ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ സ്മൃതി മന്ദാന പുതിയൊരു റെക്കോഡ് കുറിച്ചിരിക്കുകയാണ്. 2024 കലണ്ടര്‍ വര്‍ഷം സ്മൃതി നേടുന്ന നാലാം ഏകദിന സെഞ്ചുറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ നാല് സെഞ്ചുറികള്‍ നേടുന്ന വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യ താരമായി സ്മൃതി മാറി.
ഒരു വര്‍ഷം മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്ക്, ന്യൂസിലാന്‍ഡിന്റെ സോഫി ഡിവൈന്‍, ആമി സാറ്റര്‍വൈറ്റ്, ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, പാകിസ്ഥാന്റെ സിദാറ അമീന്‍ എന്നിവരുടെ റെക്കോഡാണ് മന്ദാന തിരുത്തിയെഴുതിയത്. ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടരെ രണ്ട് സെഞ്ചുറികള്‍ താരം നേടിയിരുന്നു. പിന്നീട് ഒക്ടോബറില്‍ ന്യൂസിലാന്‍ഡിനെതിരെ ഈ വര്‍ഷത്തെ മൂന്നാം സെഞ്ചുറിയും. കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഓസ്ട്രേലിയയ്ക്കെതിരെ മന്ദാന നേടിയത്. 109 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 105 റണ്‍സാണ് താരം നേടിയത്.