അകാലത്തിൽ യാത്രയായ പ്രിയപ്പെട്ടവന്റെ സ്വപ്നങ്ങൾ അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് യാഥാർത്ഥ്യമാക്കി. വാഹനാപകടത്തിൽ മരിച്ച ശരൺ കൃഷ്ണയ്ക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ ‘ആഞ്ചെലിക്ക ഗ്ലോക്കാ’ എന്ന ഹ്രസ്വചിത്രമാണ് അമ്മയും സുഹൃത്തുക്കളും ചേർന്ന് പൂർത്തീകരിച്ചത്. ശരണ്‍ ബാക്കിവച്ചു പോയ സ്റ്റുഡിയോ ഉൾപ്പെടെയുള്ള ആഗ്രഹങ്ങളും സഫലീകരിക്കാനാണ് അവരുടെ തീരുമാനം. തേഞ്ഞിപ്പാലം സ്വദേശിയായ ശരൺ കൃഷ്ണയ്ക്ക് സിനിമയായിരുന്നു ലോകം. എറണാകുളം ജെയിൻ യൂണിവേഴ്സിറ്റിയിൽ ബി എസ്‌സിഐടി വിദ്യാർത്ഥിയായിരുന്ന ശരൺ കൃഷ്ണയുടെ ഹ്രസ്വചിത്രങ്ങൾ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശരൺ സംവിധാനം ചെയ്ത ബിബിഷ് ബേക്കറി, സ്വഭൂപ, അവസ്താത്രയം, വൺ സൈഡ് ലൗ, ത്രീ മിനിറ്റ്സ്, നിർഭയ തുടങ്ങിയ ഷോർട്ട് ഫിലിമുകളെല്ലാം ഏറെ ശ്രദ്ധനേടി. ഇക്കച്ചക്ക എന്ന വെബ് സീരീസും രചനാപരമായും അവതരണ മികവിനാലും ശ്രദ്ധേയമായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ശരൺ ഷോർട്ട് ഫിലിമുകൾ എടുത്തു തുടങ്ങിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. തുടക്കകാലത്ത് ഒരുക്കിയ വിദ്യ എന്ന ഷോർട്ട് ഫിലിം ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മൂന്നാം സ്ഥാനം നേടിയതോടെ ഈരംഗത്ത് ശ്രദ്ധേയനായി. അരുത് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ അയ്യായിരത്തോളം ഷോർട്ട് ഫിലിമുകളെ പിന്നിലാക്കിയാണ് ശരണിന്റെ നോ എന്ന ചിത്രം പുരസ്കാരം നേടിയത്. കഴിഞ്ഞ വർഷം മഹാത്മാഗാന്ധി കോളജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം നടത്തിയ നാഷണൽ ഫെസ്റ്റിവലിൽ നിർഭയ എന്ന ഷോർട്ട് ഫിലിം അംഗീകാരം നേടി.
ചെറുപ്രായത്തിൽ തന്നെ വലിയ സിനിമാ സ്വപ്നങ്ങളുമായിട്ടായിരുന്നു ശരണിന്റെ യാത്ര. ആംഗിൾ ഫ്രെയിംസ് ആന്റ് പോപോ ക്രിയേറ്റീവ് സ്റ്റുഡിയോ പ്രൊഡക്ഷൻ ഹൗസിന്റെ സിഇഒയുമായിരുന്നു ശരൺ കൃഷ്ണ. കോഴിക്കോട് സൈബർ പാർക്കിൽ ജോലി ചെയ്തുവരുന്നതിനിടെ നിരവധി വിദേശകമ്പനികളുടെ ഓഫറുകൾ ലഭിച്ചെങ്കിലും അമ്മയെ പിരിഞ്ഞു നിൽക്കാനാവാത്തതിനാൽ അതെല്ലാം വേണ്ടെന്നു വച്ചു. ഫീച്ചർ ഫിലിം ഒരുക്കാനുള്ള ശ്രമങ്ങളും സ്റ്റുഡിയോ നിർമ്മാണവും അന്തിമഘട്ടത്തിൽ എത്തി നിൽക്കവെയാണ് തൃശൂരിലുണ്ടായ വാഹനാപകടത്തിൽ മരിക്കുന്നത്. ഇതോടെ ശരൺ തുടങ്ങിവച്ച ആഞ്ചെലിക്ക ഗ്ലോക്കാ എന്ന ഹ്രസ്വചിത്രം പാതിവഴിയിലായി. ആ ഹ്രസ്വചിത്രമാണ് അമ്മയും സുഹൃത്തുക്കളും ചേർന്ന് പൂർത്തീകരിച്ചത്. ശരണിന്റെ ആഗ്രഹ പ്രകാരം കോഴിക്കോട് മണ്ണൂർ ചിത്ര തിയേറ്ററിൽ 18ന് ചിത്രം പ്രദർശിപ്പിക്കും. അഖിൻ എം എ, അഹദിൻ ഇ പി, ആര്യ സുരേന്ദ്രൻ, കൃഷ്ണേന്ദു, റോബിൻ റോഷ്, അബ്ദുൾ ആഷിർ, ഫർഷാദ് എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടത്. ഒരു നാട്ടിൽ നടക്കുന്ന മോഷണവുമായി ബന്ധപ്പെട്ട് മൂന്നു കള്ളൻമാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റുഡിയോ ഉദ്ഘാടനം നടത്തുന്നതിനൊപ്പം ശരണിന്റെ ജീവിതം തന്നെ ഒരു സിനിമ ആക്കാനുള്ള തയ്യാറെടുപ്പിലാണ് അമ്മ സോണിയ രാമകൃഷ്ണനും സുഹൃത്തുക്കളും.

