Site iconSite icon Janayugom Online

ചരിത്രം കുറിച്ച് സ്മൃതി മന്ദാന; രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് രാജ്യാന്തര ക്രിക്കറ്റിൽ അപൂർവ്വ നേട്ടം. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം എന്ന റെക്കോർഡാണ് സ്മൃതി സ്വന്തമാക്കിയത്. മുൻ ക്യാപ്റ്റൻ മിഥാലി രാജ് മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക ഇന്ത്യൻ താരം. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന നാലാം ട്വന്റി-20 മത്സരത്തിലാണ് സ്മൃതി ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിന് മുൻപ് 27 റൺസ് അകലെയായിരുന്ന സ്മൃതി, വെറും 20 പന്തുകളിൽ നിന്ന് ആ റൺസ് അടിച്ചെടുത്തു. മത്സരത്തിൽ ആകെ 48 പന്തിൽ 80 റൺസ് നേടിയ സ്മൃതിയുടെ നിലവിലെ സമ്പാദ്യം 10,053 റൺസാണ്. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളിൽ (280) നിന്ന് ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ ആദ്യ താരമെന്ന റെക്കോർഡും സ്മൃതി സ്വന്തമാക്കി.

ഏഴ് ടെസ്റ്റ് മത്സരങ്ങങ്ങളിൽ നിന്ന് 629 റൺസും 117 ഏകദിനങ്ങളിൽ നിന്നായി 5,322 റൺസും 157 ട്വന്റി-20 മത്സരങ്ങളിലായി 4,102 റൺസുമാണ് സ്മൃതിയുടെ പേരിലുള്ളത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ മാത്രം താരമാണ് സ്മൃതി. മിഥാലി രാജ് (ഇന്ത്യ): 10,868 റൺസ് (314 ഇന്നിംഗ്‌സ്)സൂസി ബേറ്റ്സ് (ന്യൂസിലൻഡ്): 10,652 റൺസ് (343 ഇന്നിംഗ്‌സ്)ഷാർലറ്റ് എഡ്വേർഡ്സ് (ഇംഗ്ലണ്ട്): 10,273 റൺസ് (316 ഇന്നിംഗ്‌സ്) എന്നിവരാണ് സ്മൃതിയെക്കാൾ മുന്നിലുള്ള താരങ്ങൾ.

Exit mobile version