Site iconSite icon Janayugom Online

ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും വരുംതലമുറയെ നേർവഴിക്ക് നയിക്കുകയും ചെയ്യുന്നതാണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. ശിവഗിരി വെറുമാരു തീർത്ഥാടന കേന്ദ്രം മാത്രമല്ല, മറിച്ച് ഒരു സജീവമായ തത്വചിന്തയും ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സാമൂഹിക ഉണർവിന്റെ യാത്രയുമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ാം ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർത്ഥാടനം ഒരു ആചാരപരമായ ആശയമായിട്ടല്ല, മറിച്ച് വിദ്യാഭ്യാസം, ശുചിത്വം, സംഘടന, തൊഴിൽ, ആത്മാഭിമാനം എന്നിവയിലൂടെ ഉണർവ് നേടുന്നതിനുള്ള ഒരു പ്രസ്ഥാനമായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടത്. നല്ല സംഘാടനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തെ വാർത്തെടുക്കുകയെന്ന ഉദാത്തമായ ലക്ഷ്യത്തിലാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. ഗുരു സമൂഹത്തെ വേർതിരിച്ച് കാണാതെ ഒന്നിച്ച് നിർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

യോഗത്തിൽ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാഗാനന്ദ സ്വാമി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്, ശശിതരൂർ എംപി, ഡോ. ശ്രീധർ വെമ്പു, കെ ജി ബാബുരാജൻ, ഡോ. എ വി അനൂപ് എന്നിവര്‍ സംസാരിച്ചു. ശാരദാനന്ദ സ്വാമി സ്വാഗതം പറഞ്ഞു. ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. 

നാളെ നടക്കുന്ന മഹാതീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയാകും. ദേവസ്വം മന്ത്രി വി എൻ വാസവൻ, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ, കെ സി വേണുഗോപാൽ എംപി, അടൂർപ്രകാശ് എംപി, വി ജോയ് എംഎൽഎ എന്നിവർ പങ്കെടുക്കും. കൃഷി, കച്ചവടം, കൈത്തൊഴിൽ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം വ്യവസായ മന്ത്രി പി രാജീവും, ശാസ്ത്രസാങ്കേതികം എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിലും ആധുനിക കേരള നിർമ്മിതിയിൽ മാധ്യമത്തിനുളള പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും. 

Exit mobile version