും. ഇതിനായി പതിനേഴ് സംഘങ്ങളും റെയിൽവേ രൂപീകരിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് ഈ പദ്ധതിയും അവതാളത്തിലായി. ഇതുപോലെ നിരവധി പദ്ധതികൾ യാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്നെങ്കിലും അതെല്ലാം പാതി വഴിയിൽ അവസാനിക്കുകയായിരുന്നു. എലത്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമഗ്ര സുരക്ഷാ ഓഡിറ്റിംഗ് നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സി ഇ ചാക്കുണ്ണി വ്യക്തമാക്കി. രാത്രികാലങ്ങളിൽ നൈറ്റ് പട്രോളിങ്ങും ജനറൽ കമ്പാർട്ട്മെന്റുകളിൽ ഉൾപ്പെടെ ടിക്കറ്റ് പരിശോധനയും കാര്യക്ഷമമാക്കണം. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടി വി ക്യാമറകൾ സ്ഥാപിക്കുകയും പ്രവർത്തന രഹിതമായ ക്യാമറകൾ മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish Summary:Security should be enhanced in trains; The rail­way turned its back

You may also like this video

Exit mobile version