ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.3 ഓവറില്‍ 228 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 46.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 129 പന്തില്‍ 101 റണ്‍സ് നേടി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. രോഹിത് ടി20 ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഗില്‍ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 പന്തില്‍ 41 റണ്‍സെടുത്ത് രോഹിത് പുറത്തായി. മൂന്നാമനായെത്തിയ വിരാട് കോലി ഗില്ലിനൊപ്പം ചേര്‍ന്ന് സ്കോര്‍ 100 കടത്തി. എന്നാല്‍ കോലിയെ റിഷാദ് ഹൊസൈന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. 38 പന്തില്‍ 22 റണ്‍സെടുത്താണ് കോലിയുടെ മടക്കം. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ക്ക് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇടംകയ്യനായ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ എട്ട് റണ്‍സുമായി മടങ്ങി. കെ എല്‍ രാഹുലും (41) ഗില്ലും ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തൗഹിദ് ഹൃദോയും ജേക്കര്‍ അലിയും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 118 പന്തില്‍ 100 റണ്‍സടിച്ച ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ജേക്കര്‍ അലി 118 പന്തില്‍ 68 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 206 പന്തുകളിൽ 154 റൺസാണ് ബംഗ്ലദേശിനായി കൂട്ടിച്ചേർത്തത്. 10 ഓവറുകൾ പന്തെറിഞ്ഞ മുഹമ്മദ് ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഷമി റെക്കോഡും കുറിച്ചു. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോഡുമാണ് ഷമി നേടിയത്. 104 മത്സരങ്ങളില്‍ നിന്നാണ് 200 വിക്കറ്റ് തികച്ചത്.
സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹുസെയ്ന്‍ ഷാന്റോ, മുഷ്ഫിഖര്‍ റഹീം എന്നിവര്‍ റണ്‍സ് ഒന്നും എടുക്കാതെ കൂടാരം കയറി. തന്‍സിദ് ഹസന്‍ (25), മെഹ്ദി ഹസന്‍ മിറാസ് (അഞ്ച്), റിഷാദ് ഹൊസൈന്‍ (18) തന്‍സിം ടസ്‌കിന്‍ അഹമ്മദ് (മൂന്ന്) റണ്‍സ് നേടി പുറത്തായി. അഞ്ചു പന്തുകള്‍ നേരിട്ട ഓപ്പണര്‍ സൗമ്യ സര്‍ക്കാരാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ ഓവറിലെ അവസാന പന്ത് നേരിട്ട സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ എഡ്ജായ പന്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ കൈയിലൊതുക്കി. ഹര്‍ഷിത് റാണയുടെ രണ്ടാം ഓവറില്‍ വിരാട് കോലി ക്യാച്ചെടുത്ത് ബംഗ്ലാദേശ് ക്യാപ്റ്റനും പുറത്തായി. ഷമിയെറിഞ്ഞ ഏഴാം ഓവറില്‍ മെഹ്ദി ഹസനെ ഗില്‍ പിടികൂടി. തൊട്ടടുത്ത പന്തില്‍ ജേക്കര്‍ അലിയുടെ വിക്കറ്റ് കൂടി നേടി ഹാട്രിക്ക് തികയ്ക്കാന്‍ അക്സറിന് കഴിയുമായിരുന്നെങ്കിലും അക്സറിന്റെ പന്തില്‍ ജേക്കര്‍ അലി സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് രോഹിത് ശര്‍മ്മ കൈവിട്ടു. ആഘോഷം തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ നിരാശയിലാഴ്ത്തി രോഹിത്ത് അനായാസ ക്യാച്ച് നഷ്ടമാക്കി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് എന്ന അപൂര്‍വതയാണ് അക്സറിന് നഷ്ടമായത്.
20-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ തൗഹിദ് ഹൃദോയ് നല്‍കിയ അനായാസ ക്യാച്ച് മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യ കൈവിട്ടു. 24 റണ്‍സായിരുന്നു ഈ സമയം തൗഹിദിന്റെ വ്യക്തിഗത സ്കോര്‍. ജഡേജയുടെ പന്തില്‍ ജേക്കര്‍ അലിയെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം രാഹുലും നഷ്ടമാക്കിയതോടെ ബംഗ്ലാദേശ് പതുക്കെ കരകയറി. സ്കോർ 189ല്‍ നിൽക്കെ ജേക്കർ അലിയെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ഒമ്പതാം ഓവറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇവരുവരും 43-ാം ഓവറിലാണ് വേര്‍പിരിഞ്ഞത്. ഇന്ത്യക്കായി ഷമിയെ കൂടാതെ ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി.

