എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അതിജീവിത. സിവിക് അധികാരം സ്ഥാപിച്ചുകൊണ്ട് ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത ഒരു മാധ്യമത്തോടെ പറഞ്ഞു. കേസ് കാരണം താൻ വ്യക്തിപമായി ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. സിവികിനെതിരെ പരാതി കൊടുത്തതിന് സാമൂഹിക വിചാരണ നേരിടേണ്ട സ്ഥിതിയാണുള്ളതെന്നും അതിജീവിത വ്യക്തമാക്കുന്നുണ്ട്.
സിവിക് ചന്ദ്രൻ എഡിറ്ററായ പാഠഭേദം മാസികയിൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. എന്നാൽ ഒടുവിൽ സിവിക്കിനെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ കമ്മീഷൻ പ്രവർത്തിച്ചതെന്ന് അതിജീവിത വ്യക്തമാക്കുന്നു. മുമ്പ് നടന്ന സംഭവങ്ങളിലേതുപോലെ ഇതും ഒതുക്കാമെന്ന് അവർ കരുതി. താൻ പറഞ്ഞ കാര്യങ്ങളിൽ തെളിവില്ലാത്തതുകൊണ്ട് കൂടുതലൊന്നും ചെയ്യാൻ ഐസിസിക്ക് കഴിയില്ലെന്നും പാഠഭേദം ടീമിന് മുന്നിൽ വെച്ച് സിവിക് ചന്ദ്രൻ മാപ്പ് പറയുമെന്നുമായിരുന്നു കമ്മിറ്റി വ്യക്തമാക്കിയത്. എന്നാൽ ഒരു സ്ത്രീ ഇത്തരമൊരു സാഹചര്യത്തിൽ എന്ത് തെളിവാണ് നൽകേണ്ടതെന്ന് താനവരോട് ചോദിച്ചു. ചെയ്തത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട് അന്നതിൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ തനിക്ക് ക്ഷമിക്കാമായിരുന്നു. എന്നാൽ പ്രവൃത്തിയെ ന്യായീകരിക്കുകയും തെറ്റിദ്ധരിപ്പിച്ചത് താനാണെന്ന് വരുത്തിത്തീർക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഐസിസി റിപ്പോർട്ട് രേഖാമൂലം കിട്ടിയിട്ടുണ്ടെന്നും അതിൽ അതൃപ്തിയുള്ളതുകൊണ്ടാണ് നിയമപരമായി മുന്നോട്ട് നീങ്ങിയതെന്നും അതിജീവിത പറഞ്ഞു. അന്വേഷണ കമ്മീഷനിലുണ്ടായിരുന്ന മൂന്നു പേരും സിവിക്കുമായും പാഠഭേദവുമായി വളരെയടുത്ത ബന്ധം പുലർത്തുന്നവരാണെന്നും അവർ വ്യക്തമാക്കി.
സാഹിത്യ ക്യാമ്പിൽ വെച്ചാണ് സിവിക് ചന്ദ്രനെ പരിചയപ്പെടുന്നത്. തന്റെ കവിതാ പുസ്തകം കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുകയും താൻ പാഠഭേദം മാസികയുടെ എഡിറ്റോറിയൽ അംഗമാവുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയും അസഹ്യമായ സന്ദേശങ്ങൾ അയച്ചുകൊണ്ട് ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തത്. പിതാവിനേക്കാള് പ്രായമുള്ള വ്യക്തി പ്രണയമാണെന്ന് പറഞ്ഞപ്പോൾ വല്ലാത്ത പ്രയാസം തോന്നി. തനിക്കങ്ങനെ കാണാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വളരെ ചെറിയ പ്രായത്തിലുള്ള കാമുകിമാർ വരെ തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്ിതന്റെ മറുപടി. അസഹ്യമായ മെസേജുകൾ അയയ്ക്കരുതെന്ന് പറഞ്ഞെങ്കിലും അദ്ദേഹം പിൻവാങ്ങിയില്ല. തന്റെ ശരീരത്തിൽ കടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെയാണ് താൻ അതിശക്തമായി എതിർത്തത്. ഇദ്ദേഹത്തിനെതിരെ ശബ്ദമുയർത്താൻ മടിച്ച മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത്. പ്രതികരിക്കാൻ പലർക്കും ധൈര്യമില്ലാത്തതാണ് ഇയാളെ പോലുള്ള ഒരാൾക്ക് വീണ്ടും വീണ്ടും ഇത്തരം അതിക്രമം നട്താൻ പ്രചോദനം നൽകുന്നതെന്നും അവർ വ്യക്തമാക്കി.
യുവഎഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ഏപ്രിൽ മാസം യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്നു രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി ചുംബിച്ചെന്നാണ് പരാതി. പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനു ശേഷം ഫോണിലേക്ക് വിളിച്ചും മെസേജകൾ അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. ലൈംഗിക അതിക്രമണത്തിനും പട്ടികജാതിക്കെതിരെയുള്ള അതിക്രമത്തിനുമാണ് കേസ്. ഇതേ സമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ സിവിക് ചന്ദ്രനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.