നിര്‍ധനരായ 265 പേര്‍ക്ക് സ്വന്തം ചെലവില്‍ വീട് നിര്‍മ്മിച്ചുനല്കി ശ്രദ്ധേയനായ ബദിയടുക്ക കിളിംഗാറിലെ സായിറാം ഭട്ട് എന്ന കെ എന്‍ ഗോപാലകൃഷ്ണഭട്ട് (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അന്ത്യം. കര്‍ഷകനും പാരമ്പര്യ വൈദ്യനുമായിരുന്നു. ഗ്രാമീണ കുടിവെള്ള പദ്ധതികള്‍, നൂറിലേറെ വീടുകളുടെ വൈദ്യുതീകരണം, യുവതികള്‍ക്ക് വിവാഹ ധനസഹായം, സ്‌കൂള്‍കുട്ടികള്‍ക്ക് യൂണിഫോം, പുസ്തകം, മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനര്‍ക്കായി സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയില്‍ നിര്‍വഹിച്ചിരുന്നു. ബദിയഡുക്ക കിളിങ്കാര്‍ നടുമനയിലെ കൃഷ്ണഭട്ട് ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലായ് എട്ടിനായിരുന്നു ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ടിന്റെ ജനനം. പാരമ്പര്യ വൈദ്യവും കൃഷിയുമായിരുന്നു പ്രവര്‍ത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരില്‍ നീര്‍ച്ചാലില്‍ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്. പത്മശ്രീ പുരസ്‌കാരത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പേര് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഭാര്യ: സുബ്ബമ്മ. മക്കള്‍: കെ.എന്‍.കൃഷ്ണ ഭട്ട് (ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, നിലവില്‍ പഞ്ചായത്ത് അംഗം), ശ്യാമള(വിട്‌ള). മരുമക്കള്‍: ഷീല, ഈശ്വരഭട്ട്.