Site iconSite icon Janayugom Online

സ്മാര്‍ട്ടിവിറ്റി… കളിപ്പാട്ടങ്ങളിലൂടെ പഠിക്കാം

മൊബൈൽ ഫോണിനു അടിമപ്പെട്ടുപോകാതെ കുട്ടികളില്‍ ബ്രെയിൻ ഡെവലപ്മെന്റും ഐക്യുവും വര്‍ധിപ്പിക്കുന്നതിനായി വ്യത്യസ്തതരം പഠന കളിപ്പാട്ടങ്ങളാല്‍ ശ്രദ്ധേയമായി നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. പുസ്തകോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പുസ്തക സ്റ്റാളുകളിലൊന്നിലാണ് സ്മാര്‍ട്ടിവിറ്റിയുടെ പഠന കളിപ്പാട്ടങ്ങളുള്ളത്. കുട്ടികളിലെ വര്‍ധിച്ചു വരുന്ന സ്ക്രീൻ ടെെം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പഠന കളിപ്പാട്ടങ്ങള്‍ വാങ്ങാനായി ഒട്ടനവധിപേരാണ് സ്റ്റാളിലെത്തുന്നത്. മൂന്ന് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായാണ് ഈ കളിപ്പാട്ടങ്ങളേറെയും. ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ മനസിലാക്കുന്നതിനായി കുട്ടികൾക്ക് ചലനാത്മക പഠന ഉപകരണങ്ങളായി രൂപകല്പന ചെയ്‌തിരിക്കുന്ന എസ്‌ടിഇഎം പഠനാധിഷ്ഠിത ‘ഡു ഇറ്റ് യുവർസെൽഫ്’ ആക്ടിവിറ്റി കിറ്റുകളാണ് സ്മാർട്ടിവിറ്റി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ആര്‍ട് ആന്റ് ക്രാഫ്റ്റ്, സയൻസ് കിറ്റ്, മ്യൂസിക് മെഷിന്സ്, മോട്ടര്‍ ഗാഡ്ജെറ്റ്സ്, സോളാര്‍ സിസ്റ്റം, ഇൻഫിനിറ്റി കലണ്ടര്‍, മെെക്രോസ്കോപ്പ്, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള 100 പസിലുകളാണുള്ളത്. ബോര്‍ഡ് മെറ്റീരിയലിലുള്ള ഇത്തരം പസിലുകള്‍ക്ക് 400 രൂപ മുതലാണ് വിലവരുന്നത്. പുസ്തകോത്സത്തോടനുബന്ധിച്ച് 10% വിലക്കുറവിലാണ് സ്മാര്‍ട്ടിവിറ്റി ഇവ വില്‍ക്കുന്നത്. മൂന്ന് മുതല്‍ ആറ് വരെ, ആറു മുതല്‍ എട്ട് വരെ, എട്ട് മുതല്‍ പത്ത് വരെ, പത്ത് വയസിന് മുകളില്‍ എന്നിങ്ങനെ നാല് കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആരംഭിച്ച ഈ ടോയ് അസോസിയേഷൻ ഒന്നര വര്‍ഷം മുമ്പാണ് കേരളത്തിലെത്തുന്നത്. നിലവില്‍ 400 നഗരങ്ങളിലെ 3000 ലധികം റീട്ടെയിൽ സ്റ്റോറുകളുടെ ശൃംഖലയിലൂടെ 30 രാജ്യങ്ങളിൽ സ്മാർട്ടിവിറ്റി ഈ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നുണ്ട്. കുട്ടികളിലെ ഐ ക്യു വര്‍ധിപ്പിക്കാനും അവരുടെ അമിതമായ ഫോണുപയോഗം കുറയ്ക്കുന്നതിനായും നിരവധി രക്ഷിതാക്കളാണ് സ്മാര്‍ട്ടിവിറ്റിയുടെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നതും പഠന കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതും. 

Exit mobile version