ഹ്രസ്വ ചിത്രങ്ങൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ സൂഷ്മതകളിൽ പോലും വലിയ സ്വാധീനം ചെലുത്തുന്നു. ദിനംപ്രതി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് പിറവിയെടുക്കുന്നത്. സിനിമയോളം തന്നെ ചരിത്രമുള്ളവയാണ് ഹ്രസ്വ ചിത്രങ്ങൾക്ക്. നാല്പത് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചലചിത്രങ്ങളാണ് ഷോർട്ട് ഫിലിമുകൾ. ചാർളി ചാപ്ലിൻ, ബസ്റ്റർ കീറ്റൺ, ഡി ഡബ്ല്യു ഗ്രിഫിത്ത് എന്നീ ലബ്ധ പ്രതിഷ്ഠരായ ചലച്ചിത്ര പ്രവർത്തകരെല്ലാം ഹ്രസ്വ ചിത്രങ്ങളെ തങ്ങളുടെ മുഖ്യ മാധ്യമമാക്കിയവരാണ്.
21-ാം നൂറ്റാണ്ടിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച ഷോർട്ട് ഫിലിമുകളോടുള്ള താൽപ്പര്യം പുനരുജ്ജീവിപ്പിക്കാൻ കാരണമായി. ഇന്ന്, ഷോർട്ട് ഫിലിമുകൾ കൂടുതൽ വിനിമയം ചെയ്യപ്പെടുന്നു. അവ ഓൺലൈനിലും ഫിലിം ഫെസ്റ്റിവലുകളിലും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും കാണാം. പുതിയ പ്രതിഭകൾക്കും നൂതനമായ കഥപറച്ചിലുകൾക്കും വേദിയൊരുക്കി അവർ ചലച്ചിത്രമേഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡിജിറ്റൽ കാലഘട്ടത്തിന്റെ സ്വാധീനമാണ് ഹ്രസ്വ ചിത്രങ്ങളുടെ പെരുമഴക്കാലം സൃഷ്ടിച്ചത്. ഡിജിറ്റൽ സാങ്കേതിക വിദ്യ ചിത്രീകരണത്തിലുൾപ്പെടെ ഒരുപാട് സാധ്യതകൾ തുറന്നു.
ലഘു കൂട്ടായ്മകളും സൗഹൃദങ്ങളുമാണ് കേരളീയ പശ്ചാത്തലത്തിൽ ഹ്രസ്വ ചിത്രങ്ങളുടെ നിർമ്മാണത്തിലേക്ക് നയിക്കുന്ന ഒരു ഘടകം. അത്തരമൊരു സൗഹൃദം സൃഷ്ടിച്ച ഹ്രസ്വചിത്രമാണ് ‘വർഷിപ്പ്.’ അഖിൽ വി, ബിജു എന്നിവർ ചേർന്ന് തയാറാക്കിയ ഈ ചിത്രം പിറവിയെടുക്കുന്നത് ഒരു സായാഹ്ന സംഭാഷണത്തിൽ നിന്നാണ്. സഹപാഠികളായ ഇവർ ഒഴിവുസമയം ലഭിക്കുമ്പോഴെല്ലാം തലശേരി ധർമ്മടത്തെ കടൽത്തീരത്ത് സായാഹ്നങ്ങൾ ചിലവഴിക്കുന്നത് പതിവാണ്. അങ്ങനെ ഒരു ദിവസം കടലിൽ ആരുടെയും കാഴ്ചയെ ഉടക്കി നിർത്തുന്ന ഒരു ദൃശ്യം കാണാനിടയായി. ഭീമാകാരമായ കപ്പലിന്റെ അവശിഷ്ടങ്ങളായിരുന്നു അത്. ജനപഥങ്ങളുടെ മുകളിൽ അധികാരം സ്ഥാപിക്കുന്നതിനു വേണ്ടി ദേശാന്തരങ്ങൾ താണ്ടിയ കപ്പൽ ഒരു അസ്തി പഞ്ജരം പോലെ വിദൂരതയിൽ ഏകാന്തമായി നില്ക്കുകയാണ്. ഒരു കാലത്ത് വൻ തിരമാലകളെ മുറിച്ചു മുന്നേറിയ കപ്പൽ ഇപ്പോൾ വെറുമൊരു അസ്ഥികൂടമാത്രമായി കടലിൽ അങ്ങനെ കിടക്കുകയാണ്. ഈ കാഴ്ച കണ്ണിൽ മാത്രമല്ല ഉടക്കിയത് മനസിനെയും വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. അഖിലിന്റെയും ബിജുവിന്റെയും മനസ്സിൽ കിടന്ന് കാഴ്ചയുടെ ഓർമ്മകൾ അലോസരപ്പെടുത്തുവാൻ തുടങ്ങി. പല നേരങ്ങളിലെയും ചർച്ചകളിൽ ഏകാന്തതയുടെ വിദൂരങ്ങളിൽ നങ്കൂരമിട്ട ചിന്തകളായി കപ്പൽ കടന്നുവന്നു. അത് വളരെ സാവധാനം നൈസർഗികമായി ഒരു ഹ്രസ്വചിത്രമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. വർഷിപ്പ് എന്ന ചിത്രം സവിശേഷമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ദൃശ്യഭാഷയിലൂടെ കാഴ്ചയുടെ അബോധങ്ങളിലേക്ക് നയിക്കുന്ന ഒരു സങ്കേതം ഇവിടെ പ്രകടമാണ്. അഖിൽ തന്നെയാക്ക് ചിത്രത്തിൽ മുഖ്യകഥാപാത്രമായി പ്രത്യക്ഷപ്പെടുത്തത്. പ്രകൃതിയുടെ നൈസർഗികമായ ശബ്ദവീചികളെ ഒരു സ്വാഭാവികത എന്ന നിലയിലാണ് നാം പലപ്പോഴും പരിഗണിക്കാറുള്ളത്. വളരെ സൂഷ്മമായി അത്തരം ശബ്ദങ്ങൾക്കായി കാതോർത്താൽ ഉള്ളിലേക്ക് പ്രസരിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ സാധിക്കില്ല. ശബ്ദം തേടി നടക്കുന്ന, ശബ്ദത്തെ മാത്രം പ്രണയിക്കുന്ന ഒരു സഞ്ചാരിയാണ് ഇതിലെ കഥാപത്രം. അഖിൽ തന്റെ വ്യക്തി ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയാണ്. അഖിലിന്റെ ജീവിതത്തിന്റെ നൈരന്തര്യ ഭാവമാണത്. ശബ്ദത്തിന്റെ മൗലികത തേടിയുള്ളയാത്ര തന്റെ ജീവിത താളമായി കൊണ്ടു നടക്കുകയാണ് ഇദ്ദേഹം. വർഷിപ്പ് എന്ന ചിത്രവും ഉടനീളം ശബ്ദത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രീകരിച്ചിട്ടുള്ളത്. ശബ്ദത്തിലൂടെയും ദൃശ്യത്തിലൂടെയും പ്രേക്ഷകരിൽ മാനസികമായ ദ്രുതചലനങ്ങൾ ചിത്രം സൃഷ്ടിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശബ്ദം, ദൃശ്യം എന്നിവ മാത്രം ഉപയോഗിച്ച് സവിശേഷമായ ആശയ വിനിമയ ലോകമാണ് സൃഷ്ടിക്കുന്നത്. തനത് വ്യവഹാരഭാഷ ഇവിടെ അപ്രസക്തമാകുന്നത് ഒരു സ്വാഭാവികതയായി അനുഭവിച്ചറിയാൻ കഴിയും. സിനിമയിലെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ഉപയോഗം ഒരേസമയം ധിഷണയും കലയും ഒരു പോലെ സന്നിവേശിക്കുന്ന വിനിമയ മണ്ഡലമാണ്. പ്രേക്ഷകന്റെ വൈകാരികതകളുമായി ഇത് അടുത്ത ബന്ധം പുലർത്തുന്നു. വർഷിപ്പ് എന്ന ചിത്രത്തിലെ ശബ്ദ ദൃശ്യ മാനങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതുണ്ട്.
സിനിമയിലെ ശബ്ദത്തിന്റെയും ചിത്രത്തിന്റെയും മനഃശാസ്ത്രം, സിനിമകളിലെ ദൃശ്യ‑ശ്രവണ ഉത്തേജനങ്ങളുടെ സംയോജനം നമ്മുടെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നതിനെ സൂചിപ്പിക്കുന്നു. ഒരു കവിത പോലെ ആസ്വദിക്കാൻ സാധിക്കുന്നതാണ് ഈ ചിത്രം. എങ്കിലും സിനിമ സംവേദനം ചെയ്യുന്ന ആന്തരികമായ അർത്ഥതലങ്ങൾ ആർക്കും പിടി തരാതെ സഞ്ചരിക്കുന്നു. അത് തന്നെയാണ് വർഷിപ്പ് എന്ന ചിത്രത്തിന്റെ സൗന്ദര്യം. ദൃശ്യാവിഷ്ക്കാരത്തിന്റെ വൈവിധ്യമാർന്ന സങ്കേതങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത്.
