അലാം ഓഫ് ചെയ്ത്, ഫോൺ എടുത്ത് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ കടന്ന് പോകുന്നതിനിടെയാണ് സൗഹൃദപ്പട്ടികയിലെ പ്രമുഖ മാധ്യമപ്രവർത്തകയും അവതാരകയുമായ രശ്മി മേനോന്റെ പുസ്തകത്തിന്റെ പ്രകാശന പോസ്റ്റ് കണ്ണിലുടക്കിയത്. പോസ്റ്റിന് താഴെ ആശംസകൾ നേർന്നു. അൽപ്പം നീണ്ട ഒരു നെടുവീർപ്പോടെ പിന്നെയും കിടക്കയിലേക്ക് ചാഞ്ഞു.
ഓർമ്മകൾ അവളെ വർഷങ്ങൾക്ക് അപ്പുറത്തെ ചെറിയ ഹോസ്റ്റലിലെ കുടുസുമുറിയിൽ എത്തിച്ചു. അവിടെ മലയാളം കൊഞ്ചിക്കൊഞ്ചിപ്പറയുന്ന രശ്മിയെ അവൾ കണ്ടെടുത്തു. തൊട്ടടുത്ത് ഉള്ളത് തന്റെ ഛായ ഉള്ള ആരോ അല്ലേ? അല്ലല്ലോ താൻ തന്നെ അല്ലേ അതേ അത് താൻ തന്നെയാണ്. വർഷങ്ങൾക്ക് മുമ്പ് വഴിയിൽ എവിടെയോ കളഞ്ഞു പോയ അതേ താൻ. ഓ അന്ന് എഴുത്തുകാരി എന്ന് പേരുള്ളത് തനിക്കായിരുന്നല്ലോ എന്നും അവൾ വെറുതെ ഓർത്തു. വെറും പേര് മാത്രമായിരുന്നില്ല സ്വന്തം പേരിൽ അച്ചടിച്ച ചിലത് അവിടെയും ഇവിടെയും ഒക്കെ വന്നിരുന്നു. അത് കണ്ടാണ് മറ്റൊരു സഹമുറിയ കൂടിയായ അന്ന- ആകാശവാണി യുവവാണി പരിപാടിയുടെ കോ ഓർഡിനേറ്റർ കൂടിയായ അവൾ ഡയറിയിൽ നിന്ന് കണ്ടെത്തിയ ചില കുറിപ്പുകൾ കഥയാണെന്ന് പറഞ്ഞ് എടുത്ത് കൊണ്ട് പോയതും അത് വായിക്കാൻ എത്തണമെന്ന് കർശന നിർദ്ദേശം നൽകിയതും മനസില്ലാ മനസോടെ അതും പോയി വായിച്ചു. ദിവസങ്ങൾക്ക് ശേഷം യുവവാണിയിൽ അത് കേട്ടെന്ന് നാട്ടിൽ നിന്ന് അറിഞ്ഞു. അത് കേൾക്കാൻ പറ്റിയില്ല.
ആ എഴുത്തുകാരി ഇപ്പോൾ അക്ഷരം കൂടി മറന്ന് പോയിരിക്കുന്നു. കാലത്തിന്റെ ഓരോ.… സാഹിത്യത്തോടുള്ള താത്പര്യം മുഴുവൻ പ്രിയഎഴുത്തുകാരിയുടെ ചെല്ലപ്പേര് മകൾക്ക് നൽകി ആത്മസായൂജ്യം അടഞ്ഞു. എഴുത്തെല്ലാം പരണത്തുമായി.
