Site iconSite icon Janayugom Online

സിദ്ധാർത്ഥിൻ്റെ ’ റൊമാൻ്റിക് കംബാക്ക് ’ സിനിമ , ’ മിസ് യു’ ഡിസംബർ 13- ന് തിയറ്ററുകളിലേക്ക്

പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ ‘ചിറ്റാ’ എന്ന സിനിമക്ക് ശേഷം സിദ്ധാർത്ഥ് നായകനാവുന്ന ‘മിസ് യു’ ഡിസംബർ 13 — ന് വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യും. നവംബർ 29- ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ പ്രദർശനം ഫിഞ്ചാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം ഡിസംബർ 13 ലേക്ക് മാറ്റുകയായിരുന്നു.

’ മാപ്പ്ള സിങ്കം’, ‘കളത്തിൽ സന്ധിപ്പോം’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘മിസ് യു’ റൊമാൻ്റിക് ആക്ഷൻ എൻ്റർടെയ്നറാണ്. തെന്നിന്ത്യൻ മുൻ നിര താരം, തെലുങ്ക് — കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗാനാഥാണ് നായിക. കാർത്തിയെ നായകനാക്കി മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ ‑2 വിലെ നായികയും ആഷികയാണ്. എന്നതും ശ്രദ്ധേയമാണ്. ‘മിസ് യു’ അവർക്ക് തമിഴിലെ അരങ്ങേറ്റ ചിത്രമാണ്. രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ എൻ. രാജശേഖർ. 

” ’ Love You ’ എന്ന വാക്കിനെക്കാൾ ’ Miss You ’ എന്ന വാക്കിലാണ് പ്രണയം അധികമുള്ളത്. അതു കൊണ്ടാണ് ‘മിസ് യു ’ എന്ന ടൈറ്റിൽ വെച്ചത്. എല്ലാവരും അവർക്ക് ഇഷ്ടപ്പെട്ട പെണ്ണിനെയാണ് പ്രേമിക്കുക. ഇതിൽ നായകൻ തനിക്ക് ഇഷ്ടമില്ലാത്ത പെണ്ണിനെയാണ് പ്രേമിക്കുന്നത്. കഥയുടെ ഈ ഒരു ലൈനാണ് സിദ്ധാർത്ഥിനെ ഇംപ്രസ് ചെയ്ത് സിനിമയിലേക്ക് ആകർഷിച്ചത്. എങ്ങനെ ഇഷ്ടമില്ലാത്ത പെണ്ണിനെ ഒരുത്തൻ പ്രേമിക്കുന്നു , അവൾക്കത് അറിയാമായിരുന്നിട്ടും എങ്ങനെ അവൻ കൺവിൻസ് ചെയ്യുന്നു എന്നതിന് തക്കതായ കാരണത്തോടെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എൻ്റെ ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ കഥക്ക് പ്രചോദനമായത്. തീർച്ചയായും ഈ കഥയിൽ വ്യത്യസ്തതയും പുതുമയും ഉണ്ടാവും.

സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. വീണ്ടും യുവത്വത്തിൻ്റെ പ്രസരിപ്പുള്ള റൊമാൻ്റിക് ഹീറോ ആയി ഈ സിനിമയിലൂടെ കളത്തിൽ ഇറങ്ങുകയാണ് സിദ്ധാർത്ഥ്. അദ്ദേഹം തെലുങ്കിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് പ്രണയ കഥാ ചിത്രങ്ങളിൽ അഭിയിച്ചിട്ടുണ്ടെങ്കിലും തമിഴിൽ ഇതു പോലെ റൊമാൻ്റിക് കഥാപാത്രത്തിൽ അഭിനയിച്ചിട്ട് നാളുകൾ ഏറെയായി. പതിവായി ചെയ്തു കൊണ്ടിരുന്ന ഒന്ന് നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ചെയ്യുമ്പോൾ അതിന് വ്യത്യസ്തതയുണ്ടാവും .അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് ഇത് വ്യത്യസ്തമായ ഒരു സിനിമ തന്നെയായിരിക്കും. ഇതൊരു ഫീൽ ഗുഡ് റൊമാൻ്റിക് സിനിമയാണ്. ” സംവിധായകൻ പറഞ്ഞു.

രണ്ട് ബിറ്റ് സോങ്ങുകളടക്കം എട്ടു ഗാനങ്ങളാണ് ’ മിസ് യു’ വിലുള്ളത്. ഇതിൽ രണ്ടു ഗാനങ്ങൾ പാടിയിരിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്. ചിത്രത്തിന് വേണ്ടി അദ്ദേഹം പാടി നേരത്തേ പുറത്തിറങ്ങിയ ’ നീ എന്നെ പാർത്തിയാ ‘, ’ സൊന്നാരു നൈനാ ’ എന്നീ ഗാനങ്ങൾ ആസ്വാദക ശ്രദ്ധ നേടി എന്നത് ശ്രദ്ധേയമാണ് .ജിബ്രാനാണ് സംഗീത സംവിധായകൻ. 7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമൂവൽ മാത്യു വാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുപമ കുമാർ, രമ, ജെ പി, പൊൻവണ്ണൻ, നരേൻ,കരുണാകരൻ, ബാല ശരവണൻ, ’ ലൊള്ളൂ സഭാ ’ മാരൻ, ഷഷ്ടികാ എന്നിവരാണ് ’ മിസ് യു ’ വിലെ മറ്റു പ്രധാന അഭിനേതാക്കൾ. നടൻ കാർത്തി അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ട്രെയിലർ യു ട്യൂബിൽ ഒരു മില്യനിലേറെ കാഴ്ചക്കാരെ നേടി തരംഗമായി എന്നതും ശ്രദ്ധയമാണ്.

Exit mobile version