Site iconSite icon Janayugom Online

ഷഹബാസ് കൊലപാതകം; കുറ്റപത്രം സമ‍ർപ്പിച്ചു, ഗൂഢാലോചനയിൽ തുടരന്വേഷണം

താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമ‍ർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടർ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം തുടക്കം മുതൽതന്നെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാ‍ർത്ഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യക്തതവരുത്താനാണ് തീരുമാനം. 

താമരശ്ശേരി എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസ് (15) മാർച്ച് ഒന്നിനാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്നത് കണക്കിലെടുക്കാണ് കുറ്റം പത്രം സമർപ്പിച്ചത്. ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ആറ് സഹപാഠികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി അന്തിമ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഹർജിക്കാരുടെയും മറ്റു കക്ഷികളുടെയും പ്രധാന വാദങ്ങൾ പൂർത്തിയാക്കിയിട്ടും നിയമ പ്രശ്നങ്ങളിൽ കൂടുതൽ വ്യക്ത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യൻതോമസ് ഹർജി മാറ്റുകയായിരുന്നു. 

പ്രതികളെ ജാമ്യത്തിൽ വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുകയും അവരുടെ ജീവൻ അപകടത്തിലാകുമെന്നുള്ള പ്രൊസിക്യുഷൻ വാദം പരിഗണിച്ചും പ്രതികൾക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയും നേരത്തെ ഇവർക്ക് ജാമ്യം നിഷധിക്കുകയായിരുന്നു. പ്രതികളായ ആറ് വിദ്യാർത്ഥികളും വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുകയാണ്. അതിനിടെ പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് പരീക്ഷ എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു. 

Exit mobile version