പിന്നെയും ഓർമ്മകൾ രാവിലെ തന്നെ തള്ളിക്കയറി വരികയാണല്ലോ, പ്രമുഖ ചാനലിലെ ന്യൂസ് റൂമിലേക്ക് പുലർച്ചെ ഷിഫ്റ്റിലെത്താൻ വണ്ടിയെത്തി ഹോണടിക്കുന്നോ, പാതിരാ ഷിഫ്റ്റ് കഴിഞ്ഞെത്തിയ ഹിന്ദുവിലെ ആശയുമായി അൽപ്പനേരം സംസാരിക്കാൻ പോയതാണ് കുഴപ്പമായത് . ഉറങ്ങിപ്പോയി, ചാടിയെഴുന്നേറ്റ് ബാത്ത്റൂമിൽ കയറി കുളിച്ചെന്ന് വരുത്തി കയ്യിൽ കിട്ടിയ ഒരു ചുരിദാറുമിട്ട് വണ്ടിയിലേക്ക് കയറുമ്പോൾ തന്നെ കണ്ടു മുറുകിയ മുഖവുമായി ചീഫ് എക്സിക്യൂട്ടിവ് എഡിറ്റർ. ഇങ്ങേരെന്തിനാ ഈ വയസുകാലത്ത് ഇത്രയും രാവിലെ ഓഫീസിലേക്ക് വരുന്നത്.കുറച്ച് കൂടി ഉറങ്ങിയിട്ട് വെട്ടം വീണിട്ട് വന്നാൽ പോരെ, അവിടെ വന്ന് വെറുപ്പിക്കലുമായി നടക്കാനല്ലേ, അൽപ്പം ഈർഷ്യയോടെ പിറുപിറുത്ത് മറ്റുള്ളവരെ നോക്കിയൊന്ന് ചിരിച്ച് കയറി ഇരുന്നു, മാഡം അൽപ്പം കൂടി വൈകിയാലും കുഴപ്പമില്ലായിരുന്നു, ഞങ്ങൾ വെയ്റ്റ് ചെയ്യുമായിരുന്നില്ലോ, എന്തിനാ ഇത്ര ധൃതിപ്പെട്ടത്, മുഖ്യ പത്രാധിപരുടെ പരിഹാസം.…ഒന്നും മിണ്ടിയില്ല.തലേദിവസം വണ്ടി കിടന്ന് ഹോണടിച്ചെന്ന് പറഞ്ഞ് ഹൗസിംഗ് കോളനിയിലെ ഭഗവതി ആന്റി ഹോസ്റ്റൽ വാർഡനോട് പരാതിയുമായി എത്തിയിരുന്നു. ഹോണടിക്കല്ലേ ഫോണിൽ വിളിച്ചാൽ മതിയെന്ന് ഇന്ന് കാർ പൂളിൽ പറയണമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഇന്നത്തെ ദിവസം ഇങ്ങനെ ആയത്.
വണ്ടി തമ്പാനൂർ പോയി പത്രക്കെട്ടുമെടുത്ത് ഡെസ്കിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. റോയിട്ടേഴ്സിന്റെ കോപ്പികൾ പങ്കിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പരിഭാഷപ്പെടുത്തൽ തുടങ്ങി. മൂന്ന് നാല് സ്റ്റോറികൾ എഴുതിയപ്പോഴേക്കും സന്തോഷേട്ടന്റെ വിളിയെത്തി പത്രവാർത്തകൾ വിശകലനം തയാറാണ്. ആ സന്തോഷേട്ടൻ അറിഞ്ഞില്ലല്ലോ ഇന്നലെ നിങ്ങൾ ഇല്ലാരുന്നല്ലോ, കൃഷ്ണകുമാർ ആയിരുന്നു പത്രവിശകലനം ഏറ്റിരുന്നത്. അഞ്ചര ആയപ്പോൾ ഡെസ്കിലേക്ക് ഒരു കോൾ മനീഷയ്ക്ക് കൊടുത്തേ, ഞാനെടുത്തപ്പോൾ പറയുവാ എനിക്ക് ട്രെയിൻ മിസായി ഇനി അടുത്ത ട്രെയിനിൽ എത്തുമ്പോഴേക്കും