Site iconSite icon Janayugom Online

ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി; ആരോഗ്യനില തൃപ്തികരം

ഇന്ത്യ‑ഓസ്‌ട്രേലിയ മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. നിലവിൽ സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഇന്ത്യ‑ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തിനിടെ ഓസ്‌ട്രേലിയൻ താരം അലക്‌സ് ക്യാരിയെ പുറത്താക്കാൻ ക്യാച്ചെടുത്തപ്പോഴാണ് ശ്രേയസ് അയ്യർക്ക് പരിക്കേറ്റത്. വാരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതോടെയാണ് താരത്തെ ഐസിയുവിലേക്ക് മാറ്റിയത്.

പരിക്കേറ്റതിനെ തുടർന്ന് ടീം ഫിസിയോമാർ ചേർന്ന് ഗ്രൗണ്ടിൽ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയ അയ്യർ, അവിടെവെച്ച് കുഴഞ്ഞുവീണതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. തുടർന്ന് ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്കാനിങ്ങിൽ വാരിയെല്ലുകളുടെ അടിയിൽ പ്ലീഹയിൽ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന താരത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഐസിയുവിൽ നിന്ന് മാറ്റിയത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെങ്കിലും കൂടുതൽ പരിചരണം ആവശ്യമുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പൂർണ്ണ ആരോഗ്യവാനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ശ്രേയസ് അയ്യർക്ക് ഏകദേശം മൂന്നാഴ്ചയോളം സമയം വേണ്ടി വരും.

Exit mobile version