Site iconSite icon Janayugom Online

നഷ്ടലോകത്തിലെ യുദ്ധഭേരിയിൽ വാളമീനിൻറെ കല്പന വായിക്കുമ്പോൾ

പ്രപഞ്ചപരിണാമത്തെക്കുറിച്ചും നവലോകനിർമ്മിതിയെക്കുറിച്ചും ചിന്തിക്കുമ്പോൾത്തന്നെ, കല്പനകളും യാഥാർത്ഥ്യങ്ങളും ഇഴചേർന്ന സുന്ദരമനുഷ്യരുടെ സ്വർഗ്ഗലോകം നൊന്തുപിറക്കുന്ന നാളുകൾക്കായി ഉപാസിച്ച കോടിക്കണക്കായ മനുഷ്യരുണ്ടായിരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യരുടെ വിയർപ്പിനും ചോരയ്ക്കും ചൂഷകരായ അധീശവർഗ്ഗം ഒരുനാൾ കണക്കുപറയേണ്ടിവരുമെന്ന നിശ്ചയത്തോടെ, സ്വയം ത്യജിക്കാൻ തയ്യാറായി പോരാടിയവരുടെ അഗണ്യസമൂഹം. നഷ്ടപ്പെടാൻ കൈച്ചങ്ങലകൾ മാത്രമുള്ള അവരുടെ അണിചേർന്ന് ലോകമാകെയുള്ള കൃഷിയിടങ്ങളിലും പണിശാലകളിലും ചിന്തകളുടെ വസന്തം വിരിഞ്ഞ കലാലയങ്ങളിലുമൊക്കെ അലയടിച്ചുയർന്ന സ്ഥിതിസമത്വത്തിന്റെ ഘോഷങ്ങളിൽ നമ്മുടെ നാടും ഒഴുകിച്ചേരുകയായിരുന്നു. അരുണാദശകങ്ങളുടെ പാട്ടുകാർ വയലാർ ഗർജ്ജിക്കുന്നുവിൽ തുടങ്ങി പ്രതിരോധത്തിന്റെ ചോരയും ജീവനും പകർന്ന് തിളക്കമേറ്റിയ ഒരു പതാക അവരെ നയിച്ചു.
സോവിയറ്റ്നാടിന്റെ രൂപീകരണം ലോകത്തെയാകെ പ്രതീക്ഷയുടെ തുറവിയിലേക്കാണ് നയിച്ചത്. ഒറ്റപ്പെട്ടും കലഹിച്ചും കിടന്ന രാജ്യങ്ങൾക്കൊക്കെ ഒരു കോൺഫെഡറേഷൻ സാധ്യമാക്കി ലെനിന്റെ നേതൃത്വം ആ സ്വപ്നത്തെ മണ്ണിൽ ഉറപ്പിച്ചു. അന്നത്തെ സോവിയറ്റ് മാതാവിന്റെ ഇരുമുലകളും നുണഞ്ഞുചിരിച്ച രണ്ട് ഓമനകളായിരുന്നു റഷ്യയും ഉക്രെയിനും. എല്ലാ മക്കൾക്കും നിശ്ചിതമായ തുല്യാവകാശം നല്കുമ്പോൾത്തന്നെ, മൂത്തകുട്ടിയെന്ന പരിഗണന റഷ്യയ്ക്ക് നൽകുന്നതായി പലരും സ്നേഹപൂർവ്വം പരാതി പറഞ്ഞിരുന്നു. അതൊക്കെ ഒരു കുടുംബത്തിലെ സ്നേഹപരിഭവങ്ങൾ മാത്രമായിരുന്നു.
