Site iconSite icon Janayugom Online

ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ ഗായകന്‍ ദില്‍ജിത്ത് ദൊസാഞ്ച്

ഇന്ത്യ‑പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്തെ ദേശീയവാദികള്‍ക്ക് കുഴപ്പമില്ലേയെന്ന് പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ച്. തനിക്ക് നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം മലേഷ്യയില്‍ നടന്ന സംഗീതപരിപാടിയില്‍ ആരാധകരോട് പറഞ്ഞു.

നേരത്തെ ദില്‍ജിത് പാകിസ്ഥാന്‍ നടി ഹാനിയ ആമിറിനൊപ്പം അഭിനയിച്ച സർദാർജി 3 എന്ന ചിത്രത്തിനെതിരെ ബിജെപി അനുകൂല സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദര്‍ശനം ഉപേക്ഷിക്കേണ്ടിവന്നു. നേരത്തെ കര്‍ഷക സമരത്തെ അനുകൂലിച്ചതിന്റെ പേരിലും ദിൽജിത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സർദാർജി 3 എന്ന സിനിമയുടെ ഷൂട്ട് ചിത്രീകരണം പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പായിരുന്നു നടന്നതെന്ന് ദില്‍ജിത്ത് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു. തന്റെ ചിത്രം റിലീസ് ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭീകരവാദി എന്ന് മുദ്ര കുത്താന്‍ വരെ ദേശീയ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ചാബികൾക്കും സിഖ് സമൂഹത്തിനും ഒരിക്കലും രാജ്യത്തിനെതിരെ തിരിയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version