Site iconSite icon Janayugom Online

ശിവരാജ് കുമാർ — രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്. ഗാനാ കാദർ വരികൾ രചിച്ച് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അർജുൻ ജന്യ തന്നെയാണ്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്.

ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാനം ആഫ്രിക്കൻ താളവും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കൻ ഫ്‌ളേവറിൽ ഉള്ള നൃത്തവും ഈ ഗാനത്തിൻ്റെ സവിശേഷതയാണ്. യുവ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. താരങ്ങളുടെ സ്റ്റൈലിഷ് വേഷങ്ങളും ത്രസിപ്പിക്കുന്ന ചുവടുകളും ഗാനത്തിൻ്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നൽകുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും “45” എന്ന സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്. 

ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടൽ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയനായ താരമാണ് രാജ് ബി ഷെട്ടി. ജയിലർ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ശിവരാജ് കുമാറും കേരളത്തിൽ കയ്യടി നേടിയിരുന്നു. ഇനി വരാനുള്ള ജയിലർ 2 ലും ശിവരാജ് കുമാർ ഭാഗമാണ്. കൂലി, സൺ ഓഫ് സത്യമൂർത്തി എന്നീ ചിത്രങ്ങളിലൂടെ ഉപേന്ദ്രയും മലയാളി പ്രേക്ഷകർക്ക് പരിചിതനാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ‘45’ റിലീസിനൊരുങ്ങുന്നത്. 2025 ഡിസംബർ 25 നു ചിത്രം ആഗോള റിലീസായി പ്രദർശനം ആരംഭിക്കും.

ഛായാഗ്രഹണം- സത്യ ഹെഗ്‌ഡെ, സംഗീതം- അർജുൻ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങൾ- അനിൽ കുമാർ, സ്റ്റണ്ട്സ്- ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ, കലാസംവിധാനം- മോഹൻ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വർ, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്സ്- യാഷ് ഗൌഡ, പ്രൊഡക്ഷൻ മാനേജർ- രവിശങ്കർ, ഡിജിറ്റൽ സപ്പോർട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആർഒ- ശബരി

Exit mobile version