കാഴ്ചക്കാർക്ക് ആഴത്തിലുള്ളതും ആകർഷകവുമായ അനുഭവം സൃഷ്ടിക്കുന്നതിന് സിനിമകൾ വൈവിധ്യമാർന്ന ദൃശ്യ വിശകലന സങ്കേതങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ലൈറ്റിംഗ്, കളർ, ക്യാമറ ആംഗിളുകൾ എന്നിവയുടെ ഉപയോഗം നമ്മുടെ മാനസികാവസ്ഥയെയും കഥാപാത്രങ്ങളെയും അവരുടെ പരിസ്ഥിതിയെയും കുറിച്ചുള്ള ധാരണയെയും ബാധിക്കും. അതുപോലെ, സംഗീതം, ശബ്ദ ഇഫക്ടുകൾ, സംഭാഷണങ്ങൾ എന്നിവയുടെ ഉപയോഗം നമ്മുടെ വൈകാരിക പ്രതികരണങ്ങളെ സ്വാധീനിക്കുകയും കഥാപാത്രങ്ങളെയും അവരുടെ പ്രേരണകളെയും മനസിലാക്കാൻ സഹായിക്കുകയും ചെയ്യും. പാശ്ചാത്തലസംഗീതവും ശബ്ദവും ഉപയോഗിച്ചുകൊണ്ട് വർഷിപ്പ് എന്ന ചിത്രം പ്രേക്ഷകന്റെ മാനസികാവസ്ഥയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഭാഷയ്ക്ക് അപ്പുറമുള്ള ശബ്ദത്തിലൂടെയും ദൃശ്യത്തിലൂടെയും പ്രേക്ഷകരിൽ ഒരു മാനസിക പ്രക്രിയ നടക്കുന്നുണ്ട്.
സിനിമയിലെ ശബ്ദത്തിന്റെയും ചിത്രത്തിന്റെയും മനഃശാസ്ത്രത്തിലെ ഒരു പ്രധാന ആശയം സിനസ്തേഷ്യ എന്ന ചിന്തയാണ്. ഇത് സെൻസറി അനുഭവങ്ങളുടെ ലയനത്തെ സൂചിപ്പിക്കുന്നു. സിനിമകളിൽ, ഒരു സീനിലെ ദൃശ്യപരവും ശ്രവണപരവുമായ ഘടകങ്ങൾ തികച്ചും സമന്വയിപ്പിച്ച് കാഴ്ചക്കാർക്ക് ശക്തവും അവിസ്മരണീയവുമായ അനുഭവം സൃഷ്ടിക്കുമ്പോൾ ഇത് സംഭവിക്കാം. ഉദാഹരണത്തിന്, ഒരു സിനിമയിലെ ഒരു നാടകീയ മുഹൂർത്തത്തോടൊപ്പം വീർപ്പുമുട്ടുന്ന സംഗീത സ്കോറും ദൃശ്യത്തിന്റെ വൈകാരിക സ്വാധീനം വർദ്ധിപ്പിക്കും. വർഷിപ്പ് ഇത്തരം വസ്തുതകളെ അതിവിധഗ്ദമായാണ്
ഉപയോഗപ്പെടുത്തിയത്.
ഒരു സിനിമയുടെ മൊത്തത്തിലുള്ള ഓഡിറ്ററി പരിതസ്ഥിതിയെ സൂചിപ്പിക്കുന്ന സൗണ്ട്സ്കേപ്പുകളുടെ ഉപയോഗമാണ് മറ്റൊരു പ്രധാന ആശയം. സൗണ്ട്സ്കേപ്പുകൾ ഉപയോഗിച്ച് സ്ഥലവും അന്തരീക്ഷവും സൃഷ്ടിക്കാൻ കഴിയും, കൂടാതെ സിനിമയുടെ വൈകാരിക ഉള്ളടക്കത്തെ പിന്തുണയ്ക്കാനും ഉപയോഗിക്കാം. ഉദാഹരണത്തിന്, ഒരു ഹൊറർ സിനിമ പിരിമുറുക്കവും അസ്വസ്ഥവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ വിചിത്രമായ ശബ്ദ ഇഫക്റ്റുകളും സംഗീതവും ഉപയോഗിച്ചേക്കാം. വർഷിപ്പ് നിഗൂഢമായ ഒരു ഏകാന്ത സംഗീതം പ്രേക്ഷകരെ കേൾപ്പിക്കുന്നുണ്ട്. സിനിമ സംവേദനം ചെയ്യുന്ന വൈകാരിക പശ്ചാത്തലമാണത്.