മഹാമനീഷികൾ സൃഷ്ടിച്ച ആശയങ്ങൾക്കും ആദർശങ്ങൾക്കും മുകളിൽ മനുഷ്യരുടെ വ്യക്തിനിഷ്ട താല്പര്യങ്ങൾ, തൊപ്പിവച്ച്, മീശ മുനപ്പിച്ച് വളർന്നകാലത്താണ് സ്വപ്നലോകത്തിന്റെ അതിരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. പ്രച്ഛന്നഭാഷയുടെ സാമർഥ്യംകൊണ്ടു മാത്രം നേരിനെ കാലങ്ങളോളം ഒളിച്ചുവയ്ക്കാൻ സാധിക്കില്ലെന്ന വാസ്തവം അങ്ങനെ ബോധ്യമായി. അകമേനിന്നുള്ള ദൗർബല്യങ്ങളാലും ബാഹ്യമായ അതിസമ്മർദ്ദങ്ങളാലും ഒരു വ്യവസ്ഥ മെല്ലെമെല്ലെ ദുർബ്ബലമായി വീണു. സൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും കോർത്തുപിടിച്ച കൈകൾ വേർപെട്ടുമാറി, തമ്മിൽ ക്രുദ്ധരായി നോക്കി. പിന്നെ സ്വയംനിർണ്ണയത്തിന്റെയും പടലപ്പിണക്കത്തിന്റെയും നിരവധി അദ്ധ്യായങ്ങൾ തുറക്കപ്പെട്ടു. ഒടുവിൽ, റഷ്യയെന്ന ചേച്ചി ഉക്രെയിൻ എന്ന അനിയത്തിയെ ആക്രമിക്കുന്ന നിലയിലേക്ക് ലോകസാഹചര്യം മാറിമറിഞ്ഞു. ആയുധം നൽകാനും, പോരിന് വീറും വാശിയും കൂട്ടാനും ധാരാളം പുതിയ കൂട്ടുകാരുണ്ടായി. അങ്ങനെ നശീകരണത്തിന്റെ പുതിയൊരദ്ധ്യായം ഉക്രെയിനിൽ നാം കാണുന്നു. സോവിയറ്റ്കാലത്തെ മലയാളിക്കുട്ടികളെ ഏറെ ആകർഷിച്ച സമ്മാനങ്ങളായിരുന്നു പ്രോഗ്രസ്സ്  പബ്ലിഷേർസ് മോസ്കോയുടെ മിനുമിനുപ്പും വർണ്ണഭംഗിയുമുള്ള നൂറുകണക്കിന് പുസ്തകങ്ങൾ. വിവിധ രാജ്യങ്ങളിലെ നാടോടിക്കഥകൾ, ഭാവനാകഥകൾ, ചരിത്രകഥകൾ, യുദ്ധകഥകൾ, ത്യാഗത്തിന്റെ അനുഭവകഥനങ്ങൾ എന്നിങ്ങനെ വായനയെ ഊർജ്ജപ്പെടുത്തിയ പുസ്തകങ്ങൾ.
(ഡോ: പി. കെ. രാജശേഖരൻ ഇങ്ങനെ കുറിച്ചിട്ടുണ്ട്: മലയാളക്കുട്ടികള്‍ക്ക് റഷ്യയിലെയും അന്നത്തെ സോവിയറ്റ് റിപ്പബ്ലിക്കുകളിലെയും ബാലസാഹിത്യത്തിന്റെ വസന്തമത്രയും പരിഭാഷയിലൂടെ കൊണ്ടുവന്ന് മാമ്പഴക്കാലം ഒരുക്കുകയായിരുന്നു ഓമനയെന്ന മലയാളി.
‘വാളമീന്‍ കല്പിക്കുന്നു’വിലെ യെമേല്യ ഇങ്ങനെ ആജ്ഞാപിച്ചു: ”വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു. തൊട്ടികളേ നിങ്ങള്‍ വെള്ളംനിറച്ച് വീട്ടിലേക്കു പോവുക.”
തത്ക്ഷണം തൊട്ടികള്‍ സ്വയം വെള്ളം നിറച്ച് രണ്ടു താറാവുകളെപ്പോലെ കുണുങ്ങിക്കുണുങ്ങി കുന്നുകയറി വീട്ടിലേക്കു പോയി. ഏതാഗ്രഹവും സാധിപ്പിച്ചുതരുന്ന മഴവില്‍പ്പൂവിന്റെ ഒരിതള്‍ നുള്ളിയെടുത്ത് ഇങ്ങനെ പാടിയാല്‍ മതി:
“പൂവിതളേ പാറിപ്പോകൂ
കിഴക്കുനിന്ന് പടിഞ്ഞാട്ട്
വടക്കുനിന്നും തെക്കോട്ടേക്കും
അവിടന്നുടനേ താഴോട്ടും
പറന്നു വന്നാത്തറയില്‍ മുട്ടി
ആശിച്ചതു നീ നിറവേറ്റൂ.”
കുട്ടികള്‍ക്കു വേണ്ടിയുള്ള ചിത്രമെഴുത്തിന്റെയും കഥപറച്ചിലിന്റെയും അസാധാരണ മാതൃകകളാണ് സോവിയറ്റ് ബാലകൃതികള്‍ ഏതാനും ദശകം മുമ്പ് സൃഷ്ടിച്ചത്. ഓമനയുടെ തെളിമലയാളം അവയിലൂടെ മലയാളത്തിലെ ബാലസാഹിത്യത്തില്‍ അപരിചിതമായ ഒരു അനുഭവലോകം തുറന്നു.)
അന്നത്തെ മലയാളിക്കുട്ടികളിൽ വാളമീനിന്റെ ഈ കൽപ്പന വായിച്ചുരസിക്കാത്തവർ അധികമുണ്ടാവില്ല. ആ ബാല്യത്തിന്റെ ഓർമ്മകളുടെ നിറവിലാണ് കവി ഷീജ വക്കം ‘വാളമീൻ കൽപ്പിക്കുന്നു’ എന്ന കവിത
ഒരു അമൂല്യ സമ്മാനമായി സമർപ്പിക്കുന്നത്.
“വാളമീൻ കൽപ്പിക്കുന്നു
ഞാനിതാ ഇച്ഛിക്കുന്നു
ഓടിവാ പുൽമേടിൻ്റെ വക്കിലെക്കുളമേ നീ..”
പ്രണയഷാപ്പിൻറെ തിളതിളപ്പും പുഷ്ക്കരൻ കൊടുങ്കാറ്റിൻറെ അടങ്ങാത്ത കോളും കൊണ്ട് നിറഞ്ഞ നമ്മുടെ മനസ്സിനെ ഒരു പഴയകാല സുഖവായനയുടെ ലോകത്തേക്ക് ഒരൊറ്റ നിമിഷത്തിൽ കവി തള്ളിയിട്ടുകളഞ്ഞു. എന്തും ഏതും ഒരു ഈരടിയിൽ സാധ്യമാക്കുന്ന സങ്കല്പമായിരുന്നു യെമേല്യയുടേതെങ്കിൽ, ആ സങ്കൽപ്പം മുഴുവൻ വായനക്കാരുടേതുമായി പരിണമിക്കുന്ന അത്ഭുതം ഈ കവിതയിൽ കാണാം. യുദ്ധവിരുദ്ധ കവിതയെന്ന വാഴത്തോ, നഷ്ടസ്വപ്നത്തിന്റെ അവശിഷ്ടമെന്നോ തള്ളിക്കളയേണ്ട. ഉള്ളിന്നുള്ളിൽ എവിടെയോ ഒരു നീറ്റൽ, ഒരു ചൂണ്ടക്കൊളുത്ത്, ഇത്തിരി തണുത്ത വെണ്ണയുടെ ലേപനം… ഒക്കെ ഇത് പകരുന്നുണ്ട്. സംശയമില്ല.
മനുഷ്യർ സ്വയം കൊന്നുകൂട്ടുന്ന നശീകരണത്തിന്റെ യുദ്ധകാണ്ഡങ്ങൾ ലോകം ഉള്ള കാലത്തോളം തുടർന്നേക്കാം. കോവിഡിന്റെ ക്രൂരമായ നഖമുനകളിൽനിന്ന് ലോകം പൂർണ്ണമായും രക്ഷപ്പെട്ടിട്ടില്ല. എങ്കിലും യുദ്ധം/അക്രമം/വെറുപ്പ്/വംശീയത.… യാതൊന്നിനും നമ്മൾ കുറവ് വരുത്തിയിട്ടില്ല. എന്റെ മൂക്കിന് പൊള്ളുവോളം യാതൊരു ഭീഷണിയും ഭീഷണിയല്ല. സ്വന്തം കാര്യം സിന്ദാബാദുകളുടെ സ്വാർത്ഥലോകങ്ങളായി മനസുകൾ മാറിയിരിക്കുന്നു.
ആഗ്രഹങ്ങളോ സ്വപ്നങ്ങളോ യാഥാർഥ്യമാക്കുന്ന കുട്ടിക്കഥയിലെ മന്ത്രം തേടി മനുഷ്യൻ ഭൂമിയിൽ അലയാൻ തുടങ്ങിയിട്ട് എത്രകാലമായിക്കാണും? അവന്റെ ഭാവന പൊട്ടിമുളച്ച നാളിൽത്തന്നെ ഒപ്പമുണ്ടായതാവാം, ഈ സ്വപ്നജാഗരം. നിരന്തരമായ അദ്ധ്വാനത്തിലൂടെ, കഷ്ടപ്പാടുകളുടെ തീമലകൾ താണ്ടിയും വൈതരണികൾ മുറിച്ചുകടന്നുമാണ് അവൻ ജീവിതത്തെ ഇത്രമേൽ സുന്ദരവും രചനാത്മകവുമാക്കിയത്. അത്തരം എല്ലാ നേട്ടങ്ങൾക്കു പിന്നിലും അഗണ്യമായ ത്യാഗങ്ങളുടെ അടിക്കല്ലുകളുണ്ട്. എത്രയോ തലമുറകൾ അതിനുവേണ്ടി ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു. അത്തരം സ്വപ്നങ്ങളുടെ തകർച്ചയ്ക്ക് ഒടുവിലത്തെ ആണിയടിക്കുകയാണ്, റഷ്യ ഉക്രെയിനിൽ നടത്തുന്ന യുദ്ധത്തിലൂടെ സംഭവിക്കുന്നത്. മഹാഭാരതം മുതൽ ആധുനിക ലോകത്തിലെ നൂർ അനുഭവങ്ങൾ വരെ യുദ്ധത്തിന്റെ ജീവിതവിരുദ്ധത വിശകലനം ചെയ്യാൻ പര്യാപ്തമാണ്. അതിന്റെബാത്യന്തിക ഫലം നാശം മാത്രമാണ്. ഏറ്റവും ആധനികരെന്ന് അഹങ്കരിക്കുന്ന മനുഷ്യർ അവരുടെ ഹീനമായ ലാഭങ്ങൾക്കുവേണ്ടി ഓരോ ഇടങ്ങളിൽ നടത്തുന്ന അതിക്രമങ്ങൾ വികസിച്ച് യുദ്ധമെന്ന ക്രൂരതയിലെത്തിച്ചേരുന്നു. ഇത് മൊത്തത്തിൽ മനുഷ്യവിരുദ്ധമാണ്. റഷ്യൻ നാടോടിക്കഥകളിലെ അത്ഭുത ലോകങ്ങളിൽ നിന്ന്പൊ ആ നാടിനോട്ത്തു തോന്നിയ ഇഷ്ടവും ആരാധനയും മനുഷ്യവിരുദ്ധമായ യുദ്ധത്തിലൂടെ അവർ സ്വയം കളഞ്ഞുകുളിക്കുകയാണ്.
…” നിത്യവും പതുങ്ങിച്ചെ
ന്നെത്തിയാ
അയൽവീട്ടിൽ..
എത്ര ജീവിതം കൊണ്ടു
വീട്ടിയാൽത്തീരും ബാല-
ഭിക്ഷുവിന്നൂട്ടിത്തന്ന
ഭാവമാധുര്യക്കടം.” .…… ആ ഭാവമാധുര്യക്കടം വീട്ടാൻ യാതൊന്നുമില്ലാതെ  കവി ഉഴറി നിൽക്കുമ്പോൾത്തന്നെ,..
…” ഉള്ളതു മഞ്ഞിൽ വീണ
ചോര തൻ ശാപം മാത്രം.
വാളമീൻ കൽപ്പിക്കുന്നില്ലൊന്നു
മെന്നുള്ളിൽ  നിന്നാ
വ്യാകുല റഷ്യൻ ശിശു
കണ്ണുനീർ പൊഴിക്കുന്നു.
ഈ വെറും നീർത്തുള്ളിയാൽ
ദീനയാം ഉക്രെയ്നിൻ്റെ
തീ കെടാൻ അതിതീവ്ര-
മായി ഞാനിച്ഛിക്കുന്നു .. ..” എന്ന പരിദേവനത്തിലൂടെ ആധുനിക മനുഷ്യന്റെ നിസ്സഹായതയും, ഹൃദയത്തിൽ അവശേഷിക്കുന്ന ആർദ്രതയും വ്യക്തമാക്കുന്നു. കവിക്കൊപ്പം ഹൃദയം ചേർത്ത് നമ്മളും ആ ധർമ്മസങ്കടത്തിൽ ഉരുകിയൊലിക്കുന്നു. കവിതയുടെ ധർമ്മം (ചിലപ്പോൾ) ഹൃദയസമീകരണമാണെങ്കിൽ, ഈ കവിത വിജയം കൈവരിച്ചതായി അനുഭവപ്പെടുന്നു.
eng­lish sam­mury: poet shee­ja vakkathil’s poem review
Exit mobile version