ബുള്ളറ്റിന് സമയമാകും. അത് കൊണ്ട് നീ ആ പത്രവിശകലനത്തിന്റെ സ്ക്രിപ്റ്റ് ഒന്ന് ചെയ്തിട്ടേരെ- എന്റെ പത്രദൈവങ്ങളെ ഇതെങ്ങാനും ഈ മുഖ്യപത്രാധിപർ അറിഞ്ഞാൽ അപ്പോ തന്നെ എനിക്ക് ഓലയെത്തുമല്ലോ, സസ്പെൻഷനാകുമോ ഡിസ്മിസൽ ആകുമോ എന്നേ അറിയേണ്ടൂ, ഒരു വിധത്തിൽ അത്യാവശ്യം മിക്ക പത്രങ്ങളും വാരിക്കൂട്ടി എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചു, പത്രത്തിന്റെ പേജുകളും ഷൂട്ട് ചെയ്ത് ഇൻജസ്റ്റ് ചെയ്തു. അപ്പോഴേക്കും കൃഷ്ണകുമാർ ഹാജർ, എന്റെ പൊന്നേ അതൊന്ന് വായിച്ച് നോക്കീട്ട് കേറണേ എന്തൊക്കെ മണ്ടത്തരങ്ങളാ ഞാൻ എഴുതി പിടിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. സമയമില്ല മനീഷാ ഞാൻ മേയ്ക്കപ്പ് ചെയ്യട്ടെ, നിങ്ങൾ വളരെ സുന്ദരനല്ലേ നിങ്ങൾക്ക് മെയ്ക്കപ്പിന്റെ ഒരാവശ്യവുമില്ല, ഇതിലൊന്നും ഞാൻ വീഴില്ല, മാത്രമല്ല ആരാധകരെ നിരാശപ്പെടുത്തുന്നത് എങ്ങനെയാ കുട്ടീ.…ഹോ ഇതിപ്പോ ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയത് തന്നെ അല്ലെങ്കിൽ തന്നെ ചാനൽ എയറിലായത് മുതൽ തന്നെ കയ്യാലപ്പുറത്ത് ഇരിപ്പ് തുടങ്ങിയ ഞാൻ.….
പിസിആറിൽ പ്രൊഡക്ഷനിൽ ഇരിക്കുമ്പോഴും ഒരു സമാധാനവുമില്ല. ബുള്ളറ്റിൻ കഴിയും വരെ ആകെ ഒരു എരിപൊരി സഞ്ചാരം, ഇതുവരെ വിളിയും വന്നിട്ടില്ല, ഈ പരിസരത്തൊന്നും മുഖ്യപത്രാധിപരെ കണ്ടിട്ടുമില്ല, ഈ മുറിക്കുള്ളിൽ കിടന്ന് ഉറക്കം ആയിരിക്കുമോ? എന്തേലും ആകട്ട്… സ്റ്റുഡിയോയിൽ നിന്നിറങ്ങിയ കൃഷ്ണകുമാർ ടികെയെ മാറ്റി എന്നും നീ തന്നെ പത്രവിശകലനത്തിന്റെ സ്ക്രിപ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് എന്ന ഡയലോഗുമായി എത്തി. —നിങ്ങളറിഞ്ഞോ നിങ്ങടെ ജാഡ ഒക്കെ തീർന്നു.…നീ ചെയ്തോടീ അപ്പോ എനിക്ക് കുറച്ച് നേരം കൂടി ഉറങ്ങി പയ്യെ ഒക്കെ വന്നാൽ മതിയല്ലോ– ഓ അതുശരി.….
അമ്മേ, അമ്മേ എന്തൊരു ഉറക്കമാ എന്റെ പരീക്ഷ ഇന്നല്ലേ, ഓർമ്മകൾ മുറിഞ്ഞ് പോയല്ലോ, ഞാൻ എവിടെ ആയിരുന്നു, ചാടിപ്പിടിച്ച് എഴുന്നേറ്റ് പിന്നെയും അവൾ കുട്ടികളുടെയും പരീക്ഷകളുടെയും തന്റെ പരീക്ഷണങ്ങളുടെയും ലോകത്തേക്ക് നടന്നു.…..