സിനിമയിലെ ശബ്ദത്തിന്റെയും ചിത്രത്തിന്റെയും സാന്നിധ്യം മനഃശാസ്ത്രം പഠനത്തിന്റെ ഒരു പ്രധാന മേഖലയാണ്. കാരണം കാഴ്ചക്കാരിൽ ശക്തമായ വൈകാരിക പ്രതികരണം സൃഷ്ടിക്കുന്നതിന് വിഷ്വൽ, ഓഡിറ്ററി ഉത്തേജനം എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാൻ ഈ ചലച്ചിത്രത്തിലെ ഓരോ ദൃശ്യവും പര്യാപ്തമാണ്. വ്യത്യസ്ത സങ്കേതങ്ങൾ കാഴ്ചക്കാരെ എങ്ങനെ ബാധിക്കുന്നു എന്ന് കൃത്യമായിമനസിലാക്കിയ സംവിധായകന്റെ കയ്യടക്കം ശ്രദ്ധേയമാണ്. ഈ കയ്യടക്കം ഒന്നു കൊണ്ടു മാത്രമാണ് ചലച്ചിത്ര പ്രവർത്തകർക്ക് കൂടുതൽ ആകർഷകവും ഫലപ്രദവുമായ സിനിമകൾ സൃഷ്ടിക്കാൻ സാധിക്കുന്നത്. വർഷിപ്പ് എന്ന ചിത്രം ഒരു ബിംബമായാണ് കപ്പലിനെ ആവിഷ്കരിക്കുന്നത്. ചിത്രത്തിന്റെ ഒടുവിൽ മുഖ്യ കഥാപാത്രത്തിന്റെ അമിതാഭിനയ മാത്രമാണ് പ്രേക്ഷകരുടെ കാഴ്ചയ്ക്ക് നേരിയ അലോസരം സൃഷ്ടിക്കുന്നത്. അത്തരമൊരു സീൻ ഇല്ലായിരുന്നെങ്കിൽ ചിത്രം കൂടുതൽ മികവു പുലർത്തുമായിരുന്നു. ശബ്ദ‑ദൃശ്യ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് ചിന്തയുടെ പുതിയമണ്ഡലം തീർക്കുകയാണ്. ഹ്രസ്വ ചിത്രങ്ങൾ പലതും പരീക്ഷണം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഇവിടെയും കാഴ്ചയുടേതായ അത്തരം പരീക്ഷണങ്ങളെ നമുക്ക് അടുത്തറിയാൻ സാധിക്കും.
സബിസ് പ്രൊഡക്ഷന്റെ ബാനറിൽ ബിജു പുതുപ്പണം രചനയും സംവിധാനവും നിർവഹിച്ച വർഷിപ്പ് ചിത്രത്തിന്റെ പ്രൊഡ്യൂസർ ആരിഫ സബിയാണ്. ഉടനീളം കഥാപാത്രമായി കടന്നുവന്നത് വി അഖിൽ ആണ്. ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചത് അഖിലാണ്. ഛായാഗ്രാഹകൻ രമേശ് കെ ടി യാണ്. ശബ്ദമിശ്രണം നിർവഹിച്ചത് രതീഷ് വി നന്നിയോട് ആണ്. സംഗീത സംവിധായകൻ ബിബിൻ അശോകാണ്.
മലയാളത്തിൽ എണ്ണമറ്റ ഹ്രസ്വചിത്രങ്ങൾ പിറവിയെടുക്കുന്നുണ്ടെങ്കിലും ലോക നിലവാരം പുലർത്തുന്ന പ്രമേയങ്ങളും ദൃശ്യ ശബ്ദസങ്കേതങ്ങളിൽ മേന്മ പുലർത്തുന്നവയും അപൂർവമാണ്. വർഷിപ്പ് പ്രമേയത്തിന്റെയും അവതരണത്തിന്റെയും കാര്യത്തിൽ ഒരു ലോക കാഴ്ച തന്നെയാണ് സൃഷ്ടിക്കുന്